10 June 2009

ഹമാസ് തോല്‍ക്കുന്നില്ല...
















ഴിഞ്ഞ ഡിസംബര്‍ 27 ന് ഇസ്രാഈല്‍ ആരംഭിച്ച ഗസ്സ ഹോളോകോസ്റിന്റെ മുഖ്യ പ്രേരകമെന്ത്? അറബ് ഭരണാധികാരികള്‍ മുമ്പെന്നത്തെക്കാളും ഇത്തവണ തീര്‍ത്തും നിഷ്ക്രിയ നിലപാട് സ്വീകരിച്ചതിന്റെ കാരണമെന്ത് ? ഇസ്രാഈല്‍ നടത്തുന്ന നരമേധത്തില്‍ ചില അറബ് ഭരണാധികാരികള്‍ കൂടി പങ്കുവഹിച്ചുവെന്നു വിശ്വസിക്കുപ്പെടുന്നതെന്തുകൊണ്ട് ? ഉത്തരം വ്യക്തം: മറുപക്ഷത്തുള്ളത് ഹമാസ് എന്ന ശക്തമായ ഇസ്ലാമിക ചെറുത്തുനില്‍പ്പു പ്രസ്ഥാനമാകുന്നു. യുദ്ധത്തിന്റെ ലക്ഷ്യമായി ഇസ്രാഈല്‍ അധികാരികള്‍ പ്രഖ്യാപിച്ചിരിക്കുന്നത്, ഗസ്സയില്‍ ഹമാസിന്റെ ഭരണം അവസാനിപ്പിക്കുക എന്നതാണ്. യുദ്ധത്തിലൂടെ മാരകമായ നാശനഷ്ടങ്ങളും ജീവഹാനിയുമുണ്ടാക്കി സര്‍വതിന്റെയും കാരണക്കാര്‍ എന്നാരോപിച്ച് ഫലസ്തീനില്‍ ഹമാസിനെതിരെ ജനവികാരം സൃഷ്ടിക്കാം, അങ്ങനെ ആഭ്യന്തരമായി തന്നെ ഹമാസിനെ ഒറ്റപ്പെടുത്താം, ചുരുങ്ങിയത് ഹമാസിന്റെ ശക്തി നശിപ്പിച്ചുകൊണ്ട്, തങ്ങളുടെ കരാറുകള്‍ അംഗീകരിപ്പിച്ച് ഫതഹിനെ ചെയ്തതുപോലെ ഏത്തമിടീക്കാം എന്നൊക്കെയാണ് ജൂതരാഷ്ട്രത്തിന്റെ കണക്കുകൂട്ടല്‍. ഈജിപ്തിന്റെ കിഴക്കന്‍ അതിര്‍ത്തിയില്‍ ഒരിസ്ലാമിക രാഷ്ട്രം അനുവദിക്കില്ലെന്ന ദൃഢനിശ്ചയമുള്ളതുകൊണ്ട് അത്തരമൊരു ഇസ്ലാമിക രാഷ്ട്രത്തിന്റെ ശില്‍പികളായ ഹമാസ് അവസാനിക്കേണ്ടത് ഈജിപ്തിന്റെയും ആവശ്യമായി. നേരത്തെതന്നെ, ഇസ്ലാമിക രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന അല്‍ ഇഖ്വാനുല്‍ മുസ്ലിമൂന്റെ വ്യക്തമായ ജനസ്വാധീനിത്തില്‍ ആടിയുലയുന്ന ഈജിപ്ഷ്യന്‍ സ്വോഛാധിപത്യ സര്‍ക്കാരിന് അതേ ഇഖ്വാന്റെ ഭാഗമായ ഹമാസ്, തങ്ങളുടെ അതിര്‍ത്തിക്കടുത്ത് ഒരിസ്ലാമിക പ്രവിശ്യകൊണ്ടുനടത്തുന്നത് സഹിക്കാനാവുമായിരുന്നില്ല. തീവ്ര ഇസ്ലാം വിരോധിയായ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസ് ഈ നാടകത്തില്‍ സിയോണിസ്റുകളോടും ഈജിപ്തിനോടുമൊപ്പം തിമര്‍ത്താടിയതും അപ്രതീക്ഷിതമല്ല. പക്ഷെ എല്ലാവരുടെയും കണക്കുകൂട്ടലുകള്‍ ഒന്നൊന്നായി തെറ്റുന്നതായാണ്, യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹമാസിന്റെ അല്‍ ഖസ്സാം ബറ്റാലിയനുകള്‍ ശക്തമായി തിരിച്ചടിച്ചുകൊണ്ടിരിക്കുന്നു. ഇതെഴുതുമ്പോള്‍ ഇസ്രാഈല്‍ സൈന്യത്തിലെ മേലുദ്യോഗസ്ഥരടക്കം 32 സൈനികരെ അവര്‍ വധിച്ചുകഴിഞ്ഞു. പത്തിലധികം പേരെ ബന്ദികളായി പിടിച്ചു. നൂറിലധികം സൈനികര്‍ക്ക് മാരകമായ പരിക്കേല്‍പിച്ചു. ഇസ്രാഈല്‍ സൈന്യം ബോംബുവര്‍ഷം തുടരുമ്പോഴും ദിനേന ഹമാസിന്റെ, ഇരുപതിനും മുപ്പതിനുമിടയില്‍ അല്‍ഖസ്സാം മിസൈലുകള്‍ ഇസ്രാഈലില്‍ പതിച്ചുകൊണ്ടിരിക്കുന്നു. നേരത്തെ 18 കിലോമീറ്ററായിരുന്നു അവയുടെ ദൂരമെങ്കില്‍ യുദ്ധത്തിനിടയില്‍ 60 കിലോമീറ്റര്‍ വരെ ദൂരത്തില്‍ പതിച്ചുതുടങ്ങിയത് ഇസ്രാഈലികളെ അമ്പരപ്പിച്ചിരിക്കുന്നു. ഹമാസ് പോരാളികള്‍ വികസിപ്പിച്ചെടുത്ത അല്‍ ഖസ്സാം മിസൈലുകളെ ചെറുക്കാന്‍, ലോകത്ത് ആയുധ ശക്തിയില്‍ നാലാം സ്ഥാനത്തു