10 June 2009

ഇസ്ലാമിക പ്രസ്ഥാനം വിലയിരുത്തപ്പെടുന്നു


ഇസ്ലാമിക പ്രസ്ഥാനം വിലയിരുത്തപ്പെടുന്നു

റാശിദുല്‍ ഗന്നൂഷി
വിവ: ഡോ. അബ്ദുസ്സലാം വാണിയമ്പലം
തകാല ചരിത്രത്തെ പ്രകീര്‍ത്തിച്ച് സായൂജ്യമടയുകയോ നിലവിലുള്ളതിന്റെ തികവ് സമര്‍ത്ഥിച്ച് കൃതാര്‍ത്ഥമാവുകയോ ചെയ്യുന്നതിനു പകരം, നിലപാടുകളെ നിശിതമായ നിരൂപണങ്ങള്‍ നടത്തി ശരിയില്‍ നിന്ന് കൂടുതല്‍ ശരിയിലേക്ക് പ്രയാണം നടത്തുകയാണ് ഇസ്ലാമിക പ്രസ്ഥാനം ചെയ്യേണ്ടത്. ഈ കാഴ്ചപ്പാടിന്റെ മുന്‍നിര വക്താവാണ് ശൈഖ് റാശിദുല്‍ ഗന്നൂശി.മുസ്ലിം സമൂഹത്തെ അതിന്റെ അധഃപതനത്തിന്റെ പൈതൃകത്തില്‍ നിന്നും പാശ്ചാത്യന്‍ അധിനിവേശത്തിന്റെ അനന്തരഫലങ്ങളില്‍ നിന്നും മോചിപ്പിച്ചെടുക്കുവാനുള്ള ശ്രമത്തില്‍ ഇസ്ലാമിക പ്രസ്ഥാനം വമ്പിച്ച നേട്ടങ്ങള്‍ കൈവരിക്കുകയുണ്ടായിട്ടുണ്ട്. എന്നാല്‍, 'ഭൂമിയില്‍ അല്ലാഹുവിന്റെ നിയമങ്ങള്‍ സ്ഥാപിച്ചെടുക്കുക' എന്ന ലക്ഷ്യത്തില്‍ നിന്ന് ഇപ്പോഴും അത് വിദൂരത്തു തന്നെയാണുള്ളത്. ചില കുഴമറിച്ചിലുകളുണ്ടെങ്കിലും എടുത്തുപറയേണ്ട ഇറാന്‍ അനുഭവം മാത്രമാണപവാദം. പടിഞ്ഞാറും അവരുടെ ഏജന്റുമാരും പരമ്പരാഗത മതവൃത്തങ്ങളും ഇസ്ലാമിക പ്രസ്ഥാനത്തിനും ചുറ്റും ജ്വലിപ്പിച്ചുകൊണ്ടിരിക്കുന്ന വിദ്വേഷത്തിന്റേതായ സാഹചര്യങ്ങള്‍ നിലനില്‍ക്കുന്നുവെന്നത് ശരിയാണ്. പക്ഷെ അതുമാത്രമല്ല ലക്ഷ്യം നേടാതിരിക്കാനുള്ള കാരണം. ഇസ്ലാമിക പ്രസ്ഥാനത്തിന്റെ തന്നെ ആഭ്യന്തര ന്യൂനതകളും കാരണങ്ങളാണ്. പ്രസ്ഥാനത്തിനകത്ത് വ്യാപകമായി നിലനില്‍ക്കുന്ന ചിന്താരീതിയാണ് അടിസ്ഥാന പ്രശ്നം. സമുദായത്തിന്റെ അധഃപതനകാലഘട്ടത്തെയാണ് ആ ചിന്താരീതി മോഡലായി തൃപ്തിപ്പെട്ടിരിക്കുന്നത്. ഇക്കാലഘട്ടത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി ഒരു ബന്ധവുമില്ലാത്തതാണ് ആ അധഃപതന കാലഘട്ടം. അന്നത്തെ സാഹചര്യങ്ങള്‍ നമ്മുടെ സാഹചര്യങ്ങളുമായി ഒരു യോജിപ്പുമുള്ളതല്ല. ഇത്തരം ഒരു വാര്‍പ്പുമാതൃകാ ചിന്താരീതി കാരണമായി, തന്റെ കാലഘട്ടത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ മനസ്സിലാക്കാനും പുതിയ പുരോഗതികളെ ഉള്‍ക്കൊള്ളാനും പുതിയ കാലഘട്ടത്തിന്റെ ചാലകശക്തികളെയും അതിനകത്ത് നിലനില്‍ക്കുന്ന സാധ്യതകളെയും തിരിച്ചറിയാനും മുസ്ലിമിന്നു സാധിക്കാതെ പോയി. ആ സാധ്യതകളെ വിസ്ഫോടനം നടത്തുവാനും കാലഘട്ടത്തിന്റെ ചാലക ശക്തികളുമായി ആദാനപ്രദാനം നടത്തുവാനും അവയെ ഉപയോഗപ്പെടുത്തുവാനും അതുകൊണ്ടുതന്നെ കഴിഞ്ഞില്ല. പുതിയ സാഹചര്യത്തെയും അതുള്‍ക്കൊള്ളുന്ന സാധ്യതകളെയും ഉള്‍ക്കൊള്ളാന്‍ കഴിയാതിരുന്നതിന്റെ, ആ സാധ്യതകളെ ഉപയോഗപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടതിന്റെ ചില ഉദാഹരണങ്ങള്‍ പറയാം:

ഒന്ന്: തൊഴിലാളി വര്‍ഗത്തോടുള്ള നിലപാട്
