10 June 2009

പുരുഷാധിപത്യത്തില്‍ നിന്ന് വനിതാ പ്രാതിനിധ്യത്തിലേക്ക്.


ഇസ്ലാമികപ്രസ്ഥാനങ്ങള്‍ പുതിയ സാഹചര്യത്തില്‍-III

പുരുഷാധിപത്യത്തില്‍ നിന്ന്
വനിതാ പ്രാതിനിധ്യത്തിലേക്ക്

ശൈഖ് റാശിദുല്‍ ഗനൂഷി പറഞ്ഞതുപോലെ, ഒറ്റച്ചിറകുകൊണ്ട് പറക്കാനാവില്ല, സമൂഹത്തിന്റെ പകുതിയായ സ്ത്രീയെ മാറ്റി നിര്‍ത്തി ഒരു പുരോഗതിയും കൈവരിക്കാനാവില്ല. മുമ്പെന്നത്തെക്കാളും ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ തിരിച്ചറിഞ്ഞുകൊണ്ടിരിക്കുന്ന യാഥാര്‍ത്ഥ്യമാണിത്. സമൂഹത്തിന്റെ മടിത്തട്ടാണ് സ്ത്രീ. സമൂഹത്തിന്റെ പകുതിയാണെന്നതിനുപുറമെ അവശേഷിക്കുന്ന പകുതിയായ പുരുഷന്മാരെ പെറ്റുപോറ്റി വളര്‍ത്തിയെടുക്കുന്നതും അവരാണെന്നിരിക്കെ അവരില്ലാതെ എന്തു ഇസ്ലാമിക നവോത്ഥാനം? ആധുനിക യുഗത്തില്‍ ഇസ്ലാമിക നവോത്ഥാനം പ്രകടമായിരിക്കുന്നത് പുരുഷന്മാരേക്കാള്‍ കൂടുതള്‍ സ്ത്രീകളിലാണ്. തെരെഞ്ഞെടുപ്പുകളില്‍ ഓരോ മണ്ഡലങ്ങളിലും സ്ത്രീവോട്ടുകള്‍ നിര്‍ണ്ണായകമാണ്. മുസ്ലിം രാജ്യങ്ങളില്‍ മിക്ക യൂണിവേഴ്സിറ്റികളിലും വിദ്യര്‍ത്ഥികളേക്കാള്‍ കൂടുതല്‍ വിദ്യാര്‍ത്ഥിനികളാണ്. ഈ യാഥാര്‍ത്ഥ്യങ്ങളെ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അവഗണിക്കുക വയ്യ. പ്രവാചകന്‍(സ) സാമൂഹിക നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്ക് തിരിച്ചറിഞ്ഞ് തന്റെ അജണ്ടയില്‍ അവര്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം നല്‍കി. അതുകൊണ്ട്, പ്രവാചക വിപ്ളവത്തില്‍ അവര്‍ അദ്വിതീയമായ പങ്കുവഹിച്ചു. കുടുംബത്തില്‍ അവര്‍ വിപ്ളവകാരികളുടെ പോറ്റുമ്മമാരായി. യുദ്ധക്കളത്തില്‍ അവര്‍ യോദ്ധാക്കളോടൊപ്പം നിറഞ്ഞു നിന്നു. പാണ്ഡിത്യത്തില്‍ അവര്‍ പുരുഷന്‍മാരോട് സമം നിന്നു. രാഷ്ട്രീയത്തില്‍ അവര്‍ ക്രാന്തദര്‍ശിത്വം പ്രകടിപ്പിച്ചു. നൂറ്റാണ്ടുകളിലൂടെ പതിച്ചുകിട്ടിയ പതിതാവസ്ഥയില്‍, സമുദായത്തിന്റെ മുഖ്യധാരയില്‍ നിന്ന് മറയ്ക്കുപിന്നിലേക്ക് മാറ്റിനിര്‍ത്തപ്പെട്ട സ്ത്രീയെ മുന്‍നിരയിലേക്ക് കൊണ്ടുവരാന്‍, അതേ സമുദായത്തിന്റെ ഭാഗമായ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ക്ക് അനായാസം