നില്‍ക്കുന്ന, നാനൂറിലധികം അണുവായുധം സൂക്ഷിക്കുന്ന ഇസ്രാഈലിന്ന് ഇതുവരെ സാധിച്ചിട്ടില്ല. യുദ്ധമാരംഭിച്ചതോടെ ഹമാസിന്റെ മിസൈല്‍ വര്‍ഷം ശക്തമായതും ഇസ്രാഈല്‍ പൌരന്മാര്‍ ഷെല്‍ട്ടറുകളില്‍ കഴിയേണ്ടിവരുന്ന യുദ്ധാവസ്ഥ സംജാതമായതും 3 ലക്ഷം ഫലസ്തീനികളുടെ വിലയുള്ള മുപ്പതു ജൂതന്മാരുടെ മൃത ശരീരങ്ങള്‍ ശവ മഞ്ചങ്ങളിലേറി ഇസ്രാഈലിലേക്ക് വരുന്നതും, അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ മൈലേജ് പ്രതീക്ഷിച്ച് യുദ്ധത്തിനിറങ്ങിയ തങ്ങള്‍ക്ക് തിരിച്ചടിയായേക്കുമെന്ന ജാള്യതയിലാണിപ്പോള്‍ ഓല്‍മര്‍ട്ടും ബറാക്കും ലെവ്നിയുമുള്‍പ്പെട്ട യുദ്ധപ്രഭുക്കര്‍. ഇതൊക്കെയും സാക്ഷാല്‍ യുദ്ധം ആരംഭിക്കുന്നതിനുമുമ്പുള്ള കഥ. ഇസ്രാഈല്‍ സൈന്യം ഇപ്പോഴും ഗസ്സയുടെ ഉള്‍പ്രദേശങ്ങളിലേക്ക് കയറിയിട്ടില്ല. പുറം പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ച് ഹമാസ് പോരാളികളെ അങ്ങോട്ടുവരുത്താമെന്നായിരുന്നു തന്ത്രം, അവിടെ വച്ച് നശിപ്പിക്കാനെളുപ്പമാകുമെന്ന് പ്രതീക്ഷയില്‍. പക്ഷെ അതു തിരിച്ചറിഞ്ഞ, കൂടുതല്‍ തന്ത്രശാലികളായ ഹമാസ് പോരാളികള്‍, പൂര്‍ണമായും ഗസ്സയുടെ അകത്തേക്ക് കയറുമ്പോള്‍ ജൂത സൈന്യത്തെ നേരിടാനാണ് കാത്തിരിക്കുന്നത്. നിസാര്‍ റയ്യാന്‍ ഹമാസിന്റെ നേതൃത്വത്തിനോ പോരാളി വിഭാഗത്തിനോ പോറലേല്‍പിക്കാന്‍ ഇതുവരെ ഇസ്രാഈല്‍ സേനക്ക് സാധിച്ചിട്ടില്ല. ഉന്നംവച്ചവരെ ലഭിക്കാതെ വരുമ്പോള്‍ നിരപരാധികളെ വധിച്ച്, കൊല്ലപ്പെട്ടവരുടെ എണ്ണം വര്‍ധിപ്പിച്ച് മേനിനടിക്കുക ഇസ്രാഈല്‍ സൈന്യത്തിന്റെ പതിവാണ്. യുദ്ധം തുടങ്ങി അഞ്ചുദിവസം കഴിഞ്ഞാണ് അറബ് ഭരണാധികാരികള്‍ ഒരുമിച്ചുകൂടിയത്. സുഡാന്‍ പ്രസിഡന്റ് ഉമറുല്‍ ബശീര്‍ അതേപ്പറ്റി ആദ്യമേ പരിഹാസപൂര്‍വം പറഞ്ഞു, അപ്പോഴേക്കും പരമാവധി കൊന്നൊടുക്കാനുള്ള സാവകാശമാവും എന്ന്. അതിനിടയില്‍ തന്നെ ഹമാസ് കീഴടങ്ങും എന്ന് ചിലര്‍ മനപ്പായസമുണ്ടു. എന്നാല്‍ ലക്ഷ്യം ക്ഷിപ്രസാധ്യമല്ലെന്നു ജൂതരാഷ്ട്രത്തിനു ബോധ്യപ്പെട്ടതിന്റെ തെളിവായിരുന്നു പത്തുദിവസം കഴിഞ്ഞു വന്ന യു.എന്‍ സെക്യൂരിറ്റി കൌണ്‍സിലിന്റെ വെടിനിര്‍ത്തല്‍ പ്രമേയം. ആ പ്രമേയം ആദ്യം തള്ളിയത് ഹമാസായിരുന്നുവെന്നത് സംഘടനയുടെ ആത്മവിശ്വാസത്തിന്റെ മറ്റൊരു തെളിവായിരുന്നു. അമേരിക്ക ചില അറബ് ഭരണകൂടങ്ങളുടെ ഒത്താശയോടെ ചുട്ടെടുത്ത പൊളിവാചകങ്ങള്‍ ഫലസ്തീനികളുടെ യഥാര്‍ത്ഥ പ്രശ്നം പരിഹരിക്കാന്‍ പര്യാപ്തമല്ലെന്ന്, ശക്തമായ ബോംബുവര്‍ഷങ്ങള്‍ക്കിടയിലും ഹമാസ് തുറന്നടിച്ചു. ഗസ്സയില്‍ യു.എന്‍ സേനയെ വിന്യസിക്കാന്‍ മെനക്കെടേണ്ടതില്ലെന്നും യു.എന്‍ സേന എന്നും എവിടെയും അധിനിവേശത്തെ സംരക്ഷിച്ചുനിര്‍ത്താനുള്ള അടവുകള്‍ മാത്രമാകുന്നു എന്നതാണ് കാരണമെന്നും വ്യക്തമാക്കി. ഹമാസ് സ്വീകരിക്കുകയില്ലെന്നു ബോധ്യപ്പെട്ടപ്പോഴായിരുന്നു ഇസ്രാഈലും വെടിനിര്‍ത്തല്‍ കരാര്‍ തള്ളിക്കളഞ്ഞതും അമേരിക്ക തങ്ങള്‍ തന്നെയുണ്ടാക്കിയ കരാറിന്റെ വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്നതും.
