10 June 2009

ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പുതിയ സാഹചര്യത്തില്‍.


സ്ലാം കാലാതിവര്‍ത്തിയാണെങ്കിലും ഇസ്ലാമിക പ്രസ്ഥാനം അങ്ങനെയല്ല. കാരണം 'വഹ്യി'ന്റെ അടിസ്ഥാനത്തിലുണ്ടായതല്ല, മനുഷ്യരുണ്ടാക്കിയ പ്രസ്ഥാനമാണത്. ഏതുപ്രസ്ഥാനവും രൂപീകരണ കാലത്തെ മുമ്പില്‍ വച്ചുകൊണ്ടാണുണ്ടാക്കുന്നത്. ആ കാലം മാറുമ്പോള്‍ പ്രസ്ഥാനത്തിനും മാറാതെ വയ്യ. പ്രസ്ഥാനങ്ങള്‍ സ്വീകരിച്ചിരിക്കുന്ന, ഇസ്ലാമിന്റെ മാറ്റമില്ലാത്ത അടിസ്ഥാനങ്ങള്‍ മാറാതെ നില്‍ക്കുമെങ്കിലും, ആ അടിസ്ഥാനങ്ങളെ കാലഘട്ടത്തില്‍ ഫിറ്റ് ചെയ്യേണ്ടതെങ്ങനെയെന്ന മനുഷ്യന്റെ തീരുമാനങ്ങള്‍ കാലാനുസൃതമായി മാറിക്കൊണ്ടിരിക്കും. കാലം വല്ലാത്തൊരു യാഥാര്‍ത്ഥ്യമാണ്. ഏതു വിഷയത്തിലും സുപ്രധാനമായ ഘടകം തന്നെയാണത്. സാക്ഷാല്‍ വഹ്യ് തന്നെയും അതിനെ പരിഗണിക്കാതിരുന്നിട്ടില്ല. മാറ്റമില്ലാത്ത ഇസ്ലാം എന്നു പറയുമ്പോള്‍ പോലും അതതിന്റെ അടിസ്ഥാനങ്ങളെ പറ്റിയാണ്. വ്യത്യസ്ത പ്രവാചകന്മാരുടെ കാലഘട്ടങ്ങളിലെ ഇസ്ലാം എങ്ങനെ പരസ്പരം വ്യത്യസ്ഥമായിരുന്നുവെന്ന് അവരുടെ പ്രബോധന ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. ഏക ദൈവത്വം അവയുടെയൊക്കെ സ്ഥായിയായ അടിസ്ഥാനമായിരുന്നു. പക്ഷെ, സംബോധനരീതികളിലും മുന്‍ഗണനാക്രമത്തിലും പ്രയോഗവല്‍കരണത്തിലും കടുത്ത അന്തരങ്ങള്‍ കാണാം. പ്രബോധന പ്രക്രിയ നൂഹ്(അ)ല്‍ നിന്ന് മൂസ(അ)യിലെത്തുമ്പോള്‍ സ്വീകരിച്ചു കഴിഞ്ഞിരുന്ന വികാസ പരിണാമങ്ങള്‍ പരിശോധിക്കുമ്പോള്‍ അത്ഭുതം തോന്നും. ഒരു പ്രവാചകനേയും നാം നിയോഗിച്ചിട്ടില്ല, അദ്ദേഹത്തിന്റെ സമൂഹത്തിന്റെ ഭാഷയിലല്ലാതെ എന്ന ഖുര്‍ആന്റെ പ്രസ്താവന ഈ യാഥാര്‍ത്ഥ്യത്തെ അടിവരയിടുന്നു. എന്തിനേറെ, ഒരേ പ്രവാചകന്റെ തന്നെ പ്രവര്‍ത്തനം സ്ഥലകാല ഭേദമനുസരിച്ച് മാറിക്കൊണ്ടിരുന്നതായി കാണുന്നു. ഏറ്റവും വലിയ ഉദാഹരണം മുഹമ്മദ് നബി(സ)യുടേതു തന്നെ. മക്കയിലെ പ്രവര്‍ത്തനത്തിന്റെ മുന്‍ഗണനാക്രമമല്ല മദീനയിലെ പ്രവര്‍ത്തനത്തില്‍ ദീക്ഷിക്കപ്പെട്ടത്. ഖുര്‍ആന്‍ സൂക്തങ്ങള്‍ മക്കിയെന്നും മദനിയെന്നും തരം തിരിക്കപ്പെട്ടതും പ്രവാചക ചരിത്രം മക്കീ ഘട്ടമെന്നും മദനീഘട്ടമെന്നും വേര്‍തിരിക്കപ്പെട്ടതും യാദൃശ്ചികമല്ല. സ്ഥലകാലങ്ങളുടെ പരിണാമങ്ങള്‍ക്കൊപ്പം നടത്തിയ ഇസ്ലാമിനെ അവസാനം പൂര്‍ത്തീകരിച്ചതായി പ്രഖ്യാപിച്ചപ്പോഴും അല്ലാഹു ചെയ്തത്, ഭാവിയില്‍ മാറേണ്ടിവരുന്ന കാര്യങ്ങളില്‍ അതിനുള്ള പഴുതുകള്‍ മനുഷ്യന് വിട്ടുകൊടുത്തുകൊണ്ട്, അടിസ്ഥാനങ്ങള്‍ മാത്രം നല്‍കിയെന്നതാണ്. ഇങ്ങനെ, കാലത്തിനൊപ്പം സഞ്ചരിക്കാനുള്ള പഴുതവശേഷിപ്പിച്ചതുകൊണ്ടാണ് ഇസ്ലാം യഥാര്‍ത്ഥത്തില്‍ കാലാതിവര്‍ത്തിയായത് എന്നും ശ്രദ്ധിക്കേണ്ടതുണ്ട്. ആ പഴുതുകളെ തജ്ദീദും (നവീകരണം) ഇജ്തിഹാദും (ഗവേഷണം) ത്രസിപ്പിക്കുകയും ചെയതു. ഇസ്ലാമിനെ കാലാനുസൃതമാക്കുന്ന തജ്ദീദും ഇജ്തിഹാദും ഇസ്ലാമിന്റെ മേല്‍ വച്ചുകെട്ടിയ സങ്കേതങ്ങളല്ല, അതില്‍ സ്ഥായിയായി ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന ഘടകങ്ങളാണ് എന്നതും ശ്രദ്ധേയം. "നിശ്ചയം, അല്ലാഹു എല്ലാ നൂറ്റാണ്ടിന്റെയും ആദ്യത്തില്‍ ഈ സമുദായത്തിന് അതിന്റെ ദീനിനെ നവീകരിക്കുന്ന പരിഷ്കര്‍ത്താക്കളെ നിയോഗിക്കുന്നതായിരിക്കും' എന്ന ഹദീസ് നവീകരണ പ്രക്രിയ ദൈവിക നടപടിക്രമ(സുന്നത്തുല്ലാഹ്) മാണെന്ന് കുറിക്കുന്നു. മുആദുബ്നു ജബല്‍(റ)വിനെ പ്രവാചകന്‍(സ) യമനിലേക്ക് നിയോഗിക്കവെ, ഖുര്‍ആനിലും സുന്നത്തിലും കാണാത്ത വിഷയങ്ങളില്‍ താങ്കളെന്തു നിലപാടു സ്വീകരിക്കും എന്നു ചോദിച്ചപ്പോള്‍ ഞാന്‍ ഇജ്തിഹാദ് നടത്തും എന്ന് മറുപടി പറഞ്ഞതിനെ പ്രവാചകന്‍ ശ്ളാഘിച്ചത് അവിടുന്ന് ജീവിച്ചിരിക്കുമ്പോള്‍ തന്നെ ഇജ്തിഹാദ് അംഗീകരിക്കപ്പെട്ടിരുന്നുവെന്നതിന്റെ തെളിവാണ്.
'
ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ പരിവര്‍ത്തനക്ഷമത
ദൈവപ്രോക്തമായ ഇസ്ലാം തന്നെയും കാലാനുസൃതമായി മാറുന്നുവെന്നാണ് ഇതുവരെ സൂചിപ്പിച്ചത്. എന്നിരിക്കെ, മനുഷ്യ പ്രവര്‍ത്തനങ്ങളായ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് മാറാതെ വയ്യ. മാറ്റങ്ങള്‍ അത്ഭുതങ്ങളല്ല, അനിവാര്യതകളാണ്. ചടുലതയെയും ചലനാത്മകതയെയുമാണത് കുറിക്കുന്നത്. അതിനാല്‍,പരിവര്‍ത്തനങ്ങളെ പാപകൃത്യങ്ങളായി ഗണിക്കുന്നത് ശരിയല്ല. മാറ്റങ്ങള്‍ പഴയവയെ തള്ളിപ്പറയുകയല്ല, പകരം അവയെ അപ്ഡേറ്റ് ചെയ്യുക മാത്രമാണ് എന്നു ബോധ്യപ്പെടുമ്പോള്‍, അതൊരു സ്വാഭാവിക പ്രക്രിയയായാണ് അനുഭവപ്പെടുക. ഇരുപതാംനൂറ്റാണ്ടിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവകാലമായ തൊള്ളായിരത്തി മുപ്പതുകളിലും നാല്‍പതുകളിലും സ്വീകരിച്ച ശൈലികളില്‍ അവയ്ക്ക് നിലച്ചുപോകാനാവില്ല, നിലച്ചിട്ടുമില്ല. നൂറ്റാണ്ടിന്റെ നവോത്ഥാന പ്രസ്ഥാനങ്ങളായ അല്‍ ഇഖ്വാനുല്‍ മുസ്ലിമീന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ശില്പികളായ ഇമാം ഹസനുല്‍ ബന്നയും ഇമാം മൌദൂദിയും അവര്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ തങ്ങളുടെ പ്രസ്ഥാനങ്ങളെ കാലത്തിനൊപ്പം സഞ്ചരിക്കാന്‍ സജ്ജമാക്കിയിരുന്നു. അതുകൊണ്ട് ഇഖ്വാന്റെ രൂപീകരണ വര്‍ഷമായ 1928ലെ ബന്നയെയല്ല, 48ല്‍ ശഹീദാവുന്ന ബന്നയില്‍ നാം കാണുന്നത്. അദ്ദേഹത്തിന്‍രെ കാലശേഷവും പ്രസ്ഥാനത്തില്‍ ഒരുപാടു മാറ്റങ്ങളുണ്ടായി. ബന്നയുടെ കാഴ്ചപ്പാടുകല്‍ പോലും തിരുത്തപ്പെട്ടു. 