
ഇതു പുനര്‍വിചിന്തനങ്ങളുടെ കാലം.
ഗതകാലത്തിന്റെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തലിനു വിധേയമാക്കുകയും തിരുത്തേണ്ടവയെ തിരുത്താന്‍ ആര്‍ജ്ജവം കാണിക്കുകയും ചെയ്യുന്നവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്.
അക്കൂട്ടത്തില്‍ വലിയ വലിയ പ്രസ്ഥാനങ്ങളുമുണ്ട്. ഭൌതിക പ്രസ്ഥാനങ്ങള്‍ മാത്രമല്ല, ഇസ്ലാമിക പ്രസ്ഥാനങ്ങളും. ഇന്നലെകളില്‍ ചെയ്തതു മുഴുവന്‍
വീരകൃത്യങ്ങളായിരുന്നുവെന്ന് ഇന്നവ അവകാശപ്പെടുന്നില്ല. ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്, ചെയ്യേണ്ടതുപോലെത്തന്നെയാണ് ചെയ്യുന്നത് എന്ന് തീര്‍ത്തുപറയുന്നുമില്ല. എന്തിനെപ്പറ്റിയും പുനര്‍വിചിന്തനങ്ങളാവാം എന്ന തുറന്ന മനസ്സാണവയ്ക്കുള്ളത്. പാരമ്പര്യങ്ങളെ മുറുകെ പിടിച്ച് നിര്‍വൃതിയടയുകയല്ല, ലക്ഷ്യം നേടലാണ് പ്രധാനം എന്നവ അടിവരയിടുന്നു. "ഇല്ല, ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ ആചരിച്ചുകണ്ട അതേ മാര്‍ഗമെ ഞങ്ങള്‍ പിന്തുടരൂ'' (അല്‍ ബഖറ:170). എന്നു പറഞ്ഞവസാനിപ്പിക്കാന്‍ അവയ്ക്കു താല്പര്യമില്ല. പുനര്‍വിചിന്തനം കുറ്റകൃത്യമല്ല, സദ്കൃത്യമാണ്; അധോഗതിയല്ല, പുരോഗതിയാണ്. ചിന്തയുള്ളവര്‍ക്ക് പുനര്‍വിചിന്തനങ്ങളുണ്ടാകും. പുനര്‍വിചിന്തനങ്ങള്‍ക്ക് ആര്‍ജ്ജവം കാണിക്കുന്നവര്‍ക്ക് പുരോഗതിയുണ്ടാവും. ഇസ്ലാമിക പ്രവര്‍ത്തനം വിശ്വാസിയുടെ ചുമലിലുള്ള ഒരമാനത്താണ്. 'അമാനത്ത്' ഭംഗിയായി നിര്‍വഹിക്കേണ്ട ബാധ്യത അവന്നുണ്ട്. അതില്‍ സംഭവിക്കുന്ന വീഴ്ച വഞ്ചനയായി ഗണിക്കപ്പെടും. "വിശ്വാസികളേ, അല്ലാഹുവിനെയും അവന്റെ ദൂതനെയും അറിഞ്ഞുകൊണ്ട് നിങ്ങള്‍ വഞ്ചിക്കരുത്. നിങ്ങളുടെ അമാനത്തുകളെയും വഞ്ചിക്കരുത്'' (അല്‍ അന്‍ഫാല്‍: 27). ഇസ്ലാമിന്റെ പ്രകാശം ലോകത്ത് പ്രസരിപ്പിക്കുക എന്ന വലിയ ദൌത്യം തിരിച്ചറിഞ്ഞ് ഏറ്റെടുത്തവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരുന്നുണ്ട്. ആ പ്രകാശത്തെ ഏറ്റെടുക്കാനുള്ള സന്നദ്ധതയും, പ്രതികൂല സാഹചര്യങ്ങള്‍ക്കിടയിലും, മുമ്പെന്നത്തെക്കാളും ലോകത്ത് വര്‍ദ്ധിച്ചുവരികയാണ്. എന്നാല്‍, ഈ അനുകൂല സാഹചര്യങ്ങള്‍ക്കനുസൃതമായി വലിയ തോതില്‍ ഇസ്ലാമിന്റെ പ്രചാരം ഇന്നു സാധിക്കുന്നുണ്ടോ? ഇല്ലെങ്കില്‍ അതിന്റെ കാരണം വെറും ബാഹ്യമാണോ, അതല്ല അഭ്യന്തര ന്യൂനതകള്‍ കൂടിയാണോ?, ഇസ്ലാമിക പ്രവര്‍ത്തനം എന്ന അമാനത്ത്, ഭംഗിയായി നിര്‍വഹിക്കുന്നതില്‍ ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് വീഴ്ച സംഭവിക്കുന്നുണ്ടോ? പ്രവര്ത്തകന്, പ്രവാചകന്റെ പ്രാര്‍ത്ഥന പോലെ, ഇന്നലെയെക്കാളും ഇന്നു മെച്ചപ്പെട്ടിട്ടുണ്ടോ? ഇന്നത്തെക്കാളും നാളെ മെച്ചപ്പെടാന്‍ യത്നിക്കുന്നുണ്ടോ? പുരോഗതികള്‍ ആരംഭിക്കുന്നത് ചോദ്യത്തില്‍ നിന്നാണ്. മറ്റുള്ളവരോടല്ല, സ്വന്തത്തോട് ആത്മവിമര്‍ശനത്തിന് ആര്ജ്ജവമില്ലാത്തവന് നിന്നിടത്ത് നിന്ന് കുഴിയാനയെപ്പോലെ വട്ടത്തില്‍ ചുറ്റാം, അല്ലെങ്കില്‍ മുന്നോട്ടല്ല, രണ്ടടി പിറകോട്ട് വെയ്ക്കാം. സ്വന്തത്തെ വിമര്‍ശിക്കുന്ന മനസ്സ് അല്ലാഹു സത്യം ചെയ്യാന്‍ ഉപയോഗിച്ച മനസ്സാണ്. 'അല്ല, ആക്ഷേപിക്കുന്ന ആത്മാവിനെക്കൊണ്ടും സത്യം ചെയ്യുന്നു' (ഖിയാമഃ: 2). സ്വയം വിമര്‍ശിക്കുന്നവനാണ് ബുദ്ധിമാന് എന്ന് പ്രവാചകന് പറയുന്നു. വ്യക്തികള്‍ക്ക് മാത്രമല്ല, സംഘങ്ങള്‍ക്കും സംഘടനകള്‍ക്കും ബാധകമാണിത്. സ്വയം വിമര്‍ശിക്കുന്ന മനസ്സ്.ആ വിമര്‍ശനത്തിലൂടെയാണ് സമാധാനമുള്ള മനസ്സിലേക്കുയരുന്നത്. സ്വയം വിമര്‍ശനത്തിലൂടെയാണ് അത് പുരോഗതി നേടുന്നതെന്നര്‍ത്ഥം. വ്യക്തിയില്‍ ആത്മവിമര്‍ശനം പൂരോഗതിയുണ്ടാക്കുമെങ്കില്‍ സംഘടനയിലും പുരോഗതിയുണ്ടാക്കും. എന്നിരിക്കെ എന്തുകൊണ്ട് ഇസ്ലാമിക പ്രവര്‍ത്തനത്തിനു സ്വയം വിലയിരുത്തിക്കൂടാ? വിമര്‍ശനാത്മക വിലയിരുത്തലുകളാണ് ആരോഗ്യകരമായ തിരുത്തലുകളിലേക്ക് നയിക്കുന്നത്. മാറ്റത്തിനു തയ്യാറില്ലാത്തവര്‍ക്ക് മാറ്റങ്ങളുണ്ടാക്കാന്‍ കഴിയില്ല. സ്വയം മാറാന്‍ സന്നദ്ധതയില്ലാത്തവരെ അല്ലാഹു മാറ്റുകയില്ല. "ഒരു ജനം സ്വന്തം ഗുണങ്ങളെ സ്വയം പരിവര്‍ത്തിപ്പിക്കുന്നതുവരെ അല്ലാഹു അവരുടെ അവസ്ഥയെ പരിവര്‍ത്തിപ്പിക്കുന്നില്ല'' (അര്‍റഅ്ദ്: 11)
പുതിയ ലോകം, പുതിയ സ്ട്രാറ്റജി
അഞ്ചാറു പതിറ്റാണ്ടു മുമ്പുള്ള ചിന്തകളുമായി, മറ്റാര്‍ക്കുമെന്നപോലെ ഇസ്ലാമിസ്റുകള്‍ക്കും ഇന്നു മുന്നോട്ടുപോവാനാവില്ല. അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പുള്ള സമീപനങ്ങള്‍ പോലും ഇന്നു പ്രസക്തമല്ലാതായിട്ടുണ്ടാവും.
കാലത്തിന്റെ പ്രകാശവേഗത!
കാലത്തെ ഒരു വല്ലാത്ത യാഥാര്‍ത്ഥ്യമായി പരിഗണിക്കുന്നുവെന്നത് ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ സവിശേഷതയാണ്. ഖുര്‍ആന്‍ പരിശോധിച്ചുനോക്കൂ. തൌഹീദ് എന്ന അടിസ്ഥാനത്തെ ഒഴിച്ചുനിര്‍ത്തിയാല്‍, സ്വാലിഹ് നബി പറഞ്ഞതല്ല ഹൂദ് നബി പറഞ്ഞത്. ലൂത്വ് നബി പറഞ്ഞതല്ല ഇബ്രാഹീം നബി പറഞ്ഞത്. ഈസ ചെയ്തതല്ല മൂസ ചെയ്തത്. മുഹമ്മദ് നബി മക്കയില്‍ ചെയ്തതല്ല മദീനയില്‍ ചെയ്തത്. എങ്കില്‍ മഹാരഥന്മാര് ഇരുപതുകളിലും മുപ്പതുകളിലും രൂപപ്പെടുത്തിയ ആശയ-നയ-സമീപനങ്ങള്‍ എണ്‍പതുവര്‍ഷം കഴിഞ്ഞ് 2009 ലെങ്ങനെ ഫിറ്റാകും? ഖുര്‍ആനിനും സുന്നത്തിനും മാത്രമേ ശാശ്വതികത്വമുള്ളൂ. പണ്ഡിത വചനങ്ങള്‍ക്ക് അതില്ല, അപ്രമാദിത്വവുമില്ല. കാലാതിവര്‍ത്തിയുമല്ല അവ. അവര്‍ ചിന്തിച്ചത് അവരുടെ കാലഘട്ടത്തിനുവേണ്ടിയായിരുന്നു, നമ്മുടെ കാലഘട്ടത്തിനുവേണ്ടിയായിരുന്നില്ല. അവര്‍ ഇന്നുണ്ടായിരുന്നെങ്കില്‍ അന്നു പറഞ്ഞതുപോലെയാകുമായിരുന്നില്ല പറയുക. അവരല്ല, അവര്‍ മാറ്റാനായി പറഞ്ഞ അഭിപ്രായങ്ങളെ ശാശ്വതസത്യങ്ങളായി കൊണ്ടു നടക്കുന്നവരാണ് തെറ്റുകാര്‍. ജാബിര്‍ ബുനു സൈദ് എന്ന മഹാ പണ്ഡിതന്, താന്‍ പറയുന്നതൊക്കെ എഴുതി വെക്കുന്ന അനുയായിയെ കണ്ടപ്പോള്‍ പറഞ്ഞു: ഇന്നാലില്ലാഹ്, ഞാന്‍ നാളെ മാറ്റിപ്പറയുന്ന അഭിപ്രായം നിങ്ങള്‍ എഴുതിവെക്കുകയോ? എഴുതി വെക്കുന്നവരില്‍ നിന്നു കടലാസ് വാങ്ങി കീറിക്കളഞ്ഞു മഹാനായ സഈദുബ്നുല്‍ മുസയ്യബ്. അതിനാല്‍ നമുക്കുവേണ്ടി നാം തന്നെ ചിന്തിക്കുക. അല്ലെങ്കില്‍ നന്നെ ചുരുങ്ങിയത് പൂര്‍വികരുടെ ചിന്തകളെ കാലാനുസൃതമായി നവീകരിക്കുകയെങ്കിലും ചെയ്യുക. നവീകരണമാണ് തജ്ദീദ്. അല്ലാഹുവിന്റെ ബോധനമാണ് ഇസ്ലാം. എന്നിട്ടും അത് തജ്ദീദ് അനുവദിച്ചു. തജ്ദീദിലൂടെയാണ് ഇസ്ലാം കാലാതിവര്‍ത്തിത്വം നേടുന്നത്. കാലത്തിനൊപ്പം നടക്കാനാണ് അത് തജ്ദീദനുവദിച്ചത്. പുതിയ കാലഘട്ടങ്ങളുടെ സമസ്യകള്‍ക്കുത്തരം കണ്ടെത്താന്‍ ഇജ്തിഹാദും അനുവദിച്ചു. സാധാരണ ഗതിയില്‍ തെറ്റിനു പ്രതിഫലമില്ല. എന്നാല്‍ ഇജ്തിഹാദ് തെറ്റിയാലും പ്രതിഫലമുണ്ട്, ഒരു പ്രതിഫലം (ശരിയായാല്‍ രണ്ടു പ്രതിഫലം). ആ പ്രക്രിയക്കുള്ള സന്നദ്ധതയെയാണ് സല്കര്മമായി ഗണിച്ചത്. പണ്ടുള്ളവരുണ്ടാക്കിയ ചട്ടക്കൂടില്‍ നിന്ന് പുറത്തിറക്കി ഇജ്തിഹാദിലൂടെയും തജ്ദീദിലൂടെയും ഇസ്ലാമിനെ പുതിയ കാലത്തിനൊപ്പം നടത്താന്‍ പ്രാപ്തമാക്കേണ്ടത് ഇസ്ലാമിസ്റുകളാണ്. പാരമ്പര്യവാദത്തെ കരുതിയിരിക്കുക. തറവാടിന്റെ മഹാത്മ്യം പറഞ്ഞ് അതിന്റെ ജീര്‍ണതയെ തൊടാനനുവദിക്കാത്തവര്‍ ചാരുകസേരയിലിരുന്ന് സായൂജ്യമടയുമ്പോള്‍ രംഗത്തുവരേണ്ടതാണ് പരിഷ്കരണവാദം . പുതിയ ലോകത്തേക്ക് പുതിയ സ്ട്രാറ്റജി രൂപീകരിക്കുക. തഖ്ലീദ് (അനുകരണം) ഒഴിവാക്കി തജ്ദീദിനെയും ഇജ്തിഹാദിനെയും ഉയര്‍ത്തിപ്പിടിക്കുക. ഫിഖ്ഹില് തഖ്ലീദിനെ എതിര്‍ക്കുന്നവര്‍ക്ക് ഇസ്ലാമിക പ്രവര്‍ത്തന മേഖലയില്‍ അതനുവദിക്കാനാവില്ല. "ഇവ്വിധം ഏതു നാട്ടിലേക്ക് നാം മുന്നറിയിപ്പുകാരനെ അയച്ചപ്പോഴും അവിടത്തെ സുഖലോലുപന്മാര് ഇതുതന്നെ പറഞ്ഞിട്ടുണ്ട്. ഞങ്ങള്‍ സ്വന്തം പൂര്‍വ്വികരെ ഒരു മര്‍ഗത്തില്‍ കണ്ടിരിക്കുന്നു. അവരുടെ പാരമ്പര്യം തുടരുകയാകുന്നു ഞങ്ങള്‍'' (അസ്സുഖ്റുഫ്: 23). തെളിക്കപ്പെടുന്ന മൃഗവും അനുകരിക്കുന്ന മനുഷ്യനും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നു അബ്ദുല്ലാഹിബ്നുല്‍ മുഅ്തസ്സ് പറഞ്ഞിട്ടുണ്ട്.
ഇന്റലക്ച്വല്‍ ആക്റ്റിവിസം
മനുഷ്യനിലെ മസ്തിഷ്കത്തിന്റെ പ്രാധാന്യം കുറയുകയും അവയവങ്ങളുടെ പ്രാധാന്യം വര്‍ദ്ധിക്കുകയും ചെയ്തതാണ് പുതിയ കാലഘട്ടത്തിലെ ഇസ്ലാമിക പ്രവര്‍ത്തനം നേരിടുന്നൊരു പ്രശ്നം. മസ്തിഷ്കത്തെ മാറ്റിവെക്കുകയും അറുപതുകളിലെയും എഴുപതുകളിലെയും ചട്ടക്കൂടുകളില്‍ അത് നെട്ടോട്ടം നടത്തുകയും ചെയ്യുന്നു. മനുഷ്യന് എന്ന ഏറ്റവും അമൂല്യമായ വിഭവം ഇന്നേറ്റവും പ്രവര്‍ത്തനരഹിതമായിക്കിടക്കുന്നത് ഒരുപക്ഷേ ഇസ്ലാമിക പ്രവര്‍ത്തനമേഖലയിലായിരിക്കും. മുസ്ലിം സമൂഹം ലോകത്തെ ഏറ്റവും ബുദ്ധിയുള്ള സമൂഹമാണ്. (മറിച്ചുള്ള വര്‍ത്തമാനം ശത്രുക്കളുടെ ബോധപൂര്‍വ്വമായ പ്രചരണം മാത്രം) അവരില്‍തന്നെ ഏറ്റവും ബുദ്ധിയുള്ളവര്‍ ഇസ്ലാമിസ്റുകളാണ്. പക്ഷെ, ആ ഇസ്ലാമിസ്റുകളുടെ ശാരീരികാധ്വാനം ഉപയോഗപ്പെടുത്തപ്പെടുന്നതുപോലെ ബൌദ്ധികശേഷി ഉപയോഗപ്പെടുത്തപ്പെടുന്നില്ല. ഫീല്‍ഡ് ആക്ടിവിസത്തിലുള്ള താല്പര്യം ഇന്റലക്ച്വല്‍ ആക്റ്റിവിസത്തില്‍ അവര്‍ക്കില്ല. ആള്‍ക്കൂട്ടങ്ങളല്ല, തത്വജ്ഞാനികളാണ് വിപ്ളവങ്ങള്‍ സൃഷ്ടിക്കുന്നത് എന്നത് വിസ്മരിക്കപ്പെടുന്നു. ചിന്ത മുഴുവന്‍ നേതാക്കളെ ഏല്പിക്കുന്ന അനുയായികളും അനുയായികള്‍ക്കുവേണ്ടി തങ്ങള്‍ ചിന്തിച്ചുകൊള്ളാമെന്നേല്‍ക്കുന്ന നേതാക്കളും ചേര്‍ന്നതാണ് ഒരു പ്രസ്ഥാനമെങ്കില്‍ ആ പ്രസ്ഥാനം ജഡമായി. നിങ്ങള്‍ക്കുവേണ്ടി ഞാന്‍ ചിന്തിച്ചുകൊള്ളാം എന്ന് പറയുന്നത് ഫറോവിസമാണ്. "ഫറോവാന് പറഞ്ഞു: എനിക്കുചിതമെന്നു തോന്നിയ അഭിപ്രയാമാണ് ഞാന്‍ നിങ്ങളോട് പറയുന്നത്. നേര്‍വഴിക്കു തന്നെയാണ് ഞാന്‍ നിങ്ങളെ നയിക്കുന്നതും'' (ഗാഫിര്: 29). ഓരോ പ്രവര്‍ത്തകനും പ്രവര്‍ത്തനത്തിന്റെ സ്ട്രാറ്റജിയെപ്പറ്റി ചിന്തിക്കണം. പ്രവാചകനു വഹ്യുണ്ടായിരുന്നിട്ടുപോലും അനുയായികളെ അദ്ദേഹം ചിന്തിപ്പിച്ചു. സ്ട്രാറ്റജി നിര്‍ണ്ണയത്തില്‍ പങ്കെടുപ്പിച്ചു. ബദറില്‍ സൈന്യം തമ്പടിച്ച സ്ഥലം നിര്ണ്ണയിച്ചപ്പോള് പ്രവാചകനെ ഖബ്ബാബുനുല്‍ മുന്ദിര് തിരുത്തി. ഖന്തഖ് യുദ്ധത്തില്‍ കിടങ്ങ് കുഴിച്ച് പ്രതിരോധിക്കുക എന്ന ആശയം അവതരിപ്പിച്ചത് സല്‍മാനുല്‍ ഫാരിസിയായിരുന്നു. അറബികള്‍ക്ക് പരിചിതമല്ലാത്ത തീര്‍ത്തും നൂതനമായ ആശയമായിരുന്നു സല്‍മാന്റേത്. അനുയായികള്‍ സ്വയം ചിന്തിച്ച് നൂതനരീതികള്‍ ആവിഷ്കരിക്കുന്നതിന്റെ തെളിവാണിത്. കല്പനക്ക് കാത്തിരിക്കുന്നതിനുപകരം ഓരോരുത്തരും കരുനീക്കങ്ങള്‍ ആസൂത്രണം ചെയ്തപ്പോഴാണ് ഇസ്ലാമിക വിപ്ളവം ശത്രുക്കള്‍ക്ക് അതിജയിക്കാനാകാത്ത പ്രക്രിയയായിത്തീര്‍ന്നത്.
ന്യായപൂര്‍ത്തീകരണമല്ല
ഇസ്ലാമിക പ്രവര്‍ത്തനം ന്യായപൂര്‍ത്തീകരണ (ഇത്മാമുല്‍ ഹുജ്ജമ)ല്ല. റിസള്‍ട്ടെന്തായാലും താന്‍ അധ്വാനിക്കുകയും ത്യാഗമനുഷ്ടിക്കുകയും ചെയ്തുവെന്ന സായൂജ്യമല്ല പ്രധാനം. ഇസ്ലാം വിജയിച്ചില്ലെങ്കിലും താന്‍ വിജയിച്ചുവെന്ന് സംതൃപ്തിയടഞ്ഞതുകൊണ്ടായില്ല. വ്യക്തിപരമായി പരലോകത്ത് സ്വര്‍ഗ്ഗമാണ് ലക്ഷ്യം എന്നത് ശരി. ഓരോരുത്തരും പരലോകത്ത് വിജയിച്ചാല്‍ മാത്രം പോരാ. ഇഹലോകത്ത് അവരുടെ ഇസ്ലാമും വിജയിക്കണം. വ്യക്തികള്‍ക്ക് പാരത്രിക വിജയം. ഇസ്ലാമിന്ന് ഐഹിക വിജയം. അതിനാല്‍ ഈ ലോകത്ത് ആദര്‍ശത്തിന്റെ വിജയവും ലക്ഷ്യമായേപറ്റൂ. തന്റെ ജീവിതകാലത്തു തന്നെ അത് നേടിയെടുക്കണം എന്ന ലക്ഷ്യത്തോടെയാവണം പ്രവര്‍ത്തനം. അതിന്നനുസൃതമായി വേണം സട്രാറ്റജി നിര്‍ണ്ണയിക്കാന്‍ തുടര്‍ന്ന് മാത്രമേ 'തവക്കുല്‍' ചെയ്യാവൂ. അതാണ് പ്രവാചകന്റെയും സ്വഹാബത്തിന്റെയും മാതൃക. ഏറ്റവും കുറഞ്ഞ കാലം കൊണ്ട് ഏറ്റവും കൂടുതല്‍ റിസള്‍ട്ടുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ചെയ്യേണ്ടത്. നല്ല പ്രവര്‍ത്തനമല്ല, ഏറ്റവും നല്ല പ്രവര്‍ത്തനമാണ് അല്ലാഹു ആവശ്യപ്പെടുന്നത്. "ജനിമൃതികളുണ്ടാക്കിയവന്‍-നിങ്ങളില്‍ ആരാണ് ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്നതെന്ന് പരീക്ഷിക്കാന്‍. അവന് അജയ്യനാകുന്നു. ഏറെ മാപ്പരുളുന്നവനുമാകുന്നു'' (അല്‍ മുല്‍ക്: 2). പ്രവര്‍ത്തനം ഏറ്റവും സൂക്ഷ്മമായും ഭംഗിയായും ചെയ്യുന്നതിനെയാണ് ഇഹ്സാന്‍ എന്ന് പറയുന്നത്. ഇസ്ലാമിനോടൊപ്പം തന്നെ ജിബ്രീല്‍ റസൂലിനെ പഠിപ്പിച്ച ആശയമാണ് ഇഹ്സാന്‍. ഇഹ്സാനുണ്ടാകുമ്പോഴാണ് പ്രവര്‍ത്തനം ഏറ്റവും ഫലപ്രദമാകുന്നത്. ലോകത്ത് ഏതാണ്ട് 13.5 മില്യന്‍ മാത്രം ജനസംഖ്യയുള്ള ജൂതന്മാര് ശൂന്യതയില്‍ നിന്ന് വെറും അമ്പത് വര്‍ഷം കൊണ്ട് എങ്ങനെയാണ് ഒരു രാഷ്ട്രമുണ്ടാക്കിയെടുത്തത്? ഇന്ന് ലോകത്തെ മുഴുവന്‍ സ്വാധീനിക്കുന്ന ശക്തിയായിത്തീര്‍ന്നത്? ലോകശക്തികളെ വിരല്‍തുമ്പില്‍ നിര്‍ത്താന്‍ ത്രാണിനേടിയത്? കുതന്ത്രങ്ങളിലൂടെ എന്ന മറുപടി ലളിതവല്‍ക്കരണമായിരിക്കും. യാഥാര്‍ത്ഥത്തില്‍ ആ അത്ഭുതങ്ങളുടെ കാരണം സ്ട്രാറ്റജി നിര്‍ണ്ണയത്തിലെ മിടുക്കാണ്. ഇന്ന് 1200 മില്യന്‍ വരുന്ന മുസ്ലിം സമൂഹത്തിന് ആ സ്വാധീനത്തിന്റെ നൂറിലൊരംശമില്ല. എന്നാല്‍ ഇതേ ഇസ്ലാമിക സമൂഹം ഏഴാം നൂറ്റാണ്ട് മുതല്‍ പന്ത്രണ്ടാം നൂറ്റാണ്ടുവരെ ലോകത്തെ സമര്‍ത്ഥമായി നയിച്ചിട്ടുണ്ട്. അതിന്റെ കാരണവും സ്ട്രാറ്റജി തന്നെ.
നേതൃയോഗ്യത
ഏതൊരു കൂട്ടായ്മയുടെയും ഗതി നിര്‍ണ്ണിയിക്കുന്നതും ജയപരാജയങ്ങള്‍ തീരുമാനിക്കുന്നതും ആരാണ്? സംശയമില്ല, നേതൃത്വം. യോഗ്യതയുള്ളൊരു നേതൃത്വത്തിന്റെ പിന്നില്‍ അനുയായികള്‍ അണിനിരക്കുമ്പോഴാണ് അത്ഭുതങ്ങള്‍ സംഭവിക്കുന്നത്. ഈ യാഥാര്‍ത്ഥ്യം ഏറ്റവുമധികം തിരിച്ചറിഞ്ഞ നേതാവായിരുന്നു പ്രവാചകന് (സ). അതുകൊണ്ട്, പ്രബോധനപ്രവര്‍ത്തനം ആരംഭിച്ച ആദ്യവര്‍ഷം തന്നെ അവിടുന്ന് ദാറുല്‍ അര്ഖമില് തന്റെ അനുയായികളെ പരിശീലിപ്പിച്ചു തുടങ്ങി. ദാറുല്‍ അര്ഖമില് റസൂല്‍(സ) പരിശീലിപ്പിച്ചെടുത്ത മനുഷ്യവിഭവങ്ങളാണ് അവിടന്നങ്ങോട്ടുള്ള ഇസ്ലാമിക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. ഹിജ്റയിലും ബദ്റിലും ഉഹ്ദിലും മക്കാവിജയത്തിലും, പ്രവാചകന്റെ വിയോഗശേഷം ഖിലാഫത്തിലും അവര്‍ മുന്‍നിരയില്‍ നിന്നു. ലക്ഷക്കണക്കിനു സ്വഹാബിമാരില്‍ നിങ്ങള്‍ക്ക് എത്രപേരുടെ പേരറിയാം? വളരെ കുറച്ചേ ചരിത്രത്തില്‍ പേര് കുറിക്കപ്പെട്ടിട്ടുള്ളു. അവര്‍ നിസ്തുലമായ നേതൃശേഷിയുള്ള നായകന്മാരായിരുന്നു. അവര്‍ മുമ്പില്‍നിന്നു നയിച്ചപ്പോള്‍ ജനക്കൂട്ടം ആത്മവിശ്വാസത്തോടെ പിന്നില്‍ നില്ക്കാന് തയ്യാറായി. പൊതുജനം എപ്പോഴും അങ്ങിനെയാണ്. അവര്‍ക്കെല്ലാവര്‍ക്കും ദിശാബോധമുണ്ടായിക്കൊള്ളണമെന്നില്ല. മുന്നില്‍ നില്ക്കുന്നവര് യോഗ്യരാണെന്നു കാണുമ്പോള്‍ ദിശനിര്‍ണ്ണയം പൊതുജനം അവരെ ഏല്പിക്കുകയാണ്. ആട്ടിടയന്മാരെ നേതാക്കളാക്കി മാറ്റിയെടുത്ത് അവരെ മുന്നില്‍ നിര്‍ത്തി, പ്രവാചകന് നടത്തിയ വിപ്ളവം വിജയിച്ചത് അങ്ങിനെയാണ്. അതിനാല്‍, യോഗ്യരായ നേതൃത്വത്തെ വളര്‍ത്തിയെടുക്കുന്നതില്‍ ഒരു കൂട്ടായ്മ വിജയിക്കുന്നതിനെ ആസ്പദിച്ചാണ് ആ കൂട്ടായ്മയുടെ വിജയം നിലകൊള്ളുന്നത്. നേതൃഗുണം വെറും പ്രകൃതിയും ജന്മലഭ്യവുമല്ല. ആര്‍ജ്ജിക്കേണ്ടതു കൂടിയാണ്. അതാര്‍ജ്ജിച്ചെടുക്കാനുള്ള ശാസ്ത്രീയമായ സംവിധാനങ്ങള്‍ കാണണം. നേതൃപരിശീലന സംവിധാനങ്ങളിലൂടെ നിലവിലുള്ള നേതൃത്വത്തെ യോഗ്യമാക്കാനും പുതിയ നേതൃത്വത്തെ വളര്‍ത്തിക്കൊണ്ടുവരാനും യത്നിക്കണം. നേതൃത്തിനുണ്ടാവേണ്ട ഏറ്റവും വലിയ യോഗ്യത വിഷ്വന്‍ ആണ്. തന്റെ കീഴിലുള്ള ആള്‍ക്കൂട്ടത്തെ എങ്ങോട്ട് നയിക്കണമെന്നും ഭാവിയില്‍ എന്ത് സംഭവിക്കണമെന്നുമുള്ള കൃത്യമായ കാഴ്ചപ്പാട്. കൂടിയാലോചനകളിലൂടെ കാഴ്ചപ്പാടുകള്‍ രൂപപ്പെടുത്തുകയും തദനുസാരം സംഘത്തിന് നായകത്വം നല്‍കുകയും ചെയ്യുന്ന നേതാവുണ്ടാകുമ്പോഴേ സംഘടന വിജയിക്കൂ. സ്വയം നെട്ടോട്ടം നടത്തുന്നതിലല്ല, അനുയായികളെ ആവേശപൂര്‍വ്വം ലക്ഷ്യത്തിലേക്ക് മുന്നോട്ട് നടത്തുന്നതിലാണ് നേതാവ് കഴിവ് കാണിക്കേണ്ടത്. സ്വയം ചലിക്കുന്നതല്ല, അനുയായികളെ ചലിപ്പിക്കുന്നതാണ് മിടുക്ക്. അനുയായികളുടെ കഴിവറിഞ്ഞ് അവരെ മര്മ്മസ്ഥാനങ്ങളില് വ്യന്യസിക്കുന്നതിനനുസരിച്ചായിരിക്കും സംഘടനയുടെ വിജയം. കേന്ദ്രീകരണമല്ല, വികേന്ദ്രീകരണമാണ് നേതാവ് നടത്തേണ്ടത്. അനുയായിയെ വിശ്വാസത്തിലെടുക്കുകയും ചുമതലകളേല്പിച്ച് സ്വാതന്ത്യ്രം കൊടുക്കുകയും വേണം. അനുയായികയുടെ കഴിവിനെ എപ്പോഴും സംശയിക്കുന്ന നേതാവിന്റെ സംഘടനയില്‍ പുതിയ നേതാക്കളുണ്ടാവില്ല.
നേതൃ-നീത ബന്ധം
ഇസ്ലാമിക പ്രസ്ഥാനത്തിന്റെ നേതൃ-നീത ബന്ധം, ഉടമ-അടിമ ബന്ധമല്ല. ഫ്യൂഡലിസത്തിന്റെ കാലം കഴിഞ്ഞു. കൂട്ടനേതൃത്തിന്റെയും പങ്കാളിത്തത്തിന്റെയും കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാല്‍ ഏകപക്ഷീയമായ കല്പനകള് കൊടുക്കുകയല്ല, അനുയായിയെ കേള്‍ക്കുകയും അവനോടൊന്നിച്ച് തീരുമാനിക്കുകയും, തീരുമാനം നേതാവും നീതനും ഒരുമിച്ചു നടപ്പില്‍വരുത്തുകയും ചെയ്യുന്നതാണ് ആരോഗ്യകരമായ പ്രവര്‍ത്തനരീതി. അച്ചടക്കവും അനുസരണവും അനുയായിയെ പഠിപ്പിക്കണം. പക്ഷെ, അച്ചടക്കത്തിന്റെയും അനുസരണയുടെയും പേരില്‍ ചിന്താ സ്വാതന്ത്യ്രം നിഷേധിക്കാവതല്ല. സ്വാതന്ത്യ്രമില്ലാത്തവന് സംഭാവനകളര്‍പ്പിക്കാനാവില്ല. സ്വാതതന്ത്യ്രമില്ലെന്ന് തോന്നിയാല്‍ ബുദ്ധിയുള്ള അനുയായി ഉള്‍വലിയും. വിഡ്ഢിയായ അനുയായി, നേതാവിന് തലയാട്ടിക്കൊണ്ടിരിക്കും. ആ തലയാട്ടലിനെ അച്ചടക്കമായി അനുഭവിച്ച് സായൂജ്യമടയുന്ന നേതാവ് സംഘടനയെ നശിപ്പിക്കും. ഏകശിലാ ചിന്തയല്ല, ചിന്താവൈവിധ്യങ്ങളെ മാറ്റുരച്ച് രൂപപ്പെട്ടുവരുന്ന കടഞ്ഞെടുത്ത ചിന്തയാണ് നമുക്കാവശ്യം. നേതാക്കളെക്കുറിച്ച് പരദൂഷണം പറയുന്ന അനുയായികളല്ല, അവരുടെ മുഖത്തുനോക്കി നിരൂപണം നടത്തുന്ന അനുയായികളാണ് നല്ല നേതാക്കളെ സൃഷ്ടിക്കുന്നത്. ഖലീഫ ഉമറിനെ ചോദ്യം ചെയ്ത അനുയായികളുടെ ചരിത്രം അനുസ്മരിക്കാന്‍ മാത്രമുള്ളതല്ല. നല്ല നേതാക്കളെ സൃഷ്ടിക്കുന്നത് ഇത്തരം നിരൂപണ ശേഷിയുള്ള അനുയായികളാണ്. അതുപോലെ, തന്റെ ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയവനെ അല്ലാഹു അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ച, തന്നെ വിമര്‍ശിച്ച അലി(റ) വിനെപ്പറ്റി 'അലിയില്ലായിരുന്നുവെങ്കില്‍ ഉമര്‍ നശിച്ചതുതന്നെ' എന്നുപറഞ്ഞ ഉമര്‍ (റ)വിന്റെ വിശാലതയും നേതൃത്വം പാഠമാക്കേണ്ടതാണ്. സ്വോഛാധിപത്യത്തെ ഇത്രയധികം