ജനപ്രീതി വര്‍ദ്ധിച്ചു
സിവിലിയന്മാരെകൊന്ന് ഫലസ്തീനികളെ ഹമാസിനെതിരെ തിരിക്കുക, ലോകജനാഭിപ്രായം ഹമാസിനെതിരെയാക്കുക എന്നീ സിയോണിസ്റ് ലക്ഷ്യങ്ങളാണ് അതിനെക്കാള്‍ പിഴച്ചത്. ആയിരത്തിലധികം സിവിലിയന്മാര്‍, അതും പകുതിയോളം സ്ത്രീകളും കുട്ടികളും ക്രൂരമായി വധിക്കപ്പെട്ടിട്ടും ഗസ്സയിലെ ഒരൊറ്റ ഫലസ്തീനിയും ഹമാസിനെതിരെ ഒരക്ഷരം പറഞ്ഞില്ല. 'ഹമാസ് വിളിച്ചുവരുത്തിയ വിന' എന്ന് പ്രസ്താവന നടത്തിയ ഫലസ്തീന്‍ പ്രസിഡണ്ട് മഹ്മൂദ് അബ്ബാസിനു പൊടുന്നനെ വാക്കുമാറ്റി ഗസ്സക്കാരുടെ'മശിഹ'യായി പ്രത്യക്ഷപ്പെടേണ്ടിവന്നു. 'തങ്ങള്‍ പറയുന്നത് കേള്‍ക്കാതിരുന്നവര്‍ ഇനി സ്വന്തത്തെ ആക്ഷേപിച്ചാല്‍ മതി' എന്ന് പ്രസ്താവനയിറക്കിയ ഈജിപ്ത് വിദേശകാര്യമന്ത്രി അഹ്മദ് അബുല്‍ ഹൈത്വും മണിക്കൂറുകള്‍ക്കകം മലക്കം മറിഞ്ഞു.ഗസ്സയിലെ 15 ലക്ഷം ജനങ്ങളും ഹമാസിന്റെ കീഴില്‍ ഒറ്റക്കെട്ടാണെന്നു തെളിയിക്കുന്ന സംഭവങ്ങളായിരുന്നു ഗസ്സയിലുടനീളം ലോകം കണ്ടത്. എന്നു മാത്രമല്ല മഹ്മൂദ് അബ്ബാസിന്റെ ഒപ്പമെന്നു കരുതപ്പെട്ട വെസ്റ് ബാങ്കിലെ ജനങ്ങളും ഗസ്സക്ക് വേണ്ടി തെരുവിലിറങ്ങി, മുന്നില്‍ കണ്ട ജൂതപ്പട്ടാളത്തെ ആക്രമിച്ചു. ഗസ്സയിലെ 'അല്‍ ഫത്ഹ്' പോരാളികളും ഹമാസിനോടൊപ്പം നിന്നു പൊരുതുകയാണ്. 'അല്‍ ജിഹാദി\'ന്റെ നിലപാടും വ്യത്യസ്തമല്ല. ഫലസ്ത്വീനു പുറത്താവട്ടെ, കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തില്‍ മുമ്പൊന്നുമില്ലാത്തവിധം മുസ്ലിം സമൂഹം വമ്പിച്ച പ്രതിഷേധ പ്രകടനങ്ങളുമായി തെരുവിലിറങ്ങി. ഇസ്രാഈല്‍, അമേരിക്ക, ഈജിപ്ത് എന്നീ രാഷ്ട്രങ്ങളുടെ എമ്പസികള്‍ക്കുനേരെ അവര്‍ രോഷം ചൊരിഞ്ഞു. പതിനഞ്ചും ഇരുപതും ലക്ഷം പേര്‍ അണിനിരന്ന പ്രകടനങ്ങളാണ് പലയിടത്തും നടന്നത്. അറബ് രാജ്യങ്ങളില്‍ മാത്രമല്ല ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലും അമേരിക്കയിലും ശക്തമായ പ്രതിഷേധങ്ങള്‍ അലയടിച്ചത് ദൃശ്യമാധ്യമങ്ങള്‍ തല്‍സമയം സംപ്രേഷണം ചെയ്തത് ലോകം കണ്ടു. ചുരുക്കത്തില്‍, ഒറ്റപ്പെടുകയല്ല, ഫലസ്തീന്‍ പ്രശ്നത്തിന്റെ കേന്ദ്രബിന്ദു ഹമാസ് എന്ന ഇസ്ലാമിക പ്രസ്ഥാനമായിത്തീരുന്നു എന്നതാണ് ഏറ്റവും പുതിയ പുരോഗതി. ഇത്തവണ അറബ് ഭരണകൂടങ്ങളില്‍ തന്നെ ധ്രുവീകരണം സംഭവിച്ചത് മറ്റൊരു പ്രത്യേകതയായിരുന്നു. ഹമാസിനെ ഒറ്റപ്പെടുത്താന്‍ ഫലസ്തീന്റെ ചില അയല്‍ രാഷ്ട്രങ്ങള്‍ ശ്രമിച്ചെങ്കിലും അവര്‍ സ്വയം ഒറ്റപ്പെടുന്നതാണ് കണ്ടത്. തുര്‍ക്കി, ഖത്തര്‍ എന്നീ രാഷ്ട്രങ്ങള്‍ ശക്തമായി ഹമാസനുകൂല നിലപാടുകള്‍ സ്വീകരിച്ചപ്പോള്‍ സുഡാന്‍, ഇറാന്‍, സിറിയ, യമന്‍ തുടങ്ങിയ രാജ്യങ്ങളും ഒപ്പം ചേര്‍ന്നു. അറബ് ലീഗ് സെക്രട്ടറി അംറ് മൂസ പോലും നല്ലൊരളവോളം ഹമാസിന്റ കൂടെ നിന്നു. പ്രശ്നം പരിഹരിക്കാന്‍ അമേരിക്ക വിളിച്ചുചേര്‍ത്ത അറബു നേതാക്കളുടെ യോഗത്തിലേക്ക് ഖത്തറിനും അംറ് മൂസാക്കും ക്ഷണം ലഭിക്കാതിരുന്നതും അതുകൊണ്ടാണ്. ഈജിപ്തും ഫ്രാന്‍സും ചേര്‍ന്ന് രൂപപ്പെടുത്തിയ വെടിനിര്‍ത്തല്‍ കരാര്‍ ഹമാസ് മുഖവിലക്കെടുക്കാതിരിക്കുകയും തുര്‍ക്കി മുന്‍കൈയെടുത്തുണ്ടാക്കിയ കരാര്‍ പരിഗണിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തത്, തുര്‍ക്കിയുടെ ഹമാസ് അനുകൂല നിലപാടിനെക്കുറിക്കുന്നതായിരുന്നു. ഈജിപ്ത് ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമങ്ങളില്‍ തുര്‍ക്കിയെ കൂടി സഹകരിപ്പിക്കുവാന്‍ നിര്‍ബന്ധിതമായി. ഇസ്രാഈല്‍ അമ്പാസിഡറെ പുറത്താക്കി, ഇസ്രാഈല്‍-അമേരിക്കന്‍ അച്ചുതണ്ടില്‍ കറങ്ങിക്കൊണ്ടിരിക്കുന്ന അറബ് ഭരണാധികാരികളുടെ തുണിയുരിഞ്ഞ വെനിസ്വുലയുടെ നടപടി കൂടി വന്നതോടെ ഹമാസ് വിരുദ്ധ അറബ് ഭരണകൂടങ്ങള്‍ക്ക് പ്രത്യക്ഷത്തിലെങ്കിലും നിലപാടുമാറ്റാതെ നില്‍ക്കക്കള്ളിയില്ലാതായി.