സാധിക്കുമായിരുന്നില്ല. അങ്ങനെ, പ്രസ്ഥാനങ്ങളിലും അവര്‍ പ്രാന്തവല്‍ക്കരിക്കപ്പെടുക തന്നെയായിരുന്നു. ഈ പ്രവണതയെയാണ് ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ സാവധാനം മറികടന്നുകൊണ്ടിരിക്കുന്നത്. അത് പൂര്‍ണ്ണമായിട്ടില്ലെന്നത് ശരിയാണ്. മറ്റു മേഖലകളിലെന്നപോലെ, ഇനിയും ബഹുദൂരം അവയ്ക്ക് ഈ മേഖലയിലും മുന്നോട്ട് പോകേണ്ടതായുണ്ട്. ഈ രംഗത്ത് അത്ഭുതങ്ങള്‍ സൃഷ്ടിച്ചത് ഫലസ്ത്വീനിലെ ഹമാസാണ്. സജീവമായ സ്ത്രീ പങ്കാളിത്തമാണ് ഹമാസ് എന്ന പ്രസ്ഥാനത്തിന്റെ വിജയ രഹസ്യം. മക്കളെ അണിയിച്ചൊരുക്കി ജിഹാദിന് വിടാന്‍ തന്റേടമുള്ള ഉമ്മമാര്‍, ചെറുപ്പക്കാരോടൊപ്പം പോരാട്ട ഭൂമിയില്‍ ജൂതാധിനിവേശക്കാര്‍ക്കുനേരെ കല്‍ചീളുകളെറിയുന്ന ചെറുപ്പക്കാരികള്‍, ഭര്‍ത്താക്കന്മാര്‍ക്ക്, പോരാട്ടത്തിന് സ്വര്‍ഗ്ഗീയമായ ആവേശം പകര്‍ന്നു നല്‍കുന്ന സഹധര്‍മ്മിണികള്‍, ജൂതജയിലറകളില്‍ സഹനമവലംബിച്ചു കഴിയുന്ന തടവുകാരികള്‍, സഹനത്തിന്റെ പ്രതീകങ്ങളായ വിധവകള്‍, വിദ്യഭ്യാസത്തിന്റെ ഉന്നതങ്ങളിലെത്തിയ പണ്ഡിതകള്‍, മികച്ച രാഷ്ട്രീയ നേതാക്കളും പര്‍ലമെന്റെംഗങ്ങളുമായി നിറഞ്ഞു നില്‍ക്കുന്ന വനിതാ നേതൃത്വം, ആത്മീയതയുടെ ആള്‍ രൂപങ്ങളായ മഹതികള്‍, പുരുഷന്മാരെപ്പോലെത്തന്നെ രക്തസാക്ഷിത്വ അക്രമണം നടത്തുന്ന സത്രീകള്‍. അവരെയും കൊണ്ടാണ് ഹമാസ്, ഇതിഹാസങ്ങള്‍ സൃഷ്ടിച്ച, നവോത്ഥാന പോരാട്ടപ്രസ്ഥാനമായി ചരിത്രത്തില്‍ ഇടം നേടിയത്. ഈ സത്രീ പങ്കാളിത്തം അതിന്റെ ജൈത്രയാത്രയില്‍ സമര്‍പ്പിച്ചത്, നിസ്തുലമായ അത്ഭുതങ്ങളായിരുന്നു. ആ അത്ഭുതങ്ങളാണ് ഹമാസിന്റെ കുതിപ്പിന് നിദാനമായത്. തെരെഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സജീവമായ ഇസ്ലാമിക പ്രസ്ഥാനങ്ങളൊക്കെയും, സ്ഥാനാര്‍ത്ഥി പട്ടികയില്‍, ഇന്ന് സ്ത്രീകള്‍ക്ക് നല്ല പ്രാതിനിധ്യം നല്‍കുന്നുണ്ട്. ഈജിപ്തിലും ജോര്‍ദാനിലും മൊറോക്കോയിലും തെരെഞ്ഞെടുപ്പുകാലത്ത് പര്‍ദ്ദയിട്ട സ്ത്രീസ്ഥാനാര്‍ത്ഥികളുടെ പോസ്ററുകള്‍ വ്യാപകമായി പതിച്ച് പ്രചാരണം നടത്തുന്നതു കാണാം. മൊറോക്കോവിലെ ജസ്റിസ്&ഡവലപ്മെന്റ് പാര്‍ട്ടിയുടെ 46 എംപിമാരില്‍ ആറുപേര്‍ വനിതകളാണ്. തുര്‍ക്കിയില്‍ 63 സ്ത്രീകളെ അവിടത്തെ ജസ്റിസ് & ഡവലപ്മെന്റ് പാര്‍ട്ടി മത്സരിപ്പിക്കുകയുണ്ടായി. ഫലസതീനില്‍ ഹമാസിന്റെ പാര്‍ലമെന്റംഗങ്ങളിലും വനിതകളുണ്ട്. അവരില്‍, ഇതുവരെ ഇസ്രാഈലി തടവറയിലായിരുന്ന ഡോ. മറിയം സ്വാലിഹ കഴിഞ്ഞമാസമാണ് മോചിതയായത്. എന്നാല്‍ കുവൈത്തിലും ബഹ്റൈനിലും ഇഖ്വാന്‍, രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം നല്‍കിയിട്ടില്ല. ഗള്‍ഫ് വനിതകളുടെ പരമ്പരാഗത രീതികള്‍ക്ക് അതന്യമായതിനാലാവാം. കുവൈത്തിലെ ഇഖ്വാന്‍ ഒരുവേള വനിതകള്‍ക്ക് വോട്ടവകാശം നല്‍കുന്നതിനെ എതിര്‍ക്കുകപോലുമുണ്ടായി. എന്നാല്‍ പിന്നീട് നയം മാറ്റേണ്ടിവന്നു. യൂറോപ്പിലും അമേരിക്കയിലും ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ വിദ്യാസമ്പന്നരായ വനിതകളുണ്ട്. അമേരിക്കയില്‍ ഈയിടെ 'ഇസ്ന'യുടെ പ്രസിഡണ്ടായി തെരെഞ്ഞെടുക്കപ്പെട്ടത് ഒരു വനിതയാണ്. 'ഇന്‍ഗ്രിഡ് മേറ്റ്സണ്‍' നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ ഇസ്ലാമിക കൂട്ടായ്മയത്രെ 'ഇസ്ന'. ശൈഖ് റാശിദുല്‍ ഗനൂശി, ഡോക്ടര്‍ യൂസുഫുല്‍ ഖറദാവി തുടങ്ങിയ ഇക്കാലഘട്ടത്തിലെ പ്രസ്ഥാന ചിന്തകര്‍ സ്ത്രീ പങ്കാളിത്തത്തിന് വമ്പിച്ച പ്രാധാന്യമണ് നല്‍കിപ്പോരുന്നത്. പ്രസ്ഥാനത്തിനകത്തെ അനാരോഗ്യകരമായ പുരുഷമേധാവിത്വത്തെ ശൈഖ് ഖറദാവി രൂക്ഷമായി വിമര്‍ശിച്ചിട്ടുണ്ട്. ശൈഖ് ഗനൂശിയാവട്ടെ, 'സ്ത്രീയെ നേതാവാക്കിയവര്‍ വിജയിക്കുകയില്ല' തുടങ്ങിയ ഹദീസുകള്‍ വച്ച് സ്ത്രീക്ക് രാഷ്ട്രത്തിലെ പരമോന്നത പദവി പാടില്ലെന്ന വാദത്തെപ്പോലും ഖണ്ഡിക്കുകയുണ്ടായി. ഈയിടെ കേരളത്തില്‍ വന്നപ്പോള്‍, പ്രസ്ഥാനത്തിന് കേരളം എല്ലാ അര്‍ത്ഥത്തിലും മാതൃകയാണെന്നംഗീകരിക്കുമ്പോള്‍ തന്നെ, സ്ത്രീകളുടെ കാര്യത്തില്‍ കേരളത്തിലും പ്രസ്ഥാനം പിറകില്‍ തന്നെയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. ഭാവനയുള്ള നേതൃത്വം ലോകത്ത് ഇസ്ലാമിക പ്രസ്ഥാനങ്ങളുടെ ഇന്നു കാണുന്ന വിജയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നത് അവയുടെ ക്രാന്തദര്‍ശികളായ നേതാക്കളാണ്. ഒരു സംഘടനയുടെ വിജയം നിര്‍ണ്ണയിക്കുന്നതില്‍ ഏറ്റവും വലിയ പങ്ക് വഹിക്കുന്നത്, സംശയമില്ല, അതിന്റെ നേതൃത്വം തന്നെയാണ്. യോഗ്യരായ നേതാക്കളുണ്ടെങ്കില്‍ സമൂഹം അവരുടെ പിന്നാലെ വരും. തുര്‍ക്കിയിലെ ഉര്‍ദുഗാനും ഫലസ്തീനിലെ അഹ്മദ് യാസീന്‍ മുതല്‍ ഖാലിദ് മിശ്അല്‍ വരെയുള്ളവരും അതിന്റെ തെളിവത്രെ. തുര്‍ക്കിയില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ഉര്‍ദുഗാന്‍ ജനങ്ങളോട് പ്രഖ്യാപിച്ചത്, തന്റെ കക്ഷി പരാജയപ്പെടുകയാണെങ്കില്‍, പിന്നെ താന്‍ രാഷ്ട്രീയത്തിലുണ്ടാകുകയില്ല എന്നായിരുന്നു. അദ്ദേഹത്തിന്റെ കക്ഷിയെ വീണ്ടും തെരെഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്ക് അതുതന്നെ മതിയായ കാരണമായിരുന്നു. ഹമാസിന്റെ നേതൃത്വം, ലോകത്തെ ഏറ്റവും കുതന്ത്രശാലികളായ ജൂതന്മാരെ വരച്ച വരയില്‍ നിര്‍ത്തുന്നത്, സ്ട്രാറ്റജിയെ സ്ട്രാറ്റജി കൊണ്ട്, ആസൂത്രണത്തെ ആസൂത്രണം കൊണ്ട് നേരിടാന്‍ കെല്‍പുള്ള നേതൃത്വമുള്ളതുകൊണ്ടാണ്. ആ നേതൃപാടവത്തിനുമുമ്പില്‍ ഇസ്രായേല്‍ പലപ്പോഴും പതറുന്നത് ലോകം കണ്ടു. ഗസ്സ ഉപരോധം പിന്‍വലിച്ചത് ഒടുവിലത്തെ ഉദാഹരണം. എല്ലാ അറബ് രാഷ്ട്രങ്ങലും ഒന്നിച്ചുനിന്നിട്ടുപോലും ഇസ്രാഈലിനെതിരെ ചെയ്യാന്‍ കഴിയാത്തതാണ് ഇന്ന് 'ഹമാസ്' എന്ന പ്രസ്ഥാനം ചെയ്തുകൊണ്ടിരിക്കുന്നത്. ഈജിപ്തിലെ ഇഖ്വാന്, അതിന്റെ സമീപകാലചരിത്രത്തില്‍ ലഭിച്ച ഏറ്റവും നല്ല നേതൃത്വമാണ് ഇപ്പോഴത്തെ മുര്‍ശിദ് മഹ്ദി ആകിഫ്. സ്വിറ്റ്സര്‍ലണ്ടിലായിരുന്ന അദ്ദേഹത്തിന്റെ, വിശാലമായ ലോക പരിചയം ഇഖ്വാന്റെ സ്ട്രാറ്റജി നിര്‍ണ്ണയത്തില്‍ വലിയ പങ്കുവഹിക്കുകയും, കാറ്റിലും കോളിലും ആടിയുലയാതെ പ്രസ്ഥാനത്തെ പിടിച്ചുനിര്‍ത്തുകയും ചെയ്യുന്നു. ഫ്രാന്‍സിലും ജര്‍മ്മനിയിലുമായിരുന്ന മുഹമ്മദുല്‍ ഹംദാവി തിരിച്ചെത്തി മൊറോക്കോവിലെ പ്രസ്ഥാനത്തിന്റെ നേതൃത്വമേറ്റെടുത്ത ശേഷം ഉണ്ടായ പുരോഗതികളും ചെറുതല്ല. ബംഗ്ളാദേശ് ജമാഅത്തെ ഇസ്ലാമിയുടെ വിജയത്തിനു പിന്നില്‍ ഗുലാം അഅ്സം എന്ന വ്യക്തിത്വത്തിന്റെ ദീര്‍ഘദര്‍ശനത്തിന് വലിയ പങ്കുണ്ട്. അദ്ദേഹം വളര്‍ത്തിയെടുത്ത ചെറുപ്പക്കാരാണ് ഇന്ന് ബംഗ്ളാദേശിന്റെ എല്ലാ തുറകളിലും പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് നിറഞ്ഞു നില്‍ക്കുന്നത്. ഒരാള്‍ നേതാവായി ജനിക്കുകയാണ്, നേതാവ് നിര്‍മ്മിക്കപ്പെടുകയല്ല എന്ന