മുതലാളിത്വ-സോഷ്യലിസ്റ് വ്യവസ്ഥിതികളില്‍ ഒരു വലിയ 'ഇഷ്യു'വാണ് തൊഴിലാളി വര്‍ഗം. വ്യവസ്ഥിതികളുടെയും രാഷ്ട്രീയങ്ങളുടെയും ഗതിനിര്‍ണയിക്കുന്ന വിഭാഗം. എന്നാല്‍ ഇസ്ലാമിസ്റുകള്‍ക്ക് അവരില്‍ സ്വാധീനം ചെലുത്താനോ അവരെ ഉപയോഗപ്പെടുത്താനോ സാധിച്ചില്ല. അവരെ തീര്‍ത്തും ഇടത് - വലത് ഐഡിയോളജികള്‍ക്ക് വിട്ടുകൊടുക്കുകയാണ് ഇസ്ലാമിസ്റുകള്‍ ചെയ്തത്. ഈ മേഖലയില്‍ ഇസ്ലാമിസ്റുകളുടെ സ്വാധീനം ദുര്‍ബലമാകാനുള്ള കാരണം അവര്‍ക്ക് തൊഴിലാളികളുടെ പ്രശ്നങ്ങളെ കുറിച്ച അവബോധമില്ലായ്മയാണ്. ആദര്‍ശപരവും ധാര്‍മികവുമെന്നതിലുമുപരി ആ പ്രശ്നങ്ങള്‍ സാമൂഹിക-രാഷ്ട്രീയ പ്രകൃതമുള്ളതാണല്ലോ. പ്രശ്നങ്ങളെ വെറും ആദര്‍ശ - ധാര്‍മിക പരിപ്രേക്ഷ്യത്തില്‍ നിന്നു കൈകാര്യം ചെയ്യുന്ന ഇസ്ലാമിസ്റുകള്‍ക്കെങ്ങനെ ഈ വിഭാഗവുമായി സംവദിക്കാനാവും? അവര്‍ സാമൂഹ്യപ്രശ്നങ്ങള്‍ക്ക് ഇടുങ്ങിയ ഇടമല്ലേ അനുവദിച്ചിട്ടുള്ളൂ. അതില്‍ തന്നെയും സാമൂഹ്യനീതി എന്ന മുദ്രാവാക്യം ആവര്‍ത്തിച്ചുരുവിടുക മാത്രമാണവര്‍ ചെയ്യുന്നത്. മുദ്രാവാക്യത്തിന്റെ ഉള്ളടക്കം പോലും കൃത്യമായി നിര്‍ണയിച്ചിട്ടുമില്ല. അതിനാല്‍, അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇസ്ലാമിസ്റുകളുടെ ആഹ്വാനങ്ങള്‍ക്ക് കൂടുതല്‍ പ്രതികരണമുണ്ടാകാതിരിക്കുക സ്വാഭാവികമാണ്. കാരണം അവരുടേതല്ലാത്ത പ്രശ്നങ്ങളെപ്പറ്റിയാണ് ഇസ്ലാമിസ്റുകള്‍ സംസാരിക്കുന്നത്. സമൂഹങ്ങളുടെ പ്രശ്നങ്ങളില്‍ മാറ്റങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്ലാമിസ്റുകള്‍ക്ക് ഒരു മാറ്റവുമില്ല. അവര്‍ വിദൂരത്ത്, വേറെയെവിടെയോ മാറി നിന്ന് ജനങ്ങളെ വിളിച്ചുകൊണ്ടിരിക്കുന്നു!

രണ്ട്: വനിതകളോടുള്ള നിലപാട്
സമൂഹങ്ങളുടെ ഗതി നിര്‍ണയിക്കുന്നതില്‍ വനിതകള്‍ക്കുള്ള സ്വാധീനം ആര്‍ക്കും അജ്ഞാതമല്ല. ചുരുങ്ങിയത് സമൂഹത്തിന്റെ പകുതിയാണവര്‍. ബാക്കി പകുതി അവരുടെ മടിത്തട്ടിലാണ് വളരുന്നത്. സ്ത്രീ സമൂഹത്തിന്റെ വളരെ വലിയ പ്രധാന്യം ഇതില്‍ നിന്ന് വ്യക്തമാണല്ലോ. എന്നാല്‍ ഇസ്ലാമിസ്റുകള്‍ അവരുമായി സംവദിക്കുന്നത് പരിമിതമാണ്. നേരത്തെ പറഞ്ഞതു തന്നെയാണ് കാരണം. സമുദായത്തിന്റെ അധപതനകാലഘട്ടങ്ങളില്‍ സ്ത്രീ അനുഭവിച്ചതും ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നതുമായ അനീതികള്‍, അവളുടെ ചക്രവാളങ്ങളെ ചുരുക്കിക്കെട്ടിയത്, ജീവിതത്തിലും നാഗരികതയിലുമുളള അവളുടെ പങ്കിനെ കുറച്ചുകാട്ടിയത്, അവളുടെ വ്യക്തിത്വത്തെ മായ്ച്ചു കളഞ്ഞത്, അവളെ വെറും ഉപഭോഗവസ്തുവാക്കിമാറ്റിയത്, അതൊക്കെത്തന്നെയും ഇസ്ലാമിന്റെ പേരില്‍! ഇതൊന്നും ഇസ്ലാമിസ്റുകളുടെ അവബോധത്തില്‍ വന്നില്ല. പാശ്ചാത്യന്‍ അധിനിവേശത്തിന്റെ പ്രവാഹത്തില്‍ മൂല്യങ്ങളൊക്കെയും കുത്തിയൊലിച്ചുപോയപ്പോള്‍, നമ്മുടെ സാമൂഹിക അസ്തിത്വത്തെ അതു തുടച്ചുനീക്കിയപ്പോള്‍, സ്വാതന്ത്യ്രത്തിന്റെയും പുരോഗതിയുടെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ പകരം വച്ചപ്പോള്‍, തരാതരം പീഡനങ്ങളില്‍ പിടഞ്ഞുകൊണ്ടിരുന്ന സ്ത്രീ, അത്തരം പടിഞ്ഞാറന്‍ പ്രലോഭനങ്ങളില്‍ വീണത് സ്വാഭാവികമായിരുന്നു. തങ്ങള്‍ക്ക് നേരെയുള്ള അനീതികള്‍ക്ക് ഇസ്ലാമില്‍ ന്യായങ്ങളുണ്ട് എന്നവര്‍ കരുതി. കാരണം ഇസ്ലാമിന്റെ ആളുകള്‍ അവയ്ക്കുനേരെ മൌനം പാലിക്കുകയായിരുന്നല്ലോ. വനിതകളുടെ കാര്യത്തില്‍ സംഭവിച്ച ഈ ജീര്‍ണതകള്‍ക്കെതിരെ ഇസ്ലാമിന്റെ പുറത്തുനിന്ന് ഒരു വിപ്ളവം പൊട്ടിപ്പുറപ്പെടുക സ്വാഭാവികമായിരുന്നു. ഇസ്ലാം ആകപ്പാടെ സ്ത്രീക്ക് പര്‍ദ്ദ നിര്‍ബന്ധമാക്കുന്നു, അതുവഴി അവളെ വീട്ടില്‍ തളച്ചിടുന്നു, പുരുഷന്റെ ഉപഭോഗ വസ്തുവാക്കുന്നു, വിജ്ഞാനം അവള്‍ക്കാവശ്യമില്ല, സ്വാതന്ത്യ്രമില്ല, രാജ്യത്തിന്റെയോ സമൂഹത്തിന്റെയോ ഭാഗധേയത്തില്‍ പങ്കില്ല എന്നൊക്കെയുള്ള ധാരണ ആ ഇസ്ലാം ബാഹ്യ വിപ്ളവത്തിലൂടെ സ്ത്രീകളില്‍ രൂഢമൂലമാക്കിയെടുത്തു. സ്വാതന്ത്യ്രവും സ്വന്തം അസ്തിത്വവും സംരക്ഷിക്കുവാന്‍ ഇസ്ലാമിനോടും പര്‍ദ്ദ പോലുള്ള അതിന്റെ സംസ്കാരങ്ങളോടും കലഹിക്കുകയേ മാര്‍ഗമുള്ളൂ, പടിഞ്ഞാറിനെ അനുകരിക്കുകയാണു വേണ്ടത് എന്നൊക്കെയുള്ള കാഴ്ചപ്പാട് സൃഷ്ടിച്ചെടുത്തു. ഈ സാഹചര്യത്തിലാണ് ഇസ്ലാമിക പ്രസ്ഥാനം രംഗത്തുവരുന്നത് . അതു കാണുന്നത് ആകെ കുത്തഴിഞ്ഞ സമൂഹത്തെയാണ്. സ്ത്രീയുടെ നഗ്നതാ പ്രദര്‍ശനം, വീട്വിട്ടു പുറത്തുപോകല്‍, പുരുഷന്‍മാരുമായുള്ള ഇടകലരല്‍ തുടങ്ങിയ ഉപരിപ്ളവ ദൃശ്യങ്ങളേ പ്രസ്ഥാനം കണ്ടുള്ളൂ. ഇത്തരം പ്രവണതകള്‍ക്കെതിരെ രോഷംകൊണ്ട്, ഇസ്ലാമിലേക്ക് മടങ്ങാന്‍ അതാഹ്വാനം ചെയ്തുകൊണ്ടിരുന്നു. ഇസ്ലാമിലേക്ക് മടങ്ങുക എന്നു പറഞ്ഞാല്‍ തങ്ങളുടെ അവകാശ നിഷേധങ്ങളിലേക്കും വ്യക്തിത്വ നഷ്ടത്തിലേക്കുമുള്ള തിരിച്ചുപോക്ക് എന്ന ഒരു ധാരണയാണ് സ്ത്രീക്കുണ്ടായത്. അതുകൊണ്ട്, തങ്ങളുടെ പ്രശ്നങ്ങളെ വെറും ധാര്‍മിക പ്രശ്നങ്ങളിലേക്ക് ചുരുക്കിക്കെട്ടിയ ഇസ്ലാമിസ്റുകളുടെ അവതരണ രീതികളെ സ്വാഭാവികമായും സ്ത്രീകള്‍ പരിഗണിച്ചില്ല. മറുപക്ഷത്തുള്ള 'സ്ത്രീ വിമോചനത്തിന്റെ' വീണമീട്ടുന്നവരോടാണ് അവര്‍ ചായ്വ് പ്രകടിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ സ്ത്രീ വിമോചനം എന്നത് ശരിയായ മുദ്രാവാക്യമാണ്. അതിന്റെ ഉള്ളടക്കം ശരിയാംവണ്ണം നിര്‍ണയിക്കണമെന്നേയുള്ളൂ. സ്ത്രീകളുടെ പ്രശ്നങ്ങളെ സാമൂഹികമായും ഫിലോസഫിക്കലായും സമീപിക്കുമ്പോള്‍ അത് വെറും നഗ്നതാ പ്രദര്‍ശനത്തിന്റെയോ സ്ത്രീ പുരുഷ കൂടിക്കലരലിന്റെയോ പ്രശ്നമല്ല. അതിനപ്പുറം, അനീതിയുടെയും അടിമത്വത്തിന്റെയും പ്രശ്നമാണ്. മതത്തിന്റെ മുഖാവരണമണിഞ്ഞ ജീര്‍ണത അവളെന്ന മനുഷ്യനിലെ മനുഷ്യത്വത്തെ കവര്‍ന്നെടുക്കുകയും സ്വന്തം ഭാഗധേയം നിര്‍ണയിക്കുവാനുള്ള അവകാശത്തെ പറിച്ചെടുക്കുകയും ചെയ്ത പ്രശ്നമാണത്. യഥാര്‍ത്ഥത്തില്‍ സ്ത്രീയെ മോചിപ്പിച്ചെടുക്കുമെന്ന വാദവുമായി വന്ന പടിഞ്ഞാറിന്റെ ഭൌതിക തത്വശാസ്ത്രം അവള്‍ക്ക് കൂടുതല്‍ ചങ്ങലകളും അടിമത്തവും നല്‍കുകയാണ് ചെയ്തത്. അടിമത്വത്തിന്റെ രൂപം മാറിയെന്നേയൂള്ളൂ. മുമ്പവള്‍ പുരുഷന്റെയോ കുടുംബത്തിന്റെയോ അടിമയായിരുന്നുവെങ്കില്‍ ഭൌതിക തത്വശാസ്ത്രത്തില്‍ മുതലാളിത്വ-മീഡിയ-രാഷ്ട്രീയ കോര്‍പറേറ്റുകളുടെ അടിമയായി എന്നുമാത്രം. അവളുടെ ശരീരം കൊണ്ടു കച്ചവടം നടത്തുന്നു. പരസ്യത്തിന് ചരക്കുകളുടെ പ്രചാരത്തിന്, രാഷ്ട്രീയക്കാരന്റെ പ്രചരണത്തിന് ഉപയോഗിക്കപ്പെടുന്ന അടിമയായവള്‍. സ്ത്രീയെ അവളുടെ സ്വത്വത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന വിമോചനപ്രസ്ഥാനമാണ് ഇന്ന് ഏറ്റവും വലിയ ആവശ്യം. പുരുഷന്റെ പോരാട്ടത്തിലെ സഹയാത്രിക എന്ന അവളുടെ പ്രകൃതത്തിലേക്ക് തിരിച്ചുകൊണ്ടുപോകുന്ന പ്രസ്ഥാനം. ലോകത്ത് അനീതിക്കും ചൂഷണത്തിനുമെതിരെ പോരാടാന്‍ അവളെ സ്വതന്ത്രയാക്കുകയും അല്ലാഹുവല്ലാത്ത എല്ലാ അധികാരികളില്‍ നിന്നും അവളെ വിമോചിപ്പിച്ചെടുക്കുകയുമാണ് വേണ്ടത്.

മൂന്ന്: സൌന്ദര്യബോധത്തോടുള്ള സമീപനം
സൌന്ദര്യബോധം മനുഷ്യന്റെ സവിശേഷതയാണ്. സുന്ദരകലകള്‍ എന്ന പേരില്‍ പല വിധേനയും മനുഷ്യന്‍ അത് പ്രകടിപ്പിക്കുന്നു. സാങ്കേതികവിദ്യ പുരോഗമിക്കുകയും മനുഷ്യന്റെ പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുകയും ഐഡിയോളജികളുടെ പരസ്പര സംഘട്ടനങ്ങള്‍ നടക്കുകയും ചെയ്യുന്ന ഇക്കാലഘട്ടത്തില്‍ സൌന്ദര്യ കലകളുടെ പ്രാധാന്യം വര്‍ദ്ധിച്ചിട്ടുണ്ട്. സാമ്പത്തിക മേഖലയില്‍ പണം കൊയ്യാനുള്ള അടിസ്ഥാന മാര്‍ഗമായിരിക്കുന്നു അത്. ദാര്‍ശനിക - രാഷ്ട്രീയ മേഖലകളിലാവട്ടെ ആദര്‍ശ-പാര്‍ട്ടി പ്രചാരണങ്ങളുടെയും പൊതുജനങ്ങളെ സ്വാധീനിക്കുന്നതിന്റെയും ബോധവല്‍ക്കരിക്കുന്നതിന്റെയും ഏറ്റവും നല്ല ഉപകരണമാണത്. ഇസ്ലാം സൌന്ദര്യത്തിന് വമ്പിച്ച പ്രാധാന്യം നല്‍കി. അതിനെ അല്ലാഹുവിന്റെ വിശേഷണമായി പരിഗണിച്ചു. നിസ്തുലനായ സൃഷ്ടാവില്‍ വിശ്വാസം കൊള്ളുവാനും അവനെ വഴങ്ങുവാനുമുളള പ്രചോദനങ്ങളിലൊന്നായി ഗണിച്ചു. എന്നാല്‍, അങ്ങനെയൊക്കെയായിട്ടും ഇസ്ലാമിക പ്രസ്ഥാനത്തില്‍ ഇന്നും അതവഗണിക്കപ്പെട്ടുതന്നെ കിടക്കുകയാണ്. ഇസ്ലാമിക വ്യക്തിത്വത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്നാണ് സൌന്ദര്യബോധം എന്നറിഞ്ഞ് അതിനെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രസ്ഥാനം ശ്രദ്ധിക്കുന്നില്ല. നാടകം, സിനിമ, ചിത്രം, ഗാനം, ഫോട്ടോഗ്രാഫി തുടങ്ങിയ പല കലകളെയും അതവഗണിച്ചിരിക്കുന്നു. ഈ രംഗത്ത് ഒരു ദര്‍ശനമുണ്ടാക്കാനോ അനുവദനീയതയുടെയും അനനുവദനീയതയുടെയും അതിര്‍ നിര്‍ണയിക്കാനോ ആയില്ല. നിരീശ്വര ഉള്ളടക്കത്തില്‍ നിന്നു മോചിപ്പിച്ചെടുത്ത് നമ്മുടെ മൂല്യങ്ങളിലും പൈതൃകങ്ങളിലും അവയെ സന്നിവേശിപ്പിക്കാനായില്ല. തദ്വാരാ, അവയെ അല്ലാഹുവിനു വഴിപ്പെടുന്നതിനുള്ള മാധ്യമങ്ങളാക്കി മാറ്റാന്‍ സാധിച്ചില്ല. ദുര്‍ബലരുടെയും പാവങ്ങളുടെയും പ്രശ്നങ്ങളെപ്പറ്റി, കലയെ ബോധവല്‍കരിക്കുകയും അനീതിക്കെതിരെയുള്ള വിപ്ളവത്തിന് അതിനെ പ്രചോദിപ്പിക്കുകയും ചെയ്യാന്‍ കഴിഞ്ഞില്ല. ആധുനിക കലാനുഭവങ്ങളെ ഉള്‍ക്കൊള്ളാനും മൌലികവും കാലികവുമായൊരു ഇസ്ലാമിക കലയെ വികസിപ്പിച്ചെടുക്കുവാനും അതിനെ ഉപയോഗപ്പെടുത്താനും യോഗ്യരായ മഹാരഥന്മാര്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് ഇന്നെത്ര ആവശ്യമാണ്! ഇസ്ലാമിന്റെ പ്രകാശം മനുഷ്യ ഹൃദയങ്ങളിലേക്ക് പ്രസരിപ്പിക്കുകയും എന്നിട്ട് ഹൃദയങ്ങളെ അത് പ്രകാശിപ്പിക്കുകയും ചലിപ്പിക്കുകയും ചെയ്യണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടോ? ആനുകാലിക ജാഹിലിയ്യത്ത് മനുഷ്യ ഹൃദയത്തില്‍ പടര്‍ത്തിയിരിക്കുന്ന കൂരിരുട്ടില്‍ നിന്നു അതിനെ മോചിപ്പിച്ചെടുക്കണമെന്ന് നാം ഉദ്ദേശിക്കുന്നുണ്ടോ ? പാശ്ചാത്യന്‍ ആധിപത്യത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിച്ചെടുക്കുകയും നീതിയുടെയും ഏകദൈവത്വത്തിന്റെയും അടിത്തറമേല്‍ മാനുഷിക നാഗരികത കെട്ടിപ്പടുക്കുകയും ചെയ്യുന്ന, വിമോചനത്തിന്റെ ദൈവിക മൂല്യങ്ങള്‍കൊണ്ട് ആ ഹൃദയങ്ങള്‍ നിര്‍ഭരമാകണമെന്ന് നാമുദ്ദേശിക്കുന്നുണ്ടോ? എങ്കില്‍ കലയെ അതിന്നുവേണ്ടി ഉപയോഗപ്പെടുത്താതിരിക്കാന്‍ നമുക്ക് കഴിയില്ല. കലയുടെ ലോകത്തേക്ക്, അതിന്റെ വിജ്ഞാനീയങ്ങളിലേക്ക്, സ്ഥാപനങ്ങളിലേക്ക് അടിച്ചുകേറുന്ന, അതിനെ ഉള്‍ക്കൊണ്ട് പുതിയൊരു ലോകത്തേക്ക് വഴി വരച്ചിടുന്ന കുറച്ചാളുകള്‍ രംഗത്തുവന്നെങ്കില്‍ അതെത്ര മഹത്തായ പ്രവര്‍ത്തനമായിരിക്കും. മൂസയുടെ ധൈര്യത്തോടെ ചെയ്യണം അത്. ബനൂ ഇസ്രാഈലിന്റെ ആശങ്കകളോടെയല്ല'. 'അവര്‍ മറുപടി കൊടുത്തു: ഹേ മൂസാ, അവിടെ അതിപ്രബലരായ ജനമാണുള്ളത് അവര്‍ പുറത്തുപോകാതെ ഞങ്ങള്‍ അങ്ങോട്ടും കടക്കുകയില്ല തന്നെ. അവര്‍ അവിടന്നു പോവുകയാണെങ്കില്‍ ഞങ്ങള്‍ അങ്ങോട്ടു പ്രവേശിച്ചുകൊള്ളാം' (അല്‍ മാഇദഃ 22). 'ഭീരുക്കളായ ആ ജനത്തില്‍ അല്ലാഹുവിന്റെ പ്രത്യേക അനുഗ്രഹം ലഭിച്ച രണ്ടാളുകളുണ്ടായിരുന്നു. അവര്‍ പറഞ്ഞു: ആ പ്രബലന്മാര്‍ക്കെതിരെ നിങ്ങള്‍ കവാടത്തിലൂടെ കടന്നുചെല്ലുവിന്‍. അകത്തെത്തിച്ചേര്‍ന്നാല്‍ നിങ്ങള്‍ തന്നെയാണ് ജേതാക്കളാവുക. നിങ്ങള്‍ വിശ്വാസികളെങ്കില്‍ അല്ലാഹുവില്‍ ഭരമേല്‍പിക്കുവിന്‍' (അല്‍ മാഇദഃ 23). അടിച്ചുകേറുന്ന മാനസികാവസ്ഥയും ഓടിയൊളിക്കുന്ന മാനസികാവസ്ഥയും തമ്മില്‍ വലിയ അന്തരമുണ്ട്.

'വാര്‍പ്പുമാതൃക'യുടെ പ്രശ്നങ്ങള്‍

ഇസ്ലാമിസ്റുകള്‍ മാതൃകായോഗ്യമെന്നു കരുതുന്ന ഒരു വാര്‍പ്പുമാതൃകയുണ്ട്. ആ വാര്‍പ്പുമാതൃകയുടെ കാഴ്ചപ്പാടിലൂടെയാണ് തങ്ങളുടെ ലോകത്തെ അവര്‍ നോക്കിക്കാണുന്നത് എന്നതാണ് പ്രശ്നം. ആ ലോകത്തെയും അതിന്റെ സധ്യതകളെയും ഉള്‍ക്കൊള്ളുന്നതിന്നും, ആ ലോകത്തെപ്പറ്റി ശരിയായ അവബോധം സമര്‍പ്പിക്കുന്ന ഒരു ഇസ്ലാമിക ചിന്തയെ വികസിപ്പിച്ചെടുക്കുന്നതിനും, ആ ലോകത്തിന്റെ സാധ്യതകളെ തങ്ങളുടെ ഇസ്ലാമിക നാഗരികതയ്ക്കനുകൂലമായി ഉപയോഗപ്പെടുത്തുന്നതിനും അവരെ അശക്തരാക്കുന്നത് ആ കാഴ്ചപ്പാടാണ്. കാലിക യാഥാര്‍ഥ്യങ്ങളോട് പുറം തിരിഞ്ഞു നില്‍ക്കുന്ന ആ കാഴ്ചപ്പാടാണ് പല ഇസ്ലാമിക പ്രസ്ഥാനങ്ങളെയും ഉപരിവര്‍ഗ പ്രസ്ഥാനങ്ങളാക്കിമാറ്റിയത്. ഒരുപറ്റം മധ്യവര്‍ഗ വിദ്യാസമ്പന്നരെയാണ് അവയ്ക്ക് കിട്ടിയത്. പൊതുജനത്തിന്റെ പ്രശ്നങ്ങളെ മനസ്സിലാക്കാനവര്‍ക്കാവില്ല എന്നതിനാല്‍ അവര്‍ ബഹുജനങ്ങളുമായി ഒരു ബന്ധവുമില്ലാത്തവരായിരിക്കും. ബഹുജനത്തെ ആകര്‍ഷിക്കാനാവുന്ന പ്രസ്ഥാനങ്ങള്‍ക്കു തന്നെ അവരെ ഇസ്ലാമിന്നനുഗുണമായി ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നില്ല. തന്നെയുമല്ല, പ്രസ്ഥാനത്തിന്റെ അണി എത്ര വിശാലമായാലും ആ അണിയുടെ സ്വാധീനം ദുര്‍ബലമായി നില്‍ക്കുന്നു. കാരണം അവരുടെ സാംസ്കാരിക ഘടന സമൂഹമധ്യത്തില്‍ നിന്നവരെ അകറ്റി നിര്‍ത്തുന്ന തരത്തിലുള്ളതാണ്. സമൂഹത്തെ മനസ്സിലാക്കാനുള്ള കഴിവ് അതുവഴി പ്രസ്ഥാനത്തിന് നഷ്ടപ്പെടുന്നു. സമൂഹം അനുഭവിക്കുന്ന പ്രശ്നങ്ങളല്ല, വേറെയെന്തൊക്കെയോ കാര്യങ്ങളെക്കുറിച്ചാണ് പ്രസ്ഥാനം സംസാരിച്ചുകൊണ്ടിരിക്കുന്നത്. അതിനാല്‍, ബഹുജനങ്ങളുമായി