എന്തുകൊണ്ട് ഹമാസ് ?
ഇസ്രഈലും അമേരിക്കയും അറബ് സ്വേഛാധിപതികളും എന്തുകൊണ്ട് ഹമാസിനെ ഉന്നം വെക്കുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം ലളിതാണ്. പി.എല്‍.ഒയും ഫത്ഹുമല്ല ഹമാസ്. പൊള്ളയായ അറബ് ദേശീയതയിലല്ല, ശക്തമായ ഇസ്ലാമികാദര്‍ശാടിത്തറയിലാണത് കെട്ടിപ്പടുക്കപ്പെട്ടത്. 'തങ്ങളുടെ പ്രതിബദ്ധത അല്ലാഹുവിനോടുമാത്രമാണെന്നും ഇസ്ലാമിനെ തങ്ങള്‍ ഒരു ജീവിത പദ്ധതിയായാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഫലസ്തീനിന്റെ ഓരോ ചാണിലും അല്ലാഹുവിന്റെ പതാകയുയര്‍ത്താനാണ് തങ്ങള്‍ പ്രവര്‍ത്തിക്കുകയെന്നും ഇസ്ലാമിന്റെ തണലിലാണ് ഫലസ്തീനിലെ വിവിധ ജനവിഭാഗങ്ങള്‍ക്ക് സമാധാനപൂര്‍വം സഹവര്‍ത്തിച്ച് ജീവിക്കുവാന്‍ കഴിയുക'യെന്നും അതിന്റെ ഭരണഘടനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. 'ഫലസ്തീന്‍ ലോകാവസാനം വരെയുള്ള മുസ്ലിംകള്‍ക്ക് അവകാശപ്പെട്ട ഇസ്ലാമിക വഖ്ഫ് ഭൂമിയാണെന്നും അതിന്റെ ഒരംശവും വേണ്ടെന്നുവെക്കാന്‍ ഒരു സംഘടനക്കോ നേതാവിനോ ഭരണാധികാരിക്കോ അധികാര'മില്ലെന്നും ഭരണഘടന ആണയിടുന്നു. 1948-ല്‍ ഇസ്രാഈല്‍ രാഷ്ട്രപ്രഖ്യാപനം വന്നപ്പോള്‍ അതിനെതിരെ ജിഹാദ് ചെയ്ത ഈജിപ്തിലെ അല്‍ ഇഖ്വാനുല്‍ മുസ്ലിമൂനാണ് ഹമാസിന്റെ മാതൃസംഘടന. 1930-കള്‍ തൊട്ടേ ഫലസ്തീന്‍ പ്രശ്നത്തില്‍ ശക്തമായി ഇടപെടുകയും '48 ല്‍ ജിഹാദിനു ആഹ്വാനം ചെയ്ത് ഫലസ്തീനിലേക്ക് പോരാളികളെ അയച്ച് ഇസ്രാഈല്‍ രാഷ്ട്രത്തിനു തുടക്കത്തിലെ തിരിച്ചടി നല്‍കുകയും ചെയ്ത ഇഖ്വാന്റെ ശക്തി അന്നേ സിയോണിസ്റുകള്‍ക്കും പിണിയാളുകള്‍ക്കും ബോധ്യപ്പെട്ടതായിരുന്നു. യുദ്ധമുഖത്തുളള ഔദ്യോഗിക അറബ് സൈന്യങ്ങളേക്കാള്‍ പതിന്മടങ്ങ് ശക്തിയാണ് ഇസ്രാഈല്‍ ഇഖ്വാനികളില്‍ കണ്ടത്. ആയുധ ശക്തിയല്ല പരാജയപ്പെടുത്താന്‍ കഴിയാത്ത ആദര്‍ശശക്തിയാണത് എന്നും അവര്‍ തിരിച്ചറിഞ്ഞു. വിജയം അല്ലെങ്കില്‍ രക്തസാക്ഷ്യം എന്ന സ്വപ്നവുമായി പൊരുതിയ ഇഖ്വാനികള്‍ക്കു മുമ്പില്‍ ജൂതപ്പട്ടാളം പതറി. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ സാമ്രാജ്യത്വ ശക്തികള്‍ ഇടപെട്ട് അറബ് രാഷ്ട്രങ്ങളെ വെടിനിര്‍ത്തല്‍ കരാറിന് നിര്‍ബന്ധിക്കുകയായിരുന്നു. യുദ്ധം തുടര്‍ന്നിരുന്നെങ്കില്‍ അന്നേ ഇസ്രാഈല്‍ അവസാനിക്കുമായിരുന്നുവെന്നാണ് ചരിത്രം രേഖപ്പെടുത്തിയിരിക്കുന്നത്. ആ യുദ്ധത്തിലെ പ്രകടനമാണ് പിന്നീട് ഇഖ്വാന്റെ നിരോധനത്തിലും ഇമാം ഹസനുല്‍ ബന്നയുടെ വധത്തിലും കലാശിച്ചത്. 48-ലെ അനുഭവങ്ങള്‍ പാത്തുവച്ച സംഘടന ഫലസ്തീനില്‍ കൂടുതല്‍ ആസൂത്രണത്തോടെ അടിത്തട്ടുകളില്‍ പ്രവര്‍ത്തനം തുടങ്ങി. അറബ് ദേശീയതക്കു പകരം ഇസ്ലാമികാദര്‍ശത്തില്‍ അഭിമാനവും ആത്മവിശ്വാസവുമുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പദ്ധതികളുണ്ടാക്കി. അറബ് ദേശീയതയിലൂടെയല്ല, ഇസ്ലാമിലൂടെയേ ഫലസ്തീന്റെ മോചനം സാധ്യമാവൂ എന്ന് പുതിയ തലമുറയെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. \'48 ലെയും 57 ലെയും 57 ലെയും യുദ്ധങ്ങളില്‍ അറബികള്‍ പരാജയപ്പെട്ടത് ഇസ്ലാമിനു പകരം അറബ് ദേശീയതയെ ഉയര്‍ത്തിപ്പിടിച്ചതുകൊണ്ടായിരുന്നു. യുദ്ധങ്ങള്‍ നയിച്ച ജമാല്‍ അബ്ദുന്നാസിര്‍ അവസാനകാലത്ത് അതു സമ്മതിച്ചു. 'നാം എന്തുകൊണ്ട് ഇസ്രാഈലിനോട് പരാജയപ്പെട്ടു' എന്നു ചോദിച്ച അദ്ദേഹം അതിനു മറുപടിയും പറഞ്ഞു: "നമുക്ക് ഈമാന്‍ കുറവായിരുന്നു". ബോധവല്‍കരണ പ്രവര്‍ത്തനങ്ങളോടൊപ്പം വിദ്യാഭ്യാസ സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ക്കും ഇഖ്വാന്‍ ഊന്നല്‍ നല്‍കി. ഗസ്സയില്‍ ഇസ്ലാമിക് യൂനിവേഴ്സിറ്റി സ്ഥാപിച്ചു. ആതുരശുശ്രൂഷ കേന്ദ്രങ്ങളും സേവനസംരംഭങ്ങളും ആരംഭിച്ചു. അതോടൊപ്പം ഇസ്രാഈല്‍ അധിനിവേശത്തിനെതിരെ പോരാടിക്കൊണ്ടിരിക്കുന്ന പി.എല്‍.ഒക്ക് പിന്തുണ നല്‍കി. ഫലസ്തീന്‍ ഗ്രൂപ്പുകളെ സിയോണിസ്റുകള്‍ക്കെതിരെ ഒരുമിച്ചു നിര്‍ത്താന്‍ ശ്രമിച്ചു. ആദ്യമാദ്യം ശക്തമായ പോരാട്ടങ്ങള്‍ നടത്തിയ പി.എല്‍.ഒ ക്രമേണ തളരുകയും അതിലെ ഇസ്ലാമികാംശങ്ങളെ സെക്കുലരിസ്റ് അംശങ്ങള്‍ അതിജയിക്കുകയും തുടര്‍ന്ന് സംഘടനയെ ഹൈജാക്ക് ചെയ്യുന്നതില്‍ ശത്രുക്കള്‍ വിജയിക്കുകയും ചെയ്തു അതിന്റെ ഫലമായി ഇസ്രാഈലുമായി സമവായത്തിലേക്ക് നീങ്ങിത്തുടങ്ങുകയാണ് പി.എല്‍.ഒ എന്നു ബോധ്യപ്പെട്ടപ്പോഴാണ് ഇഖ്വാന്‍ ഹമാസ് രൂപീകരിച്ചുകൊണ്ട് രംഗത്തുവരുന്നത്. 1987 ഡിസംബര്‍ 14 ന് ശൈഖ് അഹ്മദ് യാസീന്‍, ഡോ. അബ്ദുല്‍ അസീസ് അര്‍റന്‍തീസി എന്നിവരുള്‍പ്പടെ ഏഴുപേരുടെ നേതൃത്വത്തില്‍ സംഘടന രംഗത്തുവന്നു. ഇന്‍തിഫാദ(ഉയിര്‍ത്തഴുന്നേല്‍പ്) എന്ന് പേരിട്ടു കുട്ടികള്‍ ഇസ്രാഈല്‍ പട്ടാളത്തിനു നേരെ കല്ലെറിയുന്ന പ്രക്രിയയിലൂടെയാണ് ഹമാസ് ചെറുത്തുനില്‍പ്പ് ആരംഭിക്കുന്നത്. '87 ഡിസംബറിലെ ഒരു വെള്ളിയാഴ്ച ജുമുഅഃ നമസ്കാരനന്തരം ഫലസ്തീനി ജനത 'ഖൈബര്‍ ഖൈബര്‍ യാ യഹൂദ് ജൈശു മുഹമ്മദ് സൌഫ യഊദ് (ഖൈബറോര്‍ക്കുക ജൂതന്മാരെ, മുഹമ്മദിന്റെ സൈന്യം തിരിച്ചുവരാന്‍ പോകുന്നു) എന്ന മുദ്രാവാക്യമുയര്‍ത്തി തെരുവിലിറങ്ങി. അവിടുന്നങ്ങോട്ട് 'ഇന്‍തിഫാദ' ശക്തമായി. '91-ല്‍ ഹമാസ്, അല്‍ ഖസ്സാം ബറ്റാലിയന് രൂപം നല്‍കി. ഫലസ്തീനില്‍ അധിനിവേശ ശ്രമങ്ങള്‍ക്കെതിരെ പൊരുതി 1935 ല്‍ രക്തസാക്ഷിയായ ശൈഖ് ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്റെ പേരിലായിരുന്നു പോരാളി ഗ്രൂപ്പുണ്ടാക്കിയത്. (ഇപ്പോള്‍ വികസിപ്പിച്ചെടുത്ത മിസൈലുകള്‍ക്ക് ആ പേര് തന്നെയാണ് നല്‍കിയിട്ടുള്ളത്). കല്‍ ചീളുകളില്‍ നിന്ന് പേരുകേട്ട ആയുധങ്ങളിലേക്ക് അല്‍ഖസ്സാം വളര്‍ന്നു. ഹമാസിനെ നശിപ്പിക്കാന്‍ കച്ചകെട്ടിയ ഇസ്രാഈല്‍ അതിന്റെ മുന്‍നിര നേതാക്കളില്‍ ഭൂരിഭാഗത്തെയും വധിച്ചു. അവര്‍ കരുതിവച്ചിരുന്ന ഏതാണ്ട് ആറ് നിരകളിലെ ആറ് തലമുറകളിലെ നേതാക്കള്‍ ഇതിനകം വധിക്കപ്പെട്ടു. ശൈഖ് അഹ്മദ് യാസീന്‍. ഡോ. റന്‍തീസി, സ്വലാഹ് ശഹാദഃ, യഹ്യ അയാശ് എന്നിവര്‍ അവരില്‍പെടുന്നു. ഹമാസിന്റെ പോരാട്ടത്തില്‍ നിരന്തരം പതറേണ്ടിവന്ന ഇസ്രാഈല്‍ തലയൂരാന്‍ നടത്തിയ ശ്രമങ്ങളായിരുന്നു യഥാര്‍ത്ഥത്തില്‍ ഗസ്സ, വെസ്റ് ബാങ്ക് പ്രദേശങ്ങളില്‍ സ്വയം ഭരണം നല്‍കി പി.എല്‍.ഓയുമായുണ്ടാക്കിയ ഉടമ്പടി. ഹമാസിനെ നശിപ്പിക്കാന്‍ പി.എല്‍.ഒയെ ഏല്‍പിക്കുന്ന നടപടികൂടിയായിരുന്നു അത്. അങ്ങിനെ, ഇന്‍തിഫാദയെ തളക്കുന്ന ജോലി യാസിര്‍ അറഫാത്ത് ഏറ്റെടുത്തു. ഫലസ്തീന്‍ ആഭ്യന്തര ശൈഥില്യമുണ്ടാക്കാന്‍ ശത്രുക്കള്‍ ശ്രമങ്ങള്‍ നടത്തിക്കൊണ്ടിരുന്നു. പി.എല്‍.ഒയുമായി ഏറ്റുമുട്ടലുകള്‍ ഒഴിവാക്കണമെന്നു തുടക്കത്തിലെ തീരുമാനിച്ച ഹമാസ് അതുകൊണ്ടുതന്നെ 'ഇന്‍തിഫാദ'യുടെ ശക്തി കുറച്ചു. എന്നാല്‍, ഹമാസ് നേരത്തെ പറഞ്ഞത് പി.എല്‍.ഒക്കും അറഫാത്തിനും ബോധ്യപ്പെടാന്‍ അല്‍പം സമയമെടുത്തുവെന്നേയുണ്ടായിരുന്നുള്ളൂ. കരാറുകള്‍ ലംഘിക്കുക എന്നത് ജൂതന്മാരുടെ സ്വഭാവമായാണ് ഖുര്‍ആന്‍ വിശേഷിപ്പിച്ചിട്ടുള്ളത് എന്ന് ഹമാസും ഇസ്ലാമിക പ്രസ്ഥാനങ്ങളും പറഞ്ഞുകൊണ്ടിരുന്നതാണ്. അതുതന്നെ സംഭവിച്ചു. സ്വംയം ഭരണം നല്‍കിയ പ്രദേശങ്ങളിലൊക്കെയും ഇസ്രാഈല്‍ പട്ടാളവും യുദ്ധവിമാനങ്ങളും ടാങ്കുകളും പലപ്പോഴും അതിക്രമിച്ചുകയറി ആക്രമിച്ചു. കരാറുകളിലെ മുഴുവന്‍ വ്യവസ്ഥകളും നിരന്തരം ലംഘിച്ചു. അറഫാതിനു പോലും സഹിക്കാനാവുന്നതിലുപരിയായിരുന്നു ആ അതിക്രമങ്ങള്‍. അതോടെ അദ്ദേഹവവും ഇടഞ്ഞു. കരാറിനു കൈകൊടുത്ത അറഫാത്തിന്റെ വസതിപോലും ഇസ്രാഈല്‍ ആക്രമിച്ചു തകര്‍ത്തു. വൈദ്യൂതിയില്ലാതെ മെഴുകുതിരിവെളിച്ചത്തിലിരിക്കുന്ന യാസിര്‍ അറഫാത്ത് എന്ന ഫലസ്തീന്‍ പ്രസിഡന്റിന്റെ ദയനീയ ചിത്രം ലോകം കണ്ടു. അവസാനം ആ അറഫാത്തിനെയും ഇസ്രാഈല്‍ കൊല്ലാതെ കൊന്നു. മര്‍ഹൂം അറഫാത്തിന്റെ പിന്‍ഗാമിയായി വന്ന മഹ്മൂദ് അബ്ബാസിനുള്ളതാണ് ഫലസ്തീന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റുകൊടുപ്പുകാരന്‍ എന്ന \'ഖ്യാതി\'. ഹമാസിനോട് ജനാധിപത്യ പ്രക്രിയയിലേക്ക് വരൂ, തെരഞ്ഞെടുപ്പില്‍ പങ്കെടുക്കൂ എന്നായിരുന്നു പി.എല്‍.ഒയുടെയും അറബ് ഭരണകൂടങ്ങളുടെയും, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ജനാധിപത്യത്തിന്റെ അപ്പോസ്തലന്മാരുടെയും നിരന്തര ഉപദേശം. ഹമാസ് അതിനു തയ്യാറായി. 2005 ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുത്തു. ഭാവിയില്‍ പി.എല്‍.ഒയുമായി സഹകരിച്ച് പോകണമെന്നാഗ്രഹിച്ച് മുഴുവന്‍ സീറ്റിലും മത്സരിച്ചില്ല. എന്നിട്ടും 76 സീറ്റ് നേടി ഒന്നാം സ്ഥാനത്തെത്തി. ഹമാസിന്റെ ഇസ്മാഈല്‍ ഹനിയ്യ പ്രധാനമന്ത്രിയായി. പി.എല്‍.ഒയെയും അധികാരത്തില്‍ പങ്കാളിയാക്കി. പക്ഷെ ഒത്തുപോകാന്‍ മഹ്മൂദ് അബ്ബാസും കൂട്ടരും തയ്യാറില്ലായിരുന്നു. തര്‍ക്കങ്ങളില്‍ പലപ്പോഴും പരിഹാരങ്ങളും കരാറുകളുമുണ്ടായി. ഒടുവിലത്തേത് 2007 മാര്‍ച്ചിലെ മക്കാ കരാറായിരുന്നു. അതുള്‍പ്പടെ മുഴുവന്‍ കരാറുകളും മഹ്മൂദ് അബ്ബാസ് തള്ളിക്കളഞ്ഞു. തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഹമാസിനെയും ഹനിയ്യയെയും അധികാരത്തില്‍നിന്ന് പുറത്താക്കി. അവിടെയും അവസാനിപ്പിക്കാതെ ഹമാസിന്റെ ശക്തികേന്ദ്രമായ ഗസ്സയില്‍ പിടിമുറുക്കി ഹമാസ് പോരാളികളെ ശാരീരികമായി