വിശ്വാസം ഇന്ന് ഇസ്ലാമിസ്റുകള്‍ക്കില്ല. നേതൃത്വത്തെ കുറിച്ച് 50 വര്‍ഷത്തെ പഠനം നടത്തിയ 85 കഴിഞ്ഞ പ്രഫസര്‍ പീറ്റര്‍ ഡര്‍ക്കര്‍ പറഞ്ഞത്, നേതൃത്വം എന്നത് പഠിച്ചെടുക്കേണ്ട ഒന്നാണ്, അത് പഠിച്ചെടുക്കാന്‍ സാധിക്കുന്നതാണ് എന്നത്രെ. അതിനാല്‍ നേതൃപരിശീലനത്തിന് ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ ഇന്ന് വമ്പിച്ച പ്രാധാന്യം നല്‍കുന്നു. ലോകത്തിന്റെ പലഭാഗങ്ങളില്‍ അതിനായി ദശക്കണക്കിന് സ്ഥാപനങ്ങള്‍ അവര്‍ ഉണ്ടാക്കിയിട്ടുണ്ട്. നൂറുകണക്കിന് കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാശ്ചാത്യന്‍ സങ്കല്‍പങ്ങളെയും ഇസ്ലാമിക കാഴ്ചപ്പാടുകളെയും ഇഴ ചേര്‍ത്തുകൊണ്ട് പുതിയ മൊഡ്യൂളുകള്‍ വികസിപ്പിച്ചെടുത്തുകൊണ്ട് ഡോ. ത്വാരിഖ് സുവൈദാനെപ്പോലുള്ളവര്‍ ഈ രംഗത്ത് പ്രത്യേകം ശ്രദ്ധപതിപ്പിക്കുകയും പഠന-പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. പുതിയ നേതാക്കളെ വളര്‍ത്തിയെടുക്കാന്‍ മാത്രമല്ല, നിലവിലുള്ള നേതൃത്വത്തെ കൂടുതല്‍ യോഗ്യരാക്കാനും പ്രസ്ഥാനങ്ങള്‍ ഇത്തരം സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ട്. കാരണം, ഇന്നലത്തെ നേതാവ് ഇന്ന് നേതാവാകാന്‍ യോഗ്യനല്ല, അയാള്‍ അപ്പപ്പോള്‍ തന്നെ അപ്ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്നില്ലെങ്കില്‍. നേതൃത്വത്തെ കൃത്യമായി അളന്നു തിട്ടപ്പെടുത്താന്‍ യോഗ്യതയുള്ള അനുയായികളുണ്ടായി എന്നതുകൂടി പ്രസ്ഥാനങ്ങള്‍ക്ക് നല്ല നേതാക്കളുണ്ടാകാന്‍ കാരണമായിട്ടുണ്ട്. യോഗ്യത തെളിയിക്കാത്ത നേതാക്കള്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിഷ്കരുണം മാറ്റപ്പെടും. പഴമയോ പാരമ്പര്യമോ അതിനു തടസ്സമാവില്ല. ഈജിപ്തിലും ജോര്‍ദാനിലും മൊറോക്കോയിലുമൊക്കെ അതാണ് സംഭവിച്ചത്. നേതൃജോലികള്‍, നേതാക്കള്‍ക്കിടയില്‍ ശസ്ത്രീയമായി വീതിക്കാന്‍ പ്രസ്ഥാനങ്ങള്‍ ശ്രദ്ധിക്കുന്നു. എല്ലാം എല്ലാവരും ചെയ്യുകയല്ല, ചിലര്‍ ചിലത്, അതുതന്നെ തങ്ങള്‍ക്ക് ഏറ്റവും കഴിയുന്നത് ചെയ്യുകയും ഓരോരുത്തരും തങ്ങളുടെ മേഖലയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും, അത് വിജയിപ്പിച്ചെടുക്കുകയുമാണ്. ചിലര്‍ക്ക് രാഷ്ട്രീയം