30 കളില്‍ കത്തിനിന്നതുപോലെയല്ല, 70 കളില്‍ മൌദൂദി പ്രകാശം പരത്തുന്നത്. തുടക്കത്തില്‍ ഇസ്ലാമിക വ്യവസ്ഥയില്‍ കുറഞ്ഞ ഒന്നുകൊണ്ടും തൃപ്തിപ്പെടാന്‍ തയ്യാറല്ലാതിരുന്ന മൌദൂദി, അറുപതുകളിലും എഴുപതുകളിലും നിലവിലുള്ള രാഷ്ട്രീയ വ്യവസ്ഥയെ തന്റെ വലിയ ലക്ഷ്യത്തിന് എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് ചിന്തിക്കുന്നതാണ് കണ്ടത്. ഇന്ത്യയില്‍ പോലും ഇലക്ഷന്‍ രാഷ്ട്രീയത്തില്‍ പങ്കുകൊള്ളണമെന്ന് അദ്ദേഹം സ്വകാര്യ സംഭാഷണങ്ങളില്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ നയനിലപാടുകള്‍ സ്വീകരിക്കേണ്ടത് ഇന്ത്യയിലെ തന്നെ പ്രസ്ഥാനമാണ് എന്ന മാന്യത കൊണ്ടാണ് പരസ്യമായത് പ്രകടിപ്പിക്കാതിരുന്നത്. മാറ്റം എന്ന പ്രതിഭാസത്തില്‍ തന്നെയും പുതുതായുണ്ടായൊരു പുരോഗതി അതിന്റെ തീവ്രമായ ത്വരിതഗതിയാണ്. മുമ്പ് പത്ത് വര്‍ഷങ്ങള്‍ കൊണ്ടുണ്ടായ മാറ്റങ്ങള്‍ക്ക് ഇന്ന് പത്ത് ദിവസങ്ങള്‍ മതിയാകും. ഇതും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് ഗൌനിക്കാതെ വയ്യ. വിശിഷ്യാ സെപ്തംബര്‍ 11നുശേഷമുണ്ടായിക്കൊണ്ടിരിക്കുന്ന അതിവേഗ അവസ്ഥാന്തരങ്ങള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളെ നേര്‍ക്കുനേരെ ബാധിക്കുന്നവയാകയാല്‍ സ്വന്തം സ്ട്രാറ്റജിയെ അതേ വേഗതയില്‍ അപ്ഡേറ്റ് ചെയ്യുവാന്‍ അവ നിര്‍ബന്ധിതമാവുന്നുണ്ട്.

പുനര്‍വിചിന്തനങ്ങള്‍
ചെയ്ത കാര്യങ്ങളൊക്കെയും മഹത്കൃത്യങ്ങളായിരുന്നുവെന്ന് സായൂജ്യപ്പെടുന്നതിനുപകരം അവ നിരൂപണങ്ങള്‍ക്കും പുനര്‍ വിചിന്തനങ്ങള്‍ക്കും വിധേയമാണ് എന്ന ശക്തമായ ബോധം ഇന്ന് പ്രസ്ഥാനങ്ങള്‍ക്കുണ്ട്. സ്വന്തത്തെ വിചാരണചെയ്യുക' എന്ന ആഹ്വാനം വ്യക്തികള്‍ക്കുമാത്രമല്ല, വ്യക്തികളുടെ കൂട്ടങ്ങള്‍ക്കും അഥവാ പ്രസ്ഥാനങ്ങള്‍ക്കും ബാധകമത്രെ. തദടിസ്ഥാനത്തില്‍ ഇന്ന് പ്രസ്ഥാനങ്ങള്‍ സ്വയം വിചാരണ നടത്തുന്നുവെന്നു മാത്രമല്ല, അവ പരസ്യപ്പെടുത്തുകയും തെറ്റുകള്‍ സമൂഹസമക്ഷം സമ്മതിക്കുകയും ചെയ്യുന്നുവെന്നതു അത്ഭുതകരമായി തോന്നാം. ഈജിപ്തിലെ തീവ്രവാദ സംഘടനയായ \'അല്‍ ജമാഅത്തുല്‍ ഇസ്ലാമിയ്യ\' ആയുധമുപേക്ഷിക്കാന്‍ തീരുമാനിച്ചുകൊണ്ട് പ്രസിദ്ധീകരിച്ച പുനര്‍വിചിന്തനത്തെക്കുറിച്ച പഠന പരമ്പരകള്‍ ഈ രംഗത്തെ ഏറ്റവും ആര്‍ജ്ജവമുള്ള നടപടിയായിരുന്നു. പുനര്‍ വിചിന്തനം എന്ന പേരില്‍ പ്രസിദ്ധമാണിന്ന് ആ നടപടി. കാഴ്ചപ്പാടുകളെ തിരുത്തുക എന്ന തലക്കെട്ടില്‍ കുറെ കൃതികളുടെ പരമ്പരകള്‍ തന്നെ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുകയാണിപ്പോള്‍ സംഘടന. തുനീഷ്യയില്‍, സഹനമവലംബിക്കുന്നതിന് പകരം ഭരണകൂടവുമായി ഏറ്റുമുട്ടാന്‍ ധൃതികാണിച്ചത് തെറ്റായി എന്ന് കുറച്ചു മുമ്പ് റാശിദുല്‍ ഗനൂശിയുടെ അന്നഹ്ദ വിലയിരുത്തുകയുണ്ടായി. \"ഗവണ്‍മെന്റിന്റെ പീഢനങ്ങളില്‍ ഞങ്ങള്‍ക്ക് കൂടുതല്‍ ക്ഷമയവലംബിക്കാമായിരുന്നു. അതുവഴി ഇപ്പോള്‍ എത്തിപ്പെട്ട വിപത്തില്‍ നിന്നും രാജ്യത്തെ രക്ഷിക്കാമായിരുന്നു' വെന്നാണ് സംഘടന പ്രസ്താവനയില്‍ പറഞ്ഞത്. സിറിയയില്‍ എണ്‍പതുകളില്‍ \'ഹമാത്തി\'ല്‍ വിപ്ളവശ്രമം നടത്തി, ഹാഫിസുല്‍ അസദിന് മുപ്പതിനായിരത്തിലധികംപേരെ കൂട്ടക്കൊല നടത്താന്‍ അവസരം നല്‍കിയത് തെറ്റായി എന്ന് സിറിയയിലെ ഇഖ്വാന്റെ മുര്‍ശിദ് ഹസന്‍ ഹുവൈദി ഈയിടെ ഒരഭിമുഖത്തില്‍ ഏറ്റുപറഞ്ഞു. ഹാഫിസുല്‍ അസദ് ചര്‍ച്ചക്ക് തയ്യാറായിരുന്നെങ്കിലും സംഘടനയിലെ ചെറുപ്പക്കാര്‍ അത് തള്ളിക്കളയുകയായിരുന്നുവെന്നദ്ദേഹം അനുസ്മരിക്കുന്നു. ഇതേ അനുഭവം ഈജിപ്തില്‍ ജമാല്‍ അബ്ദുനാസിറിന്റെ കാര്യത്തില്‍ ഇഖ്വാന് സംഭവിച്ചതായി മുന്‍കാല നേതാക്കള്‍ എഴുതിയിട്ടുണ്ട്. അള്‍ജീരിയയില്‍ ഇസ്ലാമിക് സാല്‍വേഷന്‍ ഫ്രണ്ടിന്റെ ഇലക്ഷന്‍ വിജയത്തെ അട്ടിമറിച്ചതിനെ ത്തുടര്‍ന്ന് കലാപത്തിനിറങ്ങിയത് തെറ്റായിരുന്നുവെന്നും അന്ന് പട്ടാളഭരണകൂടത്തെ അതിജയിക്കാനൊരുമ്പെട്ടത് വിഡ്ഡിത്തമായിരുന്നുവെന്നും, പതിനഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം കഴിഞ്ഞ് അള്‍ജീരിയയില്‍ തിരിച്ചെത്തിയ സാല്‍വേഷന്‍ ഫ്രണ്ട് നേതാവ് ശൈഖ് റാബിഹ് കബീര്‍ കുറ്റസമ്മതം നടത്തിയത് മറ്റൊരുദാഹരണമാണ്. ഏറ്റവുമൊടുവിലത്തെ ജോര്‍ദാന്‍ തെരഞ്ഞെടുപ്പില്‍, പാര്‍ലമെന്റിലെ 17 അംഗ പ്രാതിനിധ്യത്തില്‍ നിന്ന് 6 അംഗങ്ങളിലേക്ക് ചുരുങ്ങിയ ഇഖ്വാന്‍, സ്ട്രാറ്റജി നിര്‍ണയത്തില്‍ പാളിച്ച സംഭവിച്ചതായി കുറ്റസമ്മതം നടത്തുകയും ഉത്തരവാദിത്തമേറ്റെടുത്ത് സംഘടനയുടെ ശൂറ ഒന്നടങ്കം രാജിവെക്കുകയും ചെയ്തു. ചുരുക്കത്തില്‍, സ്വയം നിരൂപണങ്ങള്‍ക്കും പുനര്‍വിചിന്തനങ്ങള്‍ക്കും ആര്‍ജ്ജവം കാണിച്ചു തുടങ്ങിയ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ അവയുടെ ഭൂതകാലത്തെ സത്യസന്ധമായി സ്വയം നിരൂപിച്ചുകൊണ്ടിരിക്കുകയും തിരുത്തേണ്ടവയെ തിരുത്തിക്കൊണ്ടിരിക്കുകയും പുരോഗമിപ്പിക്കേണ്ടവയെ പുരോഗമിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. തദടിസ്ഥാനത്തില്‍, ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പുതിയ ലോകത്ത് അവയുടെ നയനിലപാടുകളിലും സമീപനങ്ങളിലും സ്ട്രാറ്റജിയിലും കാലാനുസൃതമായ ഒരുപാടു പരിവര്‍ത്തനങ്ങളെ സ്വീകരിച്ചു കൊണ്ടിരിക്കുന്നുണ്ട്. ചില ഉദാഹരണങ്ങള്‍ പരിശോധിച്ചു നോക്കാം:

അകലം പാലിക്കാതെ
'ജാഹിലിയ്യ' സമൂഹത്തില്‍ നിന്ന് അകലം പാലിച്ചു ദൂരെ മാറിനിന്ന് അവര്‍ക്ക് താത്വികോപദേശങ്ങള്‍ നല്‍കുന്ന ദാര്‍ശനിക കൂട്ടായ്മ എന്നതില്‍ നിന്ന് സമൂഹത്തില്‍ ലയിച്ചു ഉള്‍ച്ചേര്‍ന്ന് നില്‍ക്കുന്ന, ജനകീയ സംരംഭം എന്ന അവസ്ഥയിലേക്ക് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുകയാണ്. ആശയയുദ്ധത്തിന്റെ ലോകത്ത്, ആശയങ്ങളെ ആശയങ്ങള്‍കൊണ്ട് നേരിടുന്ന, വിട്ടുവീഴ്ചയില്ലാത്ത ദാര്‍ശനിക പോരാട്ടത്തിലായിരുന്നു മുമ്പ് പ്രസ്ഥാനങ്ങള്‍. ഇസ്ലാമിനെയും ജാഹിലിയ്യത്തിനെയും വേര്‍തിരിച്ചു വരച്ചു കാണിക്കേണ്ട ഘട്ടമായിരുന്നു അത്. അവിടെ ഉള്‍ക്കൊള്ളലിന്റെ രീതി ശാസ്ത്രം വിഷയമാകില്ല, സ്വഭാവികമായും. ഇസ്ലാമും അങ്ങനെത്തന്നെയായിരുന്നു. മക്കയില്‍ അതു ജാഹിലിയ്യ സമൂഹത്തോട് വിട്ടുവീഴ്ചക്ക് നിന്നില്ല. എന്നാല്‍ മദീനയിലെത്തിയതോടെ ബദ്ധശത്രുക്കളായ ജൂതന്‍മാരുമായി സമവായത്തിനു ശ്രമിച്ചു. അവരെല്ലാവരും ഒരുപോലെയല്ല എന്നു പറഞ്ഞു തുടങ്ങി. വിയോജിക്കുന്നവരെ ഉള്‍കൊള്ളാനും കൂടെ നിര്‍ത്താനുമാണ് പിന്നെ ശ്രമിച്ചത്. ജൂതന്‍മാരെ മുസ്ലിംകളോടൊപ്പമുള്ള ഒരു കമ്മ്യൂണിറ്റി ആയി ഗണിച്ചും അവരുടെ മതസ്വാതന്ത്യ്രം അനുവദിച്ചും അക്രമിക്കള്‍ക്കെതിരെ ഇരു കൂട്ടരും സഹകരിക്കുമെന്നുറപ്പിച്ചും കരാറിലേര്‍പ്പെട്ടു പ്രവാചകന്‍. നീതി, സമത്വം, മനുഷ്യാവകാശങ്ങള്‍ തുടങ്ങിയ മൂല്യങ്ങളെ ആ കരാര്‍ ഉയര്‍ത്തിപ്പിടിച്ചു. ബഹുസ്വര സമൂഹത്തില്‍ ഇസ്ലാം അനുവര്‍ത്തിക്കുന്ന സമീപനത്തിന്റെ മികച്ച ഉദാഹരണമാണ് മദീന കരാര്‍. പതിനാലു നൂറ്റാണ്ട് മുമ്പ് പ്രവാചകന്‍ രൂപകല്‍പന ചെയ്ത പ്രസ്തുത ഭരണഘടനയുടെ അടിസ്ഥാനത്തിലേക്ക് ആധുനിക രാഷ്ട്ര സംവിധാനങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നേയുള്ളൂ. പറഞ്ഞുവന്നത്, മുഹമ്മദീയ പ്രബോധനം പൊതുനന്മക്ക് വേണ്ടി മദീന ഘട്ടത്തില്‍ സ്വീകരിച്ച ഉള്‍ക്കൊള്ളല്‍ രാഷ്ട്രീയത്തിലേക്ക് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പ്രവേശിച്ചു കഴിഞ്ഞുവെന്നാണ.് ഇസ്ലാമിസ്റുകളെ മാത്രമല്ല, ഇസ്ലാം വിരുദ്ധരെയും പൊതുനന്മയ്ക്കുവേണ്ടി അവ ഉള്‍കൊണ്ടുകൊണ്ടിരിക്കുന്നു. മുസ്ലിംകളെ മാത്രമല്ല അമുസ്ലിംകളെയും അതാകര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ഈജിപ്തില്‍ ഇഖ്വാന്‍ അതിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ഉള്‍പ്പെടുത്തി മത്സരിപ്പിക്കുന്നത് പതിവാണ് ജനസംഖ്യയില്‍ ആറുശതമാനത്തോളം വരുന്ന കോപ്റ്റിക് ക്രിസ്ത്യാനികളുമായി നേരത്തെ തന്നെ അടുത്ത ബന്ധമാണ് ഇഖ്വാനുള്ളത്. കഴിഞ്ഞ തെരെഞ്ഞെടുപ്പിലും അവര്‍ ഇഖ്വാനാണ് വോട്ട് ചെയ്തത്. മതസ്വാതന്ത്യ്രത്തെ ആദരിക്കുകയും എല്ലാ മതങ്ങളെയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഇഖ്വാനാണ് തങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കുക എന്നറിയാവുന്നതുകൊണ്ടാണ് അവര്‍ ഇഖ്വാന്‍ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചത്. ഈയിടെ ക്രിസ്ത്യന്‍ പുരോഹിതന്‍ റഫ്അത്ത് ഫിക്രി, കോപ്റ്റിക് ക്രിസ്ത്യാനികളെ ഇഖ്വാന്‍ ഘടനയില്‍ അംഗങ്ങളായി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടതും ഇഖ്വാന്‍ അതിനെ സ്വാഗതം ചെയ്തതും ശ്രദ്ധേയമാണ്. അതില്‍ അസാധാരണമായി ഒന്നുമില്ലെന്നും പരസ്യമായി പ്രവര്‍ത്തിക്കാന്‍ സ്വാതന്ത്യ്രമില്ലെന്നത് മാത്രമാണ് ഇപ്പോഴത്തെ പ്രശ്നമെന്നുമായിരുന്നു ഇഖ്വാന്റെ പ്രതികരണം. കോപ്റ്റിക് ക്രിസ്ത്യാനികളോടുള്ള നിലപാടില്‍ ഇനിയും പുനപരിശോധനകള്‍ ആവശ്യമാണെങ്കില്‍ ഇഖ്വാന്‍ അതിനു തയ്യാറായിരിക്കുമെന്ന് സംഘടനയുടെ നേതാവ് ഡോ: ഉസാമുല്‍ ഉര്‍യാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഘടനയുടെ സ്ഥാനാര്‍ത്ഥിപട്ടികയില്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷത്തെ ഉള്‍പ്പെടുത്താന്‍ എന്നും സന്നദ്ധമാണെന്നും 2006ലെ മുനിസിപ്പല്‍ തെരെഞ്ഞെടുപ്പില്‍ ആയിരം ക്രിസ്ത്യാനികളെ മത്സരിപ്പിക്കാന്‍ തങ്ങള്‍ തയ്യാറായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തുകയുണ്ടായി. ക്രിസ്ത്യാനികള്‍ക്ക് ഈജിപ്തില്‍ സംഘടനയുണ്ടാകുന്നതിനെയും തങ്ങള്‍ സ്വാഗതം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. ജോര്‍ദ്ദാനില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഒരു ക്രിസ്ത്യന്‍ എം.പിയെത്തന്നെ ഇഖ്വാന്‍ വേദിയായ ജബ്ഹത്തുല്‍ അമലില്‍ ഇസ്ലാമി വിജയിപ്പിച്ചെടുത്തതും സ്മരണീയമത്രെ. യമനില്‍ ഇഖ്വാന്റെ രാഷ്ട്രീയവേദിയായ യമന്‍ ഗാതറിംഗ് ഫോര്‍ റിഫോംസ് കമ്മ്യൂണിസത്തെ യമനില്‍ നിന്ന് നാടുകടത്തിയ പ്രസ്ഥാനമായിരുന്നു. ദക്ഷിണ യമനിലെ സോഷ്യലിസ്റ് ഭരണകൂടത്തെ പിഴുതെറിയുന്നതില്‍ അതു വഹിച്ച പങ്കു വളരെ വലുതാണ്. 1979 മുതല്‍ പ്രസിഡണ്ട് അലിഅബ്ദുള്ള സ്വാലിഹിന്റെ കൂടെനിന്ന സംഘടന ഒടുവില്‍ സ്വാലിഹിന്റെ സേഛാധിപത്യത്തിനെതിരില്‍ 2006 സെപ്തംബറില്‍ നടന്ന ഒടുവിലത്തെ തെരെഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റുകളുടെയും പിന്തുണവാങ്ങുന്നതാണ് കണ്ടത്. സമൂഹത്തില്‍ ഉള്‍ച്ചേര്‍ന്നു നില്‍ക്കുന്ന സ്ട്രാറ്റജി സ്വീകരിച്ച പ്രസ്ഥാനങ്ങളുടെ കൂട്ടത്തില്‍ യൂറോപ്പിലെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ വളരെ മുന്നിലാണ്. ബഹുസ്വര സമൂഹത്തില്‍ മുസ്ലിം ന്യൂനപക്ഷ രാഷ്ട്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനങ്ങളെന്ന നിലക്ക് ഉള്‍ചേരലിന്റെ രാഷ്ട്രീയം അവയ്ക്ക് കൂടുതല്‍ അനിവാര്യവുമായിരുന്നു. സെപ്തംബര്‍ 11നുശേഷം ഇസ്ലാമിക സമൂഹം ഏറ്റവും അരക്ഷിതാവസ്ഥയും ഒറ്റപ്പെടലും അനുഭവിച്ചത് യൂറോപ്പിലും അമേരിക്കയിലുമാണ്. പൊതുസമൂഹത്തില്‍ അവക്ക് ശബ്ദമില്ലായിരുന്നു. അധികാരകേന്ദ്രങ്ങളില്‍ സാന്നിധ്യമില്ലായിരുന്നു. യൂറോപ്യന്‍-അമേരിക്കന്‍ സ്ട്രീറ്റുകളില്‍ അവര്‍ തീര്‍ത്തും ശൂന്യരായിരുന്നു. രാഷ്ട്രീയത്തില്‍ അവരുടെ സ്വാധീനം വട്ടപ്പൂജ്യമായിരുന്നു. നിയമനിര്‍മാണ സഭകളില്‍ പ്രാതിനിധ്യമില്ലായിരുന്നു. സ്വാഭാവികമായിരുന്നു ഈ പരിണതി. കുടിയേറ്റ മുസ്ലിംകള്‍ക്ക് യൂറോപ്പിലും അമേരിക്കയിലും പൌരത്വം സ്വീകരിക്കാമോ എന്ന് ചര്‍ച്ച ചെയ്യുകയായിരുന്നു, അടുത്തകാലം വരെ അവര്‍. ഒരനിസ്ലാമിക വ്യവസ്ഥിതിയില്‍ പൌരത്വം അനഭിലഷണീയമായി കാണുന്നു, അവരില്‍ പലരും. സെപ്തംബര്‍ പതിനൊന്നോടുകൂടിയാണ് അന്നാടുകളില്‍, ന്യൂനപക്ഷമാണെങ്കിലും ചെറുതല്ലാത്ത മുസ്ലിം ജനസംഖ്യയുണ്ടായിട്ടും തങ്ങള്‍ നിസ്സഹായരാണ് എന്നവര്‍ക്ക് ബോധ്യപ്പെട്ടുതുടങ്ങിയത്. അതോടെ ഇസ്ലാമിക കൂട്ടായ്മകള്‍, ഉള്‍ചേരലിന്റെ രാഷ്ട്രീയം ഊന്നിപ്പറഞ്ഞുതുടങ്ങി. പൌരത്വമെടുക്കുന്നത് നിഷിദ്ധമല്ല, നിര്‍ബന്ധ ബാധ്യതയാണെന്നുണര്‍ത്തി. സംവാദവും സഹജീവനവും തത്വങ്ങളായി ഉയര്‍ത്തിപ്പിടിച്ചു. ശൈഖ് ഖറദാവിയുടെ നേതൃത്തിലുള്ള യൂറോപ്യന്‍ ഫത്വാ കൌണ്‍സില്‍ ഈദൃശ സമീപനങ്ങള്‍ക്ക് ശറഈ അടിസ്ഥാനങ്ങളുടെ ചട്ടക്കൂടുകള്‍ വാര്‍ത്തു നല്‍കി. ഇസ്ലാം വിരുദ്ധ-സാമ്രാജ്യത്വ രാഷ്ട്രങ്ങളായിട്ടും യൂറോപ്യന്‍ അമേരിക്കന്‍ സൈന്യങ്ങളില്‍ മുസ്ലിംകള്‍ക്ക് സേവനം ചെയ്യല്‍ അനുവദനീയമാണെന്നും മുസ്ലിം രാജ്യങ്ങളിലേക്ക് യുദ്ധത്തിന് പോകാന്‍ ആഹ്വാനം വന്നാല്‍ പോലും മുസ്ലിം സൈനികര്‍ അത് സ്വീകരിക്കണമെന്നുള്ള ഫത്വകള്‍ ഈ ഉള്‍ചേരല്‍ സമീപനത്തിന്റെ ഭാഗമായിരുന്നു. ജനകീയ പ്രസ്ഥാനങ്ങളായി രൂപാന്തരപ്പെടുന്നതിന്റെ ഭാഗമായി ഇന്നു പൊതു സമൂഹത്തിന്റെ പ്രശ്നങ്ങളെ ഏറ്റെടുക്കുകയാണ് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍. സാമൂഹ്യശാസ്ത്രപ്രകാരം തങ്ങളുടെ പ്രശ്നങ്ങളോടുള്ള നിലപാട് നോക്കിയാണ് സമൂഹം പ്രസ്ഥാനങ്ങളെ വിലയിരുത്തുന്നത്. അവയുടെ തത്വങ്ങള്‍ മാത്രം മുമ്പില്‍ വച്ചുകൊണ്ടല്ല. സമൂഹത്തിന്റെ പ്രശ്നങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്നൊരു പ്രസ്ഥാനം അതിന്റെ തത്വങ്ങളുടെ മഹത്വം കൊണ്ടു മാത്രം സ്വീകാര്യത നേടുന്നില്ല. അതേയവസരം ജനങ്ങളുടെ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നവരുടെ തത്വങ്ങളെ - അവര്‍ ആരായിരുന്നാലും - മനസ്സിലാക്കാന്‍ ജനങ്ങള്‍ ശ്രമിക്കുന്നതായാണ് അനുഭവം. ഈ തിരിച്ചറിവില്‍ നിന്നാണ്, വെറും താത്വിക തലങ്ങളില്‍ നിന്ന് പ്രസ്ഥാനങ്ങള്‍ സാമൂഹ്യ ജനസേവന സംരഭങ്ങളായി പരിവര്‍ത്തിതമാകുന്നത്. പൊതു സമൂഹത്തിന്റെ പ്രശ്നങ്ങളെ ഏറ്റെടുക്കുന്നതില്‍ ഇന്ന് ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് അവിടങ്ങളിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈജിപ്തില്‍ ഭൂകമ്പമുണ്ടായപ്പോള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് മുമ്പ് സ്ഥലത്തെത്തി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് ഇഖ്വാനായിരുന്നു. തൊഴിലില്ലായ്മയും ദാരിദ്യ്രവും അനുഭവിക്കുന്ന അസംതൃപ്തരായ ഈജിപ്ത്യന്‍ പൌരന്‍മാരുടെ പ്രതീക്ഷയാണിന്ന് ഇഖ്വാന്‍. അവരുടെ പക്ഷത്ത്നിന്ന് പ്രതിഷേധിക്കുക മാത്രമല്ല, സാധ്യമായ പൊതുജന സംരംഭങ്ങള്‍ക്ക് രൂപം നല്‍കി, പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനങ്ങള്‍ക്ക് അത്താണിയായിത്തീരുന്ന ഈജിപ്തിലെ ഇസ്ലാമിക പ്രസ്ഥാനത്തെ ചില പാശ്ചാത്യ മാധ്യമങ്ങള്‍ വിലയിരുത്തിയത് ഒരു സമാന്തര സര്‍ക്കാര്‍ കണക്കെ സേവന സംരംഭങ്ങള്‍ നടത്തുന്ന പ്രസ്ഥാനം എന്നാണ്. ഫലസ്ത്വീനിലെ ഹമാസ് അവിടത്തെ ദശകങ്ങളുടെ പാരമ്പര്യമുള്ള പി.എല്‍.