02 July 2009

ഫത്ഹിയകനെ ഓര്‍ക്കുമ്പോള്‍ശൈഖ് ഫത്ഹിയകനെ കാണണമെന്നു പണ്ടേ ആഗ്രഹിച്ചിരുന്നതാണ്. 01-03-2003 ല്‍ നടന്ന ശാന്തപുരം അല്‍ ജാമിഅഃ അല്‍ ഇസ്ലാമിയ്യ ബിരുദാനന്തര സമ്മേളനത്തിലേക്ക് അദ്ദേഹത്തെ ക്ഷണിച്ചിരുന്നതുമാണ്. പക്ഷെ ആരോഗ്യപരമായ കാരണങ്ങളാല്‍ പങ്കെടുക്കാന്‍ സാധിച്ചില്ല. അങ്ങനെയിരിക്കെയാണ് തീര്‍ത്തും യാദൃശ്ചികമായി, 2007 നവംബറില്‍ ബഹ്റൈനില്‍ വച്ച് അദ്ദേഹത്തെ കാണാന്‍ അവസരമുണ്ടായത്. ഒരു പ്രഭാതത്തില്‍ ബഹ്റൈന്‍ ഓപ്പണ്‍ യൂനിവേഴ്സിറ്റി ഡയറക്ടര്‍ ഡോ. സമീര്‍ ഫഖ്റുവിന്റെ ഓഫീസിലേക്ക് കയറിച്ചെന്നപ്പോള്‍ മുന്നില്‍ ഫത്ഹിയകന്‍, സ്വതസിദ്ധമായ പുഞ്ചിരിയോടെ. പ്രായം എഴുപത്തിയാറുണ്ടെങ്കിലും വാര്‍ധക്യത്തിന്റെ അവശതകളൊന്നുമില്ല. അല്‍പം കഴിഞ്ഞാണ് ഭാര്യ ഡോ. മുനാ ഹദ്ദാദ് എത്തിയത്. അപ്പോഴേക്കും ഞങ്ങള്‍ ലഘുവായി പ്രഭാതഭക്ഷണം കഴിച്ചിരുന്നു. ഭാര്യ ഭക്ഷണം കഴിച്ചിട്ടില്ലെന്നറിയിച്ചപ്പോള്‍ ഫത്ഹിയകന്‍ വല്ലാതെയായി. ഞങ്ങളുടെ സാന്നിധ്യത്തില്‍ തന്നെ ഭാര്യയോടദ്ദേഹം ക്ഷമാപണം നടത്തി. 'നീ ഭക്ഷണം കഴിച്ചിട്ടുണ്ടായിരിക്കും എന്നു കരുതിയാണ് ഞാന്‍ കഴിച്ചത്. ക്ഷമിക്കണം'. പ്രസ്ഥാന ജീവിതത്തില്‍ മാത്രമല്ല, കുടുംബജീവിതത്തിലും ഉയര്‍ന്ന സ്വഭാവത്തിന്റെയുടമയാണ് താനെന്നദ്ദേഹം തെളിയിച്ചു.
സംഭാഷണത്തിലേക്ക് കടന്നപ്പോള്‍ ഇന്ത്യയിലെ പ്രസ്ഥാന വിശേഷങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ പങ്കാളിത്തം പ്രത്യേകം അന്വേഷിച്ചു. ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പാര്‍ലമെന്ററി അനുഭവങ്ങളെക്കുറിച്ച് താനെഴുതിയ മൂന്നു കൃതികള്‍ വായിക്കണമെന്നു നിര്‍ദേശിച്ചു. ജമാഅത്തെ ഇസ്ലാമിയെക്കുറിച്ച് നല്ല ധാരണയുണ്ട്. തന്റെ ഒന്നിലധികം കൃതികളില്‍ യകന്‍ ജമാഅത്തെ ഇസ്ലാമിയെ വിശദമായി പരിചയപ്പെടുത്തിയിട്ടുണ്ടല്ലോ. ഇന്ത്യ സന്ദര്‍ശിക്കാനുള്ള ക്ഷണം ഞാനാവര്‍ത്തിച്ചപ്പോള്‍ സന്തോഷപൂര്‍വം സ്വീകരിച്ചു. 'അല്‍ ജിനാന്‍' യൂനിവേഴ്സിറ്റി നടത്തുന്ന മുനാ ഫതഹി യകനും ഇന്ത്യ സന്ദര്‍ശിക്കാന്‍ അതീവ താല്‍പര്യം. ഇന്ത്യയിലെ ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനങ്ങളെ അടുത്തറിയാനും അവയുടെ അനുഭവ സമ്പത്ത് പ്രയോജനപ്പെടുത്താനും തനിക്കാഗ്രഹമുണ്ടെന്നവര്‍ പറഞ്ഞു.
പക്ഷെ ഫതഹീ യകന്റെയും സഹധര്‍മിണിയുടെയും ഇന്ത്യാസന്ദര്‍ശനം എന്ന ആഗ്രഹം സഫലമായില്ല. ഈ വര്‍ഷം വീണ്ടും ബന്ധപ്പെട്ട്, ക്ഷണിക്കണമെന്ന് വിചാരിച്ചിരിക്കെയാണ് ആകസ്മികമായി അദ്ദേഹത്തിന്റെ മരണവാര്‍ത്ത വന്നത്.

വിനയത്തിന്റെ ആള്‍രൂപം

വിനയമായിരുന്നു ഫത്ഹീയകന്റെ മുഖമുദ്ര. സ്വഭാവത്തില്‍ മാത്രമല്ല, ചിന്തയിലും ആ വിനയം പ്രതിഫലിച്ചു കാണാം. ഒരു വലിയ ദാര്‍ശനികനായിരുന്നില്ല അദ്ദേഹം. എന്നാല്‍ ലബനാനിലെ മാത്രമല്ല, ലോകഇസ്ലാമിക പ്രസ്ഥാനങ്ങളുടെ തന്നെ വിനീതനായ വഴികാട്ടിയായിരുന്നു. പാര്‍ട്ടി വിദ്യാഭ്യാസമായിരുന്നു ഇഷ്ടവിഷയം. അദ്ദേഹത്തിന്റെ മിക്ക കൃതികളുടെയും പ്രതിപാദ്യവും അതുതന്നെ. സരളമായ ശൈലിയില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ അടിസ്ഥാനങ്ങളെയും സമീപനങ്ങളെയും അദ്ദേഹം വിശകലനം ചെയ്തു. സംഘടനകളുടെ അനിവാര്യത ഊന്നിപ്പറഞ്ഞു. തീവ്രവാദത്തെ ശക്തമായെതിര്‍ത്തു. എന്നാല്‍ സംഘടനാ ഘടനയുടെയും അച്ചടക്കത്തിന്റെയും കാര്യത്തില്‍ കര്‍ശന സ്വഭാവിയായിരുന്നു. മുശ്കിലാത്തുദ്ദഅ്വഃ വദ്ദാഇയ (പ്രബോധനത്തിന്റെയും പ്രബോധകന്റെയും പ്രശ്നങ്ങള്‍) കൈഫ നദ്ഊ ഇലല്‍ ഇസ്ലാം (ഇസ്ലാമിലേക്ക് ക്ഷണിക്കേണ്ടതെങ്ങനെ?) നഹ്വ ഹറക ഇസ്ലാമിയ്യ വാഹിദ (ഏക ഇസ്ലാമിക പ്രസ്ഥാനത്തിലേക്ക്) അല്‍ മൌസൂഅത്തുല്‍ ഹറകിയ്യ (പ്രസ്ഥാന വിജ്ഞാനകോശം) അല്‍ ഇസ്ലാം: ഫിക്റഃ വ ഹറക വ ഇന്‍ഖിലാബ് (ഇസ്ലാം: ചിന്തയും പ്രസ്ഥാനവും വിപ്ളവവും) തുടങ്ങി 35 ലധികം വരുന്ന കൃതികളിലൂടെ അദ്ദേഹം, ഇസ്ലാമികാടിത്തറകളില്‍ നിന്നുകൊണ്ട് ഇസ്ലാമിക പ്രസ്ഥാനത്തെ വിശകലനം ചെയ്തു. ലോകത്തെങ്ങുമുള്ള സാധാരണക്കാരായ ഇസ്ലാമിസ്റുകള്‍ക്ക് അവ കുറച്ചൊന്നുമല്ല ഉപകരിച്ചിട്ടുള്ളത്. അവര്‍ പലപ്പോഴും ആ കൃതികളെ സ്വാന്തന സാഹിത്യമായും വഴിവിളക്കായും ആസ്വദിച്ചു. സംശയമില്ല, നെടുങ്കന്‍ ആശയങ്ങളും വരികളുമില്ലാതെ, മനസ്സില്‍ തട്ടുന്ന ചിന്തകളുടെ കൊച്ചുശകലങ്ങളായി പുറത്തുവന്ന ആ കൃതികള്‍ തന്നെയാണ് ഇസ്ലാമിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ലോകത്തെങ്ങുമുള്ള ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെ മനസ്സില്‍ ഡോ: ഫതഹീയകനെ അവിസ്മരണീയനായി പ്രതിഷ്ഠിച്ചതും.
പ്രസ്ഥാന ചിന്തയുടെ ആദ്യഘട്ടത്തെ പ്രതിനിധീകരിക്കുന്ന കൃതികളായതിനാല്‍ ഇന്നിപ്പോള്‍ പ്രസക്തമായ നവീകൃത പ്രസ്ഥാനചിന്ത ഫതഹീയകന്റെ രചകനളില്‍ കാണാതിരിക്കുക സ്വാഭാവികം. കാരണം ശൈഖ് റാശിദുല്‍ ഗനൂഷിയെപ്പോലെ, പ്രസ്ഥാന ചിന്തയില്‍ ഒരു പൊളിച്ചെഴുത്തിനെപ്പറ്റി ആലോചിക്കാവുന്ന പരുവത്തിലായിരുന്നില്ല ഫതഹീയകന്റെ പ്രാസ്ഥാനിക പരിസരവും അദ്ദേഹത്തിന്റെ കൃതികള്‍ രചിക്കപ്പെട്ട കാലഘട്ടവും. അതുകൊണ്ട് പുതിയ കാലഘട്ടത്തില്‍ വിയോജിപ്പ് അനിവാര്യമായ ചില ചിന്തകളും അവയിലുണ്ടാവാം. അമീറിന് ശൂറ നിര്‍ബന്ധമാണെങ്കിലും ശൂറയുടെ ഭൂരിപക്ഷത്തെ മാനിക്കാന്‍ അദ്ദേഹത്തിനു ബാധ്യതയില്ല എന്ന വാദം ഉദാഹരണം. മൌലാനാ മൌദൂദിക്കും ഈ വാദമുണ്ടായിരുന്നെങ്കിലും പിന്നീട് അദ്ദേഹം തിരുത്തി. പക്ഷെ ഫതഹിയകന്‍ തിരുത്തിയില്ല. കൂട്ടുനേതൃത്വം എന്ന ആധുനിക ആശയത്തെ നിശിതമായി വിമര്‍ശിച്ചത് മറ്റൊരുദാഹരണം. അതേയവസരം, പ്രസ്ഥാനം കാലാനുസൃതമായി മാറേണ്ടതിന്റെ ആവശ്യകത അവസാന കാലത്ത് നല്‍കിയ പല ഇന്റര്‍വ്യുകളിലും പുതിയ രചനകളിലും അദ്ദേഹം എടുത്തുപറഞ്ഞിരുന്നുവെന്നത് ശ്രദ്ധേയമാണ്.
വഴി പിരിഞ്ഞെങ്കിലും
1960 കളില്‍ രൂപീകൃതമായതുമുതല്‍ ലബനാനിലെ ഇസ്ലാമിക പ്രസ്ഥാനമായ അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യയുടെ അമരക്കാരനായിരുന്നു ഡോ. ഫതഹിയകന്‍. 1992 വരെ അദ്ദേഹം ആ സ്ഥാനത്തു തുടര്‍ന്നു. പാര്‍ലമെന്റംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് 'അല്‍ ജമാഅഃ'യുടെ സെക്രട്ടറി ജനറല്‍ പദവി ഒഴിഞ്ഞത്. എങ്കിലും 2005 വരെയും പ്രസ്ഥാനത്തിന്റെ നേതൃനിരയിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് 'അല്‍ ജമാഅയു'മായി ഇടയേണ്ടിവന്നു. ഇസ്രഈലുമായി പൊരുതുന്ന ഹിസ്ബുല്ലക്ക് കലവറയില്ലാത്ത പിന്തുണ നല്‍കിയിരുന്നു അല്‍ ജമാഅ. അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യയെ ഒരു സംഘടനയെന്ന നിലയില്‍ ചെറുത്തുനില്‍പ്പു പോരാട്ടത്തില്‍ ഉള്‍ക്കൊള്ളാന്‍ ശിയാ സംഘടനയായ ഹിസ്ബുല്ല വിസമ്മതിച്ചിരുന്നെങ്കിലും, സ്വയം പോരാളികളെ അയച്ച് ഹിസ്ബുല്ലയുടെ പോരാട്ടത്തില്‍ അല്‍ ജമാഅ പങ്കുവഹിച്ചു. അവരുടെ ചില പ്രവര്‍ത്തകര്‍ രക്തസാക്ഷികളാവുകയും ചെയ്തു. എന്നാല്‍, ഹിസ്ബുല്ല ലബനാനിന്റെ ആഭ്യന്തര രാഷ്ടീയത്തില്‍ സായുധമായ ഇടപെടുലകള്‍ നടത്തുന്നതും ലബനാന്‍ തലസ്ഥാന നഗരിയില്‍ ആയുധം ഉപയോഗിച്ച് ആധിപത്യത്തിനു ശ്രമിക്കുന്നതും അല്‍ ജമാഅ അംഗീകരിച്ചില്ല. ഫതഹിയകനാകട്ടെ ഹിസ്ബുല്ലയുടെ നിലപാടിനെ പിന്തുണക്കണമെന്ന അഭിപ്രായക്കാരനായിരുന്നു. പക്ഷെ അല്‍ ജമാഅയുടെ ശൂറ, യകന്റെ അഭിപ്രായത്തെ നിരാകരിച്ചു. ലബനാന്‍ ഗവണ്‍മെന്റും ഹിസ്ബുല്ലയും തമ്മിലുള്ള പ്രശ്നത്തില്‍ നിഷ്പക്ഷത പാലിക്കണമെന്നായിരുന്നു സംഘടനയുടെ അഭിപ്രായം. തുടര്‍ന്നാണ് ഡോ. ഫത്ഹീയകന്‍ 2006 ല്‍, ഇസ്ലാമിക് ആക്ഷന്‍ ഫ്രന്റ് രൂപീകരിച്ചു രംഗത്തുവന്നത്. അമേരിക്കന്‍-ഇസ്രയേല്‍ അനുകൂല ഗവണ്‍മെന്റാണ് ലബനാനിലേതെന്നതിനാല്‍ അതിനെതിരെ സായുധ പോരാട്ടവുമാവാം എന്നദ്ദേഹം വിശ്വസിച്ചു. എന്നാല്‍ വിദേശാധിനിവേശത്തിനെതിരെ ആയുധമെടുക്കുന്നതുപോലെയല്ല, ആഭ്യന്തര വിയോജിപ്പുകളില്‍ ആയുധമെടുക്കുന്നതെന്നായിരുന്നു അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യയുടെ നിലപാട്.