ഏല്‍പിക്കപ്പെട്ടിരിക്കുന്നു. വേറെ ചിലര്‍ ശുദ്ധ 'മുറബ്ബി'കളാണ്. മറ്റു ചിലര്‍ ചിന്താപരമായ പ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം നല്‍കപ്പെട്ടവര്‍. ഇനിയും ചിലര്‍ അക്കാദമിക കാര്യങ്ങളില്‍ മാത്രം വ്യാപൃതര്‍. ചിലര്‍ ഗ്രന്ഥരചനകളില്‍. വേറെ ചിലര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍. ഓരോ മേഖലകളിലും അതാതിന്റെ ഉത്തരവാദിത്തമുള്ളവര്‍ മാത്രം. എല്ലാം എല്ലാവരും ചെയ്ത് എല്ലാം ഒന്നുമല്ലാതാകുന്ന പ്രശ്നമില്ല. സമാപനം ഇസ്ലാമിക പ്രസ്ഥാനങ്ങള്‍ പുതിയ സാഹചര്യത്തില്‍ സ്വീകരിച്ചുകഴിഞ്ഞ പുതിയ സ്ട്രാറ്റജിയുടെ ചില ഉദാഹരണങ്ങള്‍ മാത്രമാണ് ഇതുവരെ സൂചിപ്പിച്ചത്. പ്രസ്ഥാനങ്ങള്‍ എല്ലാ രംഗത്തും കുറ്റമറ്റ പുരോഗതികള്‍ കൈവരിച്ചു കഴിഞ്ഞുവെന്ന് ഇതിനര്‍ത്ഥമില്ല. അവയ്ക്ക് ഇനിയും കടമ്പകള്‍ കുറെ കടക്കാനുണ്ട്. ആത്മപരിശോധനയും തിരുത്തലുകളും അനിവാര്യമായ മേഖലകള്‍ ഇനിയും ബാക്കിയുണ്ട്. ആ ദിശയിലുള്ള ക്രിയാത്മകമായ കുറെ ചുവടുവെയ്പുകള്‍ നടന്നുവെന്നു മാത്രമേ പറയാനാവൂ. ഇപ്പോള്‍ സ്വീകരിച്ചുകഴിഞ്ഞ സ്രട്രാറ്റജി അവസാനത്തേതാവണമെന്നില്ല. കാലാനുസൃതമായി അവ ഇനിയും പുരോഗമിച്ചുകൊണ്ടിരിക്കേണ്ടതുണ്ട്. ഇന്ത്യയിലെ ഇസ്ലാമിക പ്രസ്ഥാനങ്ങളെ സംബന്ധിച്ചിടത്തോളം, ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളെ അപ്പാടെ പകര്‍ത്തുക വയ്യ. കാരണം, ഇവിടെ സാഹചര്യങ്ങള്‍ വ്യത്യസ്തമാണ്. എന്നാല്‍, സാഹചര്യങ്ങളുടെ വ്യത്യസ്തത പറഞ്ഞ് എല്ലാ പുരോഗമനങ്ങള്‍ക്കും പുനര്‍വിചിന്തനങ്ങള്‍ക്കും നേരെ പുറംതിരിഞ്ഞ് നില്‍ക്കാനാവില്ല. അത് ഇസ്ലാമിനോടുതന്നെ ചെയ്യുന്ന കടുത്ത അപരാധമായിരിക്കുമെന്ന് തീര്‍ച്ച. പുറമെ, കാലത്തോടൊപ്പം സഞ്ചരിക്കാന്‍ ആര്‍ജവം കാണിക്കാത്ത പ്രസ്ഥാനങ്ങള്‍ക്ക് കാലം ശവപ്പറമ്പൊരുക്കിയതായാണനുഭവം.

1 comment:

  1. Harrah's Hotel & Casino - Mapyro
    Find Harrah's Hotel & Casino 경산 출장안마 locations, rates, amenities: expert Harrah's research, only at 전라북도 출장마사지 Hotel and Travel 김제 출장마사지 Index. 춘천 출장안마 Realtime driving directions to 아산 출장샵 Harrah's

    ReplyDelete