ഒ. യെ പിന്നിലാക്കി വമ്പിച്ച ജനസ്വാധീനം നേടിയെടുത്തത് വെറും ജിഹാദ് കൊണ്ടല്ല, വമ്പിച്ച ജനകീയ സംരഭങ്ങളിലൂടെ യാണ്. ആശുപത്രികള്‍, അഗതി-അനാഥ സംരക്ഷണ കേന്ദ്രങ്ങള്‍, യൂണിവേഴ്സിറ്റികള്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഹമാസ് തുടക്കം മുതലേ വളര്‍ത്തിയെടുത്തിരുന്നു. ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമി സ്വന്തമായി സാമ്പത്തിക സ്ഥാപനങ്ങളും ഇസ്ലാമിക് ബാങ്കുകളും തൊഴിലധിഷ്ടിത സംരംഭങ്ങളും എഞ്ചിനീയറിംഗ്, മെഡിക്കല്‍ കോളേജുകളും, യൂണിവേഴ്സിറ്റികളും സ്ഥാപിച്ച് ജനകീയ പ്രസ്ഥാനമായിത്തീര്‍ന്നതിനാലാണ് കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റം നടത്തിയതും ഖാലിദസിയാ സര്‍ക്കാരില്‍ അധികാര പങ്കാളിത്തം നേടിയതും. സുനാമി ബാധിത പ്രദേശങ്ങളില്‍ ഇന്തോനേഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ വേദിയായ ജസ്റിസ് & വെല്‍ഫയര്‍ പാര്‍ട്ടി നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, പാക്കിസ്ഥാനില്‍ ജമാഅത്തെ ഇസ്ലാമി അതിന്റെ ഖിദ്മത്ത് ഫൌണ്ടേഷന്‍ വഴി നടത്തിക്കൊണ്ടിരിക്കുന്ന ജനസേവന പ്രവര്‍ത്തനങ്ങള്‍ എന്നിവ ഈ ഗണത്തില്‍ പ്രസ്താവ്യമാണ്. അധികാരം ലഭിച്ചിടിങ്ങളിലും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സമൂഹത്തിന്റെ ആദര്‍ശവല്‍ക്കരണത്തിലൊതുങ്ങാതെ അവരുടെ പൊള്ളുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈയെടുക്കുന്നതും ശ്രദ്ധേയമായ പ്രവണതയാണ്. തുര്‍ക്കി ഉദാഹരണം. മുമ്പ് നജ്മുദ്ദീന്‍ അര്‍ബകാനും ഇപ്പോള്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനും തെരെഞ്ഞെടുപ്പില്‍ വിജയിക്കുന്നത് അവരുടെ ഇസ്ലാമിക മുദ്രാവാക്യങ്ങളേക്കാളേറെ, ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള നടപടികള്‍ മൂലമാണ്. ഉര്‍ദുഗാന്‍ ഈ രംഗത്ത് ബഹുമുഖ പദ്ധതികള്‍ക്ക് രൂപം നല്‍കി. വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യപുസ്തകം, ദരിദ്രര്‍ക്ക് വീട്, അഴിമതിക്കാരുടെ ധനം കണ്ടുകെട്ടല്‍ തുടങ്ങിയ നടപടികളിലൂടെ അദ്ദേഹം പൊതുസമൂഹത്തില്‍ സ്വീകാര്യത നേടി. പൌരന്‍മാരുടെ പ്രതിശീര്‍ഷ വരുമാനം ഇരട്ടിയിലധികമായി വര്‍ധിപ്പിക്കുംവിധം സാമ്പത്തിക പരിഷ്കാരങ്ങള്‍ നടപ്പിലാക്കി. വാര്‍ഷിക കയറ്റുമതി 36 മില്യനില്‍ നിന്ന് 95 മില്യനാക്കി ഉയര്‍ത്തി. ഐ. എം. എഫ് ലോണിന്റെ തോത് കുറച്ചുകൊണ്ടുവന്നു. ഇത്തരം സാമ്പത്തിക പരിഷ്കാരങ്ങളാണ്, വീണ്ടും വന്‍ ഭൂരിപക്ഷത്തോടെ തുര്‍ക്കി ജനത അദ്ദേഹത്തെ അധികാരത്തില്‍ തിരിച്ചു കൊണ്ടുവരാന്‍ കാരണമായത്. ബംഗ്ളാദേശില്‍ മന്ത്രിസ്ഥാനം കൈവന്ന ജമാഅത്ത് പ്രതിനിധികളും ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് വമ്പിച്ച പ്രാധാന്യം നല്‍കി ജനശ്രദ്ധ പിടിച്ചുപറ്റി.


No comments:

Post a Comment