ഉന്മൂലനം ചെയ്യാന്‍ നടപടികളാരംഭിച്ചു. ഇസ്രാഈലും അമേരിക്കയും ഒരറബ് ഭരണകൂടവും സഹായിച്ചു. അവര്‍ മൂന്നുകൂട്ടരുടെയും ആയുധങ്ങള്‍ ഗസ്സയില്‍ കൊണ്ടുവന്നു നിറച്ചു. ഈ നിര്‍ണയാക സന്ദര്‍ഭത്തിലാണ്, ഇനിയും നോക്കിനിന്നാല്‍ ഫതഹ് തങ്ങളുടെ കഥകഴിക്കും എന്ന് തിരിച്ചറിഞ്ഞ ഹമാസ്, ഗസ്സ പിടിച്ചെടുക്കുന്നത്. ആയുധങ്ങളും പിടിച്ചെടുത്തു. ഫതഹിന്റെ ഗൂഢാലോചനകളുടെ രേഖകളും കണ്ടെടുത്തു. ആ രേഖകള്‍, ഹമാസിനെ മാത്രമല്ല മറ്റുപലരെയും നശിപ്പിക്കാന്‍ ഫതഹ് നേതാക്കള്‍ ആരുമായൊക്കെ ധാരണയിലെത്തി എന്നു വിളിച്ചുപറയുന്നതായിരുന്നു. തങ്ങള്‍ ഗസ്സ പിടിച്ചടക്കിയതിനെ വിമര്‍ശിച്ച അറബ് ഭരണകൂടങ്ങള്‍ക്ക് ഹമാസ് ആ രേഖകളില്‍ ചിലതുകൈമാറിയതോടെയാണ് അവര്‍ക്ക് നാവടക്കേണ്ടിവന്നത്. ഇന്നും ആ രേഖകള്‍ മുഴുവന്‍ ഹമാസ് പുറത്തുവിട്ടിട്ടില്ല. ഹമാസ് ഗസ്സ പിടിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ 18 മാസങ്ങളായി ഇസ്രാഈലും മഹ്മൂദ് അബ്ബാസും ഈജിപ്തുമെല്ലാം ഒത്തുചേര്‍ന്ന് ഗസ്സയിലെ 15 ലക്ഷം ജനങ്ങളെ പട്ടിണിക്കിടുകയായിരുന്നു. അവരുടെ പ്രാഥമികമായ ആവശ്യങ്ങള്‍ നിഷേധിക്കുകയായിരുന്നു. എന്നിട്ടും ലക്ഷ്യം നേടാന്‍ കഴിയാതെ വന്നപ്പോഴാണ് കഴിഞ്ഞ ഡിസംബര്‍ 27 ന് ഇസ്രാഈല്‍ ആക്രമണം ആരംഭിച്ചത്. അന്തിമ വിശകലനത്തില്‍ രണ്ടിലൊന്നാണ് സംഭവിക്കാനുള്ളത്. ഒന്നുകില്‍ ഇസ്രാഈല്‍ ആയിരങ്ങളെ കൊന്നൊടുക്കി ഗസ്സ പിടിച്ചെടുക്കും. അല്ലെങ്കില്‍ കരയുദ്ധത്തില്‍ ലക്ഷ്യം കാണാനാകാതെ 2006 ല്‍ ലബനാനില്‍ ഹിസ്ബുല്ലയുമായി സംഭവിച്ചതുപോലെ പിന്മാറും. ഹിസ്ബുല്ലക്ക്, ശിയാ സംഘടനയായതിനാല്‍ ഇറാന്റെ ശക്തമായ പിന്തുണയും സിറിയ വഴി ഇറാന്റെ ആയുധങ്ങളും ലഭിച്ചിരുന്നു. ചെറുത്തുനില്‍പ്പ് വിജയിക്കുന്നതില്‍ അതു നല്ല പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഹമാസിനെ ആ വിധം പിന്തുണക്കാന്‍ ഒരൊറ്റ സുന്നി രാഷ്ട്രവും ലോകത്തില്ല. ഫതഹില്‍ നിന്ന് പിടിച്ചെടുത്ത ഇസ്രാഈല്‍-അമേരിക്കന്‍ ആയുധങ്ങളും പിന്നെ അവര്‍ തന്നെ, വെറും ഇരുമ്പുതകിടുകള്‍ കൊണ്ടും വികസിപ്പിച്ചെടുത്ത മിസൈലുകളും മാത്രമാണ് അവരുടെ ആയുധ സമ്പത്ത് രണ്ടു സംഭവിച്ചാലും അതിന്റെ ഗുണഭോക്താവ് ഹമാസും അതുവഴി ഇസ്ലാമുമായിരിക്കും. ഇസ്രാഈല്‍ അക്രമങ്ങള്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനാവാതെ വന്നാല്‍ ഹമാസ് പോരാളികല്‍ തല്‍ക്കാലം പിന്മാറും. പക്ഷെ അതു ശക്തമായൊരു തിരിച്ചുവരവിനുള്ള താല്‍കാലിക പിന്മാറ്റമായിരിക്കും. ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക സൈനികമായി ജയിച്ചുവെങ്കിലും ജയിച്ചുവെന്നാരും ഇപ്പോള്‍ പറയുന്നില്ലല്ലോ. അന്നാടുകളിലെ ചെറുത്തുനില്‍പ്പുകള്‍ പൂര്‍വ്വാധികം ശക്തിയോടെ തുടരുന്നതാണ് കാരണം. ആ ചെറുത്തുനില്‍പ്പുകളെക്കാള്‍ പതിന്മടങ്ങ് ശക്തമായിരിക്കും ഹമാസിന്റെ അടുത്ത ഇന്‍തിഫാദ ഏതായാലും ഹമാസിനെ മുട്ടുകുത്തിക്കാം എന്നു വിചാരിക്കുന്നവര്‍ വിഡ്ഢികളുടെ സ്വര്‍ഗത്തിലാണെന്ന കാര്യത്തില്‍ സംശയമില്ല. യുദ്ധമാരംഭിച്ചയുടന്‍ ടെലിവിഷനില്‍ പ്രത്യക്ഷപ്പെട്ട ഹമാസ് നേതാവും പ്രധാനമന്ത്രിയുമായ ഇസ്മാഈല്‍ ഹനിയ്യയുടെ വാക്കുകള്‍ ദൃഡമായിരുന്നു: \"അല്ലാഹുവാണ സത്യം, ഞങ്ങളുടെ ചെറുത്തുനില്‍പിനെ ആര്‍ക്കും തകര്‍ക്കാനാവില്ല. അവര്‍ ഞങ്ങളെ തൂക്കമരത്തിലേറ്റിയാലും നടുറോഡുകളില്‍ ഞങ്ങളുടെ രക്തം ചിന്തിയാലും ഞങ്ങളുടെ ശരീരം ചീന്തിയെറിഞ്ഞാലും ഫലസ്തീനിന്റെയും ഖുദ്സിന്റെയും കാര്യത്തിലുള്ള ഞങ്ങളുടെ അവകാശങ്ങള്‍ ആര്‍ക്കും അടിയറവെക്കില്ല. ഞങ്ങളുടെ സമൂഹത്തിനു ഹാനികരമായ ഒരു നിലപാടും ഞങ്ങളില്‍ നിന്നു ആരും പ്രതീക്ഷിക്കേണ്ടതില്ല\'\'. ഈ യുദ്ധത്തില്‍ ഇസ്രാഈല്‍ കൊന്നുകൂട്ടിയ സ്ത്രീകളും പിഞ്ചുപൈതങ്ങളും ജൂത ചട്ടമ്പി രാഷ്ട്രത്തെ ഒരു പ്രേതത്തെപ്പോലെ ഇനിയങ്ങോട്ടുള്ള ചരിത്രത്തില്‍ പിന്തുടരുകതന്നെചെയ്യും. ദീര്‍ യാസീന്‍ കൂട്ടക്കൊല, സാബ്റാ-ശാത്തില കൂട്ടക്കൊല, ഹിബ്രോണ്‍ കൂട്ടക്കൊല, 48 ലെയും 56 ലെയും 67 ലെയും 71 ലെയും യുദ്ധങ്ങള്‍ തുടങ്ങി ആ രാജ്യത്തിന്റെ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ കൂടുതല്‍ ഇരുള്‍ വീണ ഒരധ്യായം കൂടി. ഈ പുതിയ അധ്യായം, ഇപ്പോള്‍ കണ്ടതുപോലെ മുസ്ലിം ലോകത്ത് നുരഞ്ഞുപൊന്തുന്ന ഇസ്രാഈല്‍-അമേരിക്കന്‍ വിരുദ്ധ വികാരത്തെ കൂടുതല്‍ ആളിക്കത്തിക്കും. പുതിയ കാലഘട്ടത്തിലെ ഇസ്ലാമിക നവോത്ഥാന സംരംഭങ്ങളെ അത് വര്‍ദ്ധിച്ചതോതില്‍ വികസിപ്പിക്കും. 125 കോടി വരുന്ന ലോകത്തെ പ്രമുഖ മതവിഭാഗത്തെ പ്രകോപിപ്പിച്ചത് വിഡ്ഢിത്തമായിരുന്നുവെന്ന് ഇസ്ലാം വിരോധികള്‍ക്ക് വിരല്‍ കടിക്കേണ്ടിവരും. ഈ യുദ്ധത്തില്‍ ഹമാസ് തീര്‍ക്കുന്ന പ്രതിരോധങ്ങള്‍ വിജയിച്ചാലാവട്ടെ, അത് ഇസ്രാഈല്‍ എന്ന അധിനിവേശ രാഷ്ട്രത്തിന്റെ ശവപ്പെട്ടിയിലടിക്കുന്ന അവസാനത്തെ ആണിയായിരിക്കും. ഇസ്രാഈല്‍ രാഷ്ട്രപിതാവ് 'ഈ രാഷ്ട്രത്തിനു ഞാന്‍ അമ്പതുവര്‍ഷത്തെ ആയുസ്സ് ഉറപ്പു നല്‍കാം' എന്നല്ലേ പറഞ്ഞിട്ടുള്ളൂ.

1 comment:

  1. ""125 കോടി വരുന്ന ലോകത്തെ പ്രമുഖ മതവിഭാഗത്തെ പ്രകോപിപ്പിച്ചത് വിഡ്ഢിത്തമായിരുന്നുവെന്ന് ഇസ്ലാം വിരോധികള്‍ക്ക് വിരല്‍ കടിക്കേണ്ടിവരും." അങ്ങിനെ പറയാന്‍ സാധിക്കുമോ ? ലോകത്തെ ഇപ്പറഞ്ഞ കോടികളില്‍ എത്ര കൊടിയുന്ന്ടാവും സ്വന്തം അസ്തിത്വം എന്താണെന്ന് മനസിലാക്കിയവര്‍ ? ഇപ്പറഞ്ഞ കണക്ക് കോടികളില്‍ പത്തു ശതമാനം എങ്കിലും ഈ വികാരം ഉള്കൊണ്ടിരുന്നെന്കില്‍ എന്ന് ആഗ്രഹിച്ചു പോവുന്നു. സന്നാഹങ്ങള്‍ ഒരു പാടുള്ള രാജ്യങ്ങള്‍ ഇസ്ലാമിന്റെ പേരില്‍ ഷരീഅത്തു ഭരണം നടത്തുന്നുണ്ട് ,എന്തെ അവര്‍ക്ക് പറ്റിയത് ,എന്തെ ലോക മുട്ടാളനോട് അരുത് കാട്ടാളാ എന്ന് പതുക്കെ എങ്കിലും പറയാതിരുന്നത് , സ്വപനം കാണാന്‍ കഴിയും , വികാരം കൊള്ളാന്‍ കഴിയും എന്നാല്‍ തിന്മ , തെമടിതം കാട്ടുമ്പോള്‍ ലോക ശ്രദ്ധ ആകര്‍ഷിക്കാന്‍ ഒരു വാക്ക് പോലും ഉരിയാടത്ത അരബ് കുടവയറന്‍ ഭരണാധികാരികള്‍ .നേത്രത്വം കൊടുക്കുന്ന അറബു ജനതയില്‍ നിന്നും എന്താണ് താങ്കളെ പോലുള്ളവര്‍ പ്രതീക്ഷിക്കുന്നത് ?

    ReplyDelete