ആദാന-പ്രദാനങ്ങള്‍ സാധിക്കാതെ പോവുന്നു. തദടിസ്ഥാനത്തിലാണ് തുനീഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനം ഇസ്ലാമിക പ്രബോധനത്തിന്റെ വാര്‍പ്പു മാതൃകകളില്‍ നിന്നു രക്ഷപ്പെടേണ്ടതിന്റെ അനിവാര്യത തിരിച്ചറിഞ്ഞത്. ഇസ്ലാം എല്ലാ കാലത്തിനും ഏതു ദേശത്തിനും ഫിറ്റാവണമെങ്കില്‍, ആ ശാശ്വത ഇസ്ലാം, ഓരോ കാലഘട്ടത്തിന്റെയും സവിശേഷതകള്‍ക്കും ഉള്ളടക്കങ്ങള്‍ക്കും വലിയ പ്രാധാന്യം കൊടുക്കേണ്ടതുണ്ട്. അപ്പോഴേ അതാത് കാലഘട്ടത്തെ സ്വാധീനിക്കുവാനും ആ കാലഘട്ടത്തിന്റെ സ്ഥാപനങ്ങളില്‍ ആവശ്യമായ പരിവര്‍ത്തനങ്ങള്‍ വരുത്താനും സാധിക്കുകയുള്ളൂ. പണ്ടേ പണ്ഡിതന്മാര്‍ പറഞ്ഞിട്ടുണ്ട്, നാട്ടു നടപ്പിന് (ഉറുഫ്) ഇസ്ലാമിക ശരീഅത്തിന്റെ ഒരടിസ്ഥാനമെന്ന പരിഗണനയുണ്ടെന്ന്.

ഖുര്‍ആനിക രീതി
വിശുദ്ധ ഖുര്‍ആന്‍ സ്ഥല-കാലാതിവര്‍ത്തിയാണ്. എന്നാല്‍ അതിന്റെ അവതരണകാലത്തെ അറബ് ജീവിതത്തെപ്പറ്റി കൃത്യമായൊരു ചിത്രം നമുക്കതില്‍ നിന്നു മനസ്സിലാക്കിയെടുക്കാനാവും. അവരുടെ വിശ്വാസങ്ങളും പ്രശ്നങ്ങളും എന്തായിരുന്നുവെന്നു ഖുര്‍ആനില്‍ നിന്നു ലഭ്യമാണ്. ഈ ദീനിന്റെ അരങ്ങേറ്റം ആരിലൂടെയാവണമെന്നു അല്ലാഹു തീരുമാനിച്ചിട്ടുണ്ടോ, ആ സമൂഹത്തിനും ഖുര്‍ആനും തമ്മില്‍ ആദാനപ്രദാനങ്ങള്‍ സാധിക്കും വിധമുള്ള, ഖുര്‍ആന്റെ ഈ പ്രായോഗിക സമീപനം ഒരനിവാര്യതയായിരുന്നു. അതവരെ അഭിസംബോധന ചെയ്യുമ്പോള്‍ വേറെയേതോ പൊതു കാര്യങ്ങള്‍ പറയുകയല്ല, പകരം അവര്‍ കാണുന്ന, ജീവിക്കുന്ന ഭൂമിശാസ്ത്രപരവും രാഷ്ടീയവും സാമ്പത്തികവും ആദര്‍ശപരവും സാംസ്കാരികവും ചരിത്രപരവുമായ പരിസരങ്ങളില്‍ നിന്നു കൊണ്ടാണത് സംവദിക്കുന്നത്. 'തകര്‍ന്നടിഞ്ഞ ആ വസതികളിലൂടെ ഇന്നു നിങ്ങള്‍ രാപ്പകള്‍ സഞ്ചരിക്കുന്നുണ്ടല്ലോ. നിങ്ങള്‍ക്ക് ബുദ്ധിയുദിക്കാത്തതെന്ത്?'(ആസ്സ്വാഫ്ഫാത്ത്:137, 138). തുടര്‍ന്ന് ആ പരിസരത്തെ അതു സൂക്ഷ്മമായി നിര്‍ണയിക്കുന്നു. എന്നിട്ട് കൃത്യമായ കാരണങ്ങളോടെ അതിനെ നിരാകരിക്കുകയോ ശരിപ്പെടുത്തുകയോ ചെയ്യുന്നു. അതിനു ബദല്‍ സമര്‍പ്പിക്കുന്നു. അവരുടെ പരിമിതമായ രാഷ്ട്രീയ-ആദര്‍ശ-സാമൂഹിക വൃത്തത്തില്‍ നിന്ന്, ഏതുകാലത്തിനും സഥ്ലത്തിനും ഫിറ്റായ നിയമങ്ങളിലേക്കും മൂല്യങ്ങളിലേക്കും അവരെ ആനയിക്കുന്നു. ഇതാണ് 'എക്സിപെരിമെന്റല്‍ മെതഡോളജി'. സംഭവ ലോകത്തെ വായിച്ചെടുത്ത്, അതില്‍ നിന്ന് നിയമങ്ങളെ നിഷ്പദിച്ചെടുക്കുന്ന പ്രക്രിയ. ഈ ഖുര്‍ആനിക രീതിയെ പല കാരണങ്ങളാലും കൈവിട്ട മുസ്ലിംകള്‍ പൊതു നിയമങ്ങളുടെ അടിസ്ഥാനത്തില്‍ സംഭവ ലോകത്തെ വിചാരണ ചെയ്യുന്ന ഗ്രീക്ക് മെതഡോളജിയെ പകരം വെക്കുകയാണ് ചെയ്തത്. സംഖ്യാ ശാസ്ത്രം പോലുള്ള വിജ്ഞാന ശാഖകള്‍ പഠിക്കാന്‍ ഗ്രീക്ക് രീതി പറ്റുമെങ്കിലും സാമൂഹ്യ ശാസ്ത്ര-മനശാസ്ത്ര പ്രവണതകളെയും പ്രകൃതി സംഭവങ്ങളെയും പഠിക്കുവാന്‍ അതിനെ അവലംബിക്കുന്നത് വലിയ ദോഷം ചെയ്യും. യാഥാര്‍ത്ഥ്യ ലോകത്ത് നിന്ന് ബുദ്ധിയെ വേര്‍പെടുത്തുന്ന, ഇസ്ലാമിക ജ്ഞാനത്തെ വന്ധ്യമായ തര്‍ക്കങ്ങളിലേക്ക് ഒതുക്കുന്ന, സംഭവലോകത്തിനും മുസ്ലിം ബുദ്ധിക്കുമിടയില്‍ അപകടകരമായ ബന്ധവിഛേദം നടത്തുന്ന പ്രക്രിയയാകുമത്. ഞാനിപ്പറയുന്നത് കൂടുതല്‍ ബോധ്യപ്പെടാന്‍, ഏതെങ്കിലും ഒരിസ്ലാമിക പ്രസിദ്ധീകരണം തുറന്നു നോക്കുക. അത് പ്രസിദ്ധീകരിക്കുന്ന രാജ്യത്തിന്റെ പ്രകൃതവും രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളും മനസ്സിലാക്കാന്‍ ശ്രമിക്കുക. ഏത് രാജ്യത്ത് നിന്നാണത് പ്രസിദ്ധീകരിക്കുന്നതെന്നു മനസ്സിലാക്കാന്‍ നിങ്ങള്‍ക്ക് അതിന്റെ വിലാസം നോക്കേണ്ടതായി വരും. ആ രാജ്യത്തെ നഗ്നതാ പ്രദര്‍ശനം പോലുള്ള അധാര്‍മിക പ്രവണതകളെ അപലപിക്കുന്നതില്‍ പരിമിതമായിരിക്കും അതിന്റെ ഉള്ളടക്കം. തൊഴില്‍, പാര്‍പ്പിടം, ചൂഷണം, സ്വേഛാധിപത്യം, ആരോഗ്യമേഖല, ട്രാന്‍സ്പോര്‍ട്ടിംഗ്, കുട്ടികളുടെയും സ്ത്രീകളുടെയും അവസ്ഥ തുടങ്ങി അതേ നാട്ടിലെ പൊതുജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങളൊക്കെയും ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുത്തിരിക്കുകയാണ്. ഇസ്ലാമിസ്റുകള്‍ അതേപ്പറ്റി സംസാരിക്കുന്നത് പ്രസ്ഥാനത്തിന്റെ രീതിയില്‍ നിന്നുള്ള വ്യതിചലനമായി ഗണിക്കപ്പെടുന്നു. മുസ്ലിം മസ്തിഷ്കം യാഥാര്‍ഥ്യ ലോകത്തേക്കു മടങ്ങി വന്നേ പറ്റൂ. ആ ലോകത്തെ പഠിക്കുകയും വിശകലനം ചെയ്യുകയും അതിന്റെ പ്രശ്നങ്ങളെ പരിചയപ്പെടുകയും വേണം. ആ യാഥാര്‍ഥ്യലോകത്തിന്റെ ബന്ധിയാകാനോ അതിനെ ഇമാമാക്കുവാനോ അല്ല പറയുന്നത്. ഈ ദീന്‍ വന്നിരിക്കുന്നത് ജീവിതത്തെ നയിക്കുവാനാണ്. മാനുഷ്യകത്തിന് നേതൃത്വം കൊടുക്കുവാനാണ്. സത്യത്തിന്റെയും അസത്യത്തിന്റെയും അളവുകോലാകാനാണ്. എന്നല്ല, ആ യാഥാര്‍ഥ്യലോകത്ത് നിന്നാണ് അതതിന്റെ പ്രബോധനമാരംഭിക്കുന്നത്. ആ യാഥാര്‍ഥ്യലോകം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് ഏറ്റവും പ്രയോജനപ്രദമായ പരിഹാരങ്ങള്‍ സമര്‍പ്പിക്കുകയാണതു ചെയ്യുന്നത്. തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക ഇസ്ലാമാണ് എന്ന പ്രതീക്ഷയില്ലാത്തിടത്തോളം കാലം ഇസ്ലാമികാധ്യാപനങ്ങളോട് ആവേശം പുലര്‍ത്തുവാനോ അതിനുവേണ്ടി ത്യാഗങ്ങള്‍ സമര്‍പ്പിക്കാനോ പൊതുജനം തയ്യാറാവുകയില്ല. അങ്ങനെയാവുമ്പോള്‍ ഇസ്ലാമിക പ്രബോധനം വെറും, മരുഭൂമിയിലെ തോണി തുഴച്ചിലാവും. മേല്‍ പറഞ്ഞ വസ്തുതകളുടെ വെളിച്ചത്തില്‍ നിലവിലുള്ള ചിന്താരീതികളില്‍ പലതിലും ഒരു പുനര്‍വിചിന്തനം അനിവാര്യമാണെന്നു തുനീഷ്യയിലെ ഇസ്ലാമിക പ്രസ്ഥാനം മനസ്സിലാക്കുന്നു. എഴുപതുകളില്‍ സര്‍വ്വാംഗീകൃതമെന്നു കരുതിയിരുന്ന കാര്യങ്ങളായിരുന്നു അവ. അവയില്‍ സ്വമേധയാ തന്നെ ഇസ്ലാമികമായ കാര്യങ്ങള്‍ സ്വീകരിക്കേണ്ടതാണ്. എന്നാല്‍ അവയില്‍ മനുഷ്യരുടെ ഇജ്തിഹാദുകളുമുണ്ട്. മനുഷ്യര്‍ തന്നെ ഉണ്ടാക്കിയ ഇസ്ലാമിക പ്രവര്‍ത്തനത്തിന്റെ രീതികളുണ്ട്. അവയെയും ഇസ്ലാമെന്നും അവക്കുമേല്‍ കൈവെക്കുന്നത് ഇസ്ലാമിന്റെ മേല്‍ കൈവെക്കലാണെന്നും കരുതുന്നത് തീര്‍ച്ചയായും ശരിയല്ല.