സംഘടന വിട്ടെങ്കിലും ഫതഹീയകന്‍ ഒരിക്കലും 'അല്‍ ജമാഅ'ക്ക് പുറത്താണെന്ന്, അല്‍ ജമാഅഃ ഭാരവാഹികളോ ഫതഹീയകന്‍ തന്നെയോ അനുഭവിക്കുകയോ അനുഭവിപ്പിക്കുകയോ ചെയ്തില്ല എന്നതാണ് ഏറെ ശ്രദ്ധേയമായത്. പൊതുവെ ലോകഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തുടര്‍ന്നുവരുന്ന നിലപാടാണത്. വിയോജിച്ചു പുറത്തു പോയവരെ, ഘടനയിലില്ലെങ്കിലും തങ്ങളുടെ കൂടെയുള്ളവരെപ്പോലെത്തന്നെ പരിഗണിക്കാന്‍ അവര്‍ ശ്രദ്ധ വയ്ക്കുന്നു. അങ്ങനെയുള്ളവര്‍ പുറത്താണെന്ന കാര്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കും. തങ്ങളുടെ ജിഹ്വകളില്‍ അവര്‍ക്ക് നല്‍കി വന്നിരുന്ന വാര്‍ത്താ പ്രാധാന്യം ഒട്ടും കുറവില്ലാതെ തുടര്‍ന്നും നല്‍കും. തങ്ങളുടെ പരിപാടികളില്‍ മുമ്പത്തെപ്പോലെത്തന്നെ പങ്കെടുപ്പിക്കും.
'അല്‍ ജമാഅ'യും ചെയ്തതു അതുതന്നെയായിരുന്നു. അതിന്റെ ഇപ്പോഴത്തെ നേതാവ് ശൈഖ് ഫൈസ്വല്‍ മൌലവി ഫതഹിയകനുമായി നിരന്തര ബന്ധം പുലര്‍ത്തി. ആശയ വിനിമയങ്ങള്‍ തുടര്‍ന്നു. സ്നേഹബന്ധങ്ങള്‍ പോറലേല്‍ക്കാതെ നിലനിര്‍ത്തി. ശൈഖ് ഫതഹീയകനും അതുതന്നെ ചെയ്തു. തന്റെ നടപടിയിലൂടെ അല്‍ ജമാഅ അല്‍ ഇസ്ലാമിയ്യയെ പിളര്‍ത്തുകയാണ് ചെയ്തത് എന്ന ആരോപണത്തിനദ്ദേഹം നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു: നഊദുബില്ലാഹ്, അല്‍ ജമാഅതുല്‍ ഇസ്ലാമിയ്യയെ ഞാന്‍ പിളര്‍ത്തുകയോ? ഞാനുണ്ടാക്കിയ സംഘടനയെ ഞാനെങ്ങനെ പിളര്‍ക്കും? ഇപ്പോഴും ഞാനതിലുണ്ട്. അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ ഞാനതിലുണ്ടായിരിക്കുകയും ചെയ്യും. കാഴ്ചപ്പാടുകളിലെ വ്യത്യാസം മാത്രമാണ് ഞങ്ങള്‍ക്കിടയിലുള്ളത്. അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യയെ അല്ലാഹു ഐക്യത്തോടെ ഇതുവരെ നിലനിര്‍ത്തിയിട്ടുണ്ട്. മറ്റു സംഘടനകള്‍ക്ക് സംഭവിച്ചതുപോലെ അതു പിളര്‍ന്നിട്ടില്ല. അല്ലാഹുവിനെ കണ്ടുമുട്ടുന്നതുവരെ ഞാനതിലെ അംഗം തന്നെയായിരിക്കും'
അങ്ങനെ, വിയോജിപ്പിലും വിനയം പുലര്‍ത്തി ശ്രദ്ധേയനായി ഫത്ഹി. അദ്ദേഹത്തിന്റെ വിയോഗത്തെ, ലോകത്തെ ഇസ്ലാമിക പ്രസ്ഥാനങ്ങളും അവയുടെ മാധ്യമങ്ങളും തങ്ങള്‍ക്കുണ്ടായ കനത്ത നഷ്ടമായാണ് വിലയിരുത്തിയതെന്നത് ആ പാരമ്പര്യത്തിന്റെ മികച്ച തെളിവായിരുന്നു.