വെറുത്ത ഒരു പ്രതൃയശാസ്ത്രം ഇസ്ലാമിനെപ്പോലെ വേറെയില്ല. ദൈവിക ബോധന(വഹ്യ്)ങ്ങളുണ്ടായിരുന്നിട്ടുപോലും, അനുയായികളോട് ഏറ്റവുമധികം കൂടിയാലോചിച്ചിരുന്ന നായകനായിരുന്നൂ നബിയെന്ന് അബൂഹുറൈറ (റ). അനുയായികളുടെ അഭിപ്രായം തന്റെ അഭിപ്രായത്തിനെതിരാകുമ്പോള്‍ അവിടുന്ന് അനുയായികളുടെ അഭിപ്രായങ്ങളെ ഏറ്റെടുത്ത് പ്രവര്‍ത്തിച്ചു. ഉഹ്ദ് യുദ്ധവേളയില്‍ മദീനയ്ക്ക് പുറത്തുപോകരുതെന്നായിരുന്നു നബിയുടെ ആഗ്രഹം. പക്ഷെ, അനുയായികള്‍ ഭൂരിഭാഗവും മറിച്ചു പറഞ്ഞപ്പോള്‍ അവിടുന്ന് അതാണ് സ്വീകരിച്ചത്. ഉഹ്ദില്‍ പരാജയപ്പെട്ടപ്പോള്‍, ഉഹ്ദിലേക്ക് വന്നതാണ്, മലയുടെ മുകളില്‍ അമ്പെയ്ത്തുകാരെ നിര്‍ത്തുവാനും അവര്‍ ഇറങ്ങിപ്പോരുന്നതിനും ശത്രുക്കള്‍ അതുവഴി ആക്രമണം നടത്തുന്നതിനുമൊക്കെ കാരണമായത്, തദടിസ്ഥാനത്തില്‍ ആ ശൂറയുടെ അഭിപ്രായം സ്വീകരിച്ചത് അബദ്ധമായിരുന്നുവെന്ന് അവിടുന്ന് മനസ്സില്‍ പോലും വിചാരിച്ചിട്ടില്ല. കൂടിയാലോചനയിലൂടെ എടുത്ത ഒരു തീരുമാനം നന്മയിലേക്ക് നയിക്കും എന്നതാണ് അവിടുന്ന് പഠിപ്പിച്ച അടിസ്ഥാനം. ഉഹ്ദ്യുദ്ധശേഷമിറങ്ങിയ വചനങ്ങളിലാവട്ടെ "താങ്കള്‍ കാര്യങ്ങള്‍ അവരുമായി കൂടിയാലോചിക്കുക'' (ആലുഇംറാന്: 159) എന്ന് ഖുര്‍ആന്‍ ആജ്ഞാപിക്കുകയും ചെയ്തു. ഉഹ്ദിലേക്ക് പോകുന്നത് പരാജയമുണ്ടാകാന്‍ കാരണമാകും എന്ന് സംശയമുണ്ടായിട്ടും നിബ(സ) അങ്ങോട്ട് പുറപ്പെട്ടത് ഭൂരിപക്ഷാഭിപ്രായം പരിഗണിച്ചായിരുന്നു. യുദ്ധത്തില്‍ തോറ്റാല്‍പോലും ശൂറ എന്ന ഇസ്ലാമികാടിസ്ഥാനത്തെ നിരാകരിക്കരുത് എന്ന നിര്‍ബന്ധ ബുദ്ധിയായിരുന്നു പ്രവാചകനെന്ന് ശഹീദ് സയ്യിദ് ഖുത്വുബ്. കൂടിയാലോചന ഒരലങ്കാരമല്ല, അനിവാര്യതയാണ്. താഴെ തട്ടു മുതല്‍ മേലെ തട്ടുവരെ നിര്‍ബന്ധമായും പാലിക്കേണ്ട സംസ്കാരം.
സംഘടനാ പക്ഷപാതിത്വം
ഇസ്ലാമിനുവേണ്ടി നിലകൊള്ളുന്ന കൂട്ടായ്മ നിലനില്‍ക്കേണ്ടത് ഇസ്ലാമിന്റെ തന്നെ താല്പര്യമാണ് എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷെ, ആ വികാരം ഒരിക്കലും സംഘടനാ പക്ഷപാതിത്വമായി രൂപാന്തരപ്പെടരുത്. ഇസ്ലാമിനുവേണ്ടിയാണ് സംഘടനയെ സ്വീകരിച്ചിട്ടുള്ളത്, മറിച്ചല്ല. ഇസ്ലാമിന്റെ താല്പര്യവും സംഘടനയുടെ താല്പര്യവും എപ്പോഴെങ്കിലും ഇടഞ്ഞുപോയാല്‍ സത്യവിശ്വാസിക്ക് മുഖ്യം ഇസ്ലാമിന്റെ താല്പര്യം തന്നെയായിരിക്കും. കാരണം സംഘടന, ലക്ഷ്യമല്ല മാര്‍ഗ്ഗം മാത്രമാണ്. ഇസ്ലാം എന്ന ലക്ഷ്യത്തെ നിര്‍വ്വഹിക്കാനുള്ള മാര്‍ഗ്ഗം. അതൊരിക്കലും ഒരു വിഗ്രഹമായിക്കൂടാ. സംഘടനാചട്ടക്കൂടുകളെ സംരക്ഷിക്കുവാനുള്ള വ്യഗ്രതയില്‍ ഇസ്ലാമിന്റെ താല്പര്യങ്ങള് ഹനിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തണം. സംഘടനാ ചട്ടക്കൂടുകളെ വിഗ്രഹങ്ങളായി കാണരുതെന്ന് ശൈഖ് യൂസുഫുല്‍ ഖറദാവിയെപ്പോലുള്ളവര്‍ എപ്പോഴും ഇസ്ലാമിക പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിക്കാറുണ്ട്. ഇസ്ലാമിക പ്രസ്ഥാനം എന്നത് മുമ്പ് ഒരു പ്രത്യേക സംഘടനയെ സൂചിപ്പിക്കുന്നതിനുപയോഗിക്കുന്ന സംജ്ഞയായിരുന്നു. എന്നാല്‍ ഇസ്ലാമിക പ്രസ്ഥാനം ഇസ്ലാമിനെ മനസ്സിലാക്കിയതുപോലെ മനസ്സിലാക്കുകയും അതിന്റെ വിജയത്തെ സ്വപ്നം കാണുകയും ചെയ്യുന്ന വലിയൊരുവിഭാഗം ജനങ്ങളുണ്ട് ഇന്ന് സമുദായത്തില്‍. അവര്‍ കൂടി ഉള്‍പ്പെട്ട ആള്‍ക്കൂട്ടത്തെയാണ് ഇന്ന് ഇസ്ലാമിക പ്രസ്ഥാനം എന്ന് വിശേഷിപ്പിക്കുന്നത്. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളുടെ റിസള്‍ട്ടാണവര്‍. എന്നാല്‍ പ്രസ്ഥാന ഘടനയില്‍ വരാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ല. പ്രസ്ഥാനത്തോടുള്ള മതിപ്പോ, തങ്ങളെക്കുറിച്ചുള്ള അപകര്‍ഷതാ ബോധമോ, പ്രസ്ഥാനത്തിന്റെ ചില സമീപനങ്ങളോടുള്ള വിയോജിപ്പോ ആവാം കാരണം. മറ്റു മുസ്ലിം ഗ്രൂപ്പുകളുടെയും നന്മകളെ അംഗീകരിക്കുന്ന മനസ്സായിരിക്കും അവരുടേത്. ഇത്തരം ജനങ്ങളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. അവരാണ് ലോകത്ത് ഇന്ന് ഇസ്ലാമിന്റെ ശക്തി. അവരെ ഉള്‍ക്കൊള്ളാനും സഹകരിപ്പിക്കാനും സാധിക്കുമ്പോഴാണ് ഇസ്ലാമിക പ്രസ്ഥാനം വിജയിക്കുന്നത്. സംഘടനാ ഘടനയിലില്ലാത്തത് അവരുടെ പോരായ്മയായി കാണരുത്. ശത്രുക്കളെപ്പോലും തങ്ങളുടെ ലക്ഷ്യത്തിനുവേണ്ടി ഉപയോഗപ്പെടുത്തേണ്ട ഇസ്ലാമിക പ്രവര്‍ത്തകര്‍ക്ക് ഈ വലിയ വിഭാഗത്തെ പ്രയോജനപ്പെടുത്തുവാന്‍ സംഘടനാ സംജ്ഞകള്‍ തടസ്സമാകരുത്. തങ്ങള്‍ ചെറിയൊരു ഗ്രൂപ്പ് വിചാരിച്ചാല്‍ വിജയിപ്പിക്കാനാവുന്ന ചെറിയ ദൌത്യമല്ല, മറിച്ച് മുസ്ലിം സമൂഹം മുഴുവന്‍ ഒന്നിച്ചുനിന്നാല്‍ പോലും വിജിയിപ്പിച്ചെടുക്കാന്‍ സാഹസപ്പെടേണ്ട മഹാദൌത്യമാണ് തങ്ങളുടേതെന്ന തിരിച്ചറിവ് വേണം അവര്‍ക്ക്. അതുകൊണ്ട് പ്രസ്ഥാനഘടനയിലില്ലാത്ത, ഇസ്ലാമിനെ സ്നേഹിക്കുന്ന മുഴുവന്‍ ജനങ്ങളെയും അവ ഉള്‍ക്കൊണ്ടേ പറ്റൂ. മാത്രമല്ല ഇതര മുസ്ലിം ഗ്രൂപ്പുകള്‍ ചെയ്യുന്ന നന്മകളെ, അവയുടെ ഗുണഭോക്താവ് ഇസ്ലാമാവുമ്പോള്‍, യാഥാര്‍ത്ഥത്തില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകമായാണ് അവയെ കാണേണ്ടത്. ഇമാം ഹസനുല്‍ ബന്ന പറയാറുണ്ടായിരുന്നു, ഇന്ന് ഭിന്നിച്ചുനില്ക്കുന്ന മുസ്ലിം ഗ്രൂപ്പുകളൊക്കെയും മുഹമ്മദീയ സൈന്യത്തില്‍ ഒന്നിച്ചണിനിരക്കുന്ന ഒരു കാലഘട്ടം വരാനിരിക്കുന്നുണ്ട് എന്ന്. ഇസ്ലാമിന്റെ വിജയം പ്രവചിച്ചിട്ടുണ്ടല്ലോ പ്രവാചന്(സ). ആ വിജയത്തിന്റെ സ്വാഭാവികമായ മുന്നോടിയാണ് മുസ്ലിം ഐക്യം. ഇതര മുസ്ലിം ഗ്രൂപ്പുകളോടുള്ള നിലപാട് രൂപപ്പെടുത്തുമ്പോള്‍ ഈ യാഥാര്‍ത്ഥ്യബോധം ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കില്ലാതിരുന്നുകൂടാ. ഇതുവരെ കുറിച്ചത് വലിയൊരു ചര്‍ച്ചയുടെ ലളിതമായ ആമുഖം മാത്രം. പുതിയ ലോകത്തെ പുതിയ സ്ട്രാറ്റജിക്കുവേണ്ടി നിര്‍ബന്ധമായും നടത്തേണ്ട വിചന്തനങ്ങളും പുനര്‍വിചിന്തനങ്ങളും ഇനിയങ്ങോട്ട് ഇസ്ലാമിക പ്രവര്ത്തനകരുടെ സജീവ വിഷയമാകേണ്ടതായി വരും. ലോകത്ത് ഇസ്ലാമിസ്റുകള്‍ക്കിടയില്‍ വലിയൊരു സംസാരവിഷയമായി അത് മാറിക്കഴിഞ്ഞിരിക്കുന്നു. തീര്‍ച്ചയായും ഇസ്ലാമിന്റെ ഭാവിയെ സംബന്ധിച്ചിടത്തോളം ശുഭലക്ഷണമാണത്.