പുതിയ സ്ട്രാറ്റജി വേണം
എല്ലാ രാഷ്ട്രീയക്കൂട്ടങ്ങളും സമൂഹത്തില്‍ മാറ്റമുണ്ടാക്കാനുള്ള തങ്ങളുടെ പ്ളാന്‍ തയ്യാറാക്കിക്കൊണ്ടിരിക്കുമ്പോള്‍ ഇസ്ലാമിസ്റുകള്‍ നിര്‍മ്മാണമല്ല, സംഹാരം തുടങ്ങുന്നേയുണ്ടായിരുന്നുള്ളൂ. പ്രലോഭനങ്ങളില്‍ അഭിരമിച്ചുകഴിയുന്നൊരു സമൂഹത്തില്‍ ഒരു പറ്റം നല്ല ചെറുപ്പക്കാരെ വളര്‍ത്തിക്കൊണ്ടുവരികയെന്നത് മഹത്തായ നേട്ടമാണ്. പക്ഷെ അതേ തര്‍ബിയത്ത്, സമൂഹത്തില്‍ മാറ്റമുണ്ടാക്കുന്ന വിഷയത്തില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന് അന്യമായിക്കൂടാ. മനുഷ്യന്റെ ശരീരത്തില്‍ ഒരു മാംസപിണ്ഡമുണ്ട്, അത് നന്നായാല്‍ അവന്‍ നന്നായി എന്നുപറയുന്നതുപോലെ സമൂഹ ശരീരത്തിലും ഒരു മര്‍മ്മമുണ്ട്. ദേശീയതയുടെ വക്താക്കള്‍ അതുകണ്ടുപിടിച്ചു. അങ്ങനെയാണവര്‍ സൈന്യത്തില്‍ പ്രവര്‍ത്തനം കേന്ദ്രീകരിച്ച് അതിന്റെ ഉന്നതങ്ങളില്‍ എത്തിപ്പെട്ട്, പിന്നീട് മൊത്തം സമൂഹത്തിന്റെ മേല്‍ ആധിപത്യം നേടിയത്. കമ്മ്യൂണിസ്റുകളും സമൂഹ ശരീരത്തിലെ ഈ മര്‍മ്മം കണ്ടുപിടിച്ച് തൊഴിലാളി സംഘടനകള്‍ക്ക് രൂപം നല്‍കി. അതുവഴി അധ്വാനിക്കുന്ന വര്‍ഗത്തെ കൂടെ നിര്‍ത്തി, അധികാര കേന്ദ്രത്തെ ദുര്‍ബലപ്പെടുത്തുകയും ശേഷം അത് പടിച്ചെടുക്കുകയും തുടര്‍ന്ന് സമൂഹത്തിന്റെ മേല്‍ ആധിപത്യം വാഴുകയും ചെയ്തു. എന്നാല്‍ ഇസ്ലാമിക് പ്രസ്ഥാനത്തിനു സമൂഹശരീരത്തിലെ ഈ മര്‍മ്മത്തെ അടയാളപ്പെടുത്താനായില്ല. അതതിന്റെ അധ്വാനങ്ങള്‍ മുഴുവന്‍ എല്ലാ മേഖലകളിലേക്കുമായി വിഭജിച്ചു. തല്‍ഫലമായി എല്ലാ മേഖലകളിലും അതു ദുര്‍ബലമായി. അനുയായികളെ നയിക്കുകയല്ല അത് ചെയ്തത്, അവരുടെ പിന്നില്‍ നടക്കുകയാണ്. കാലഘട്ടത്തെ മനസ്സിലാക്കി അതിന്നനുസൃതമായ പ്ളാനിംഗ് നടത്തുന്നതില്‍ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മസ്തിഷ്കം പരാജയപ്പെട്ടിരിക്കുന്നു. കഴിഞ്ഞുപോയ അധഃപതനകാലഘട്ടത്തിന്റെ പൊടിപടലങ്ങള്‍ അതിന്‍മേല്‍ വീഴ്ത്തിയ അഴുക്കുകളും, പുതിയ കാലഘട്ടത്തിന്റെ ആശങ്കകളുമാണ് കാരണം. അങ്ങനെ, യാഥാര്‍ത്ഥ്യ ലോകത്ത് നിന്നത് വേര്‍പ്പെട്ടുപോയിരിക്കുന്നു. ദീന്‍ ജീവിതത്തില്‍ നിന്ന് വേര്‍പ്പെട്ടത് തുടരുന്നു. രാഷ്ട്രീയത്തില്‍ നിന്നും അതില്‍ സ്വാധീനം ചെലുത്തുന്നതില്‍ നിന്നും അതിനെ മാര്‍ഗ്ഗദര്‍ശനം ചെയ്യുന്നതില്‍ നിന്നും ദീന്‍ വിട്ടുനില്‍ക്കുന്നു. പ്രസ്ഥാനം മത-രാഷ്ട്ര വിഭജനത്തെ എതിര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ തന്നെയാണിതു സംഭവിക്കുന്നതെന്നോര്‍ക്കണം. ചുരുക്കത്തില്‍, ഇസ്ലാമിക പ്രവര്‍ത്തനത്തിനു ഒരു പുതിയ സ്ട്രാറ്റജി രൂപപ്പെടുത്താതെ വയ്യ. പ്രസ്ഥാനത്തിനെയും ഉമ്മത്തിനെയും നിശ്ചലതയില്‍ നിന്ന് പുറത്തു കടത്തുന്ന, വന്‍വെല്ലുവിളികളെ നേരിടാന്‍ പ്രാപ്തമാക്കുന്ന സ്ട്രാറ്റജി.

